പൈപ്പ് പൊട്ടി വന്ന വെള്ളത്തിന്റെ ശക്തികൊണ്ട് സീലിംഗ് ഇളകിമാറി; പുതിയ സര്‍ജറി ബ്ലോക്കില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന മുറിയില്‍ ചോര്‍ച്ച; അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ സമയം ലഭിച്ചില്ലെന്ന് അധികൃതര്‍; കോട്ടയം മെഡിക്കല്‍ കോളേജിലെ കെടുകാര്യസ്ഥത വീണ്ടും വാര്‍ത്തകളില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ കെടുകാര്യസ്ഥത വീണ്ടും വാര്‍ത്തകളില്‍

Update: 2025-07-16 12:20 GMT

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സ്റ്റെറൈല്‍ സര്‍വീസ് വിഭാഗത്തില്‍ (സിഎസ്എസ്ഡി) 'അപ്രതീക്ഷിത വെള്ളപ്പൊക്കം'. മുകളിലത്തെ നിലയിലെ പൈപ്പുകള്‍ പൊട്ടിയതാണ് വെള്ളമെത്താന്‍ കാരണം. പഴയ സര്‍ജിക്കല്‍ ബ്ലോക്ക് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് സിഎസ്എസ് ഡിപ്പാര്‍ട്‌മെന്റ് കഴിഞ്ഞ ആഴ്ചയാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്. പല ഉപകരണങ്ങളിലും വെള്ളം വീണിട്ടുണ്ടെന്നറിയുന്നു. എസി ഉള്‍പ്പെടെയുള്ളവ ഓണാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്റ്റെറൈല്‍ ചെയ്തവ ഉള്‍പ്പടെയുള്ളവ വീണ്ടും അണുമുക്തമാക്കേണ്ടി വരുന്ന അവസ്ഥയിലാണ്.

സര്‍ജറി ബ്ലോക്കിന്റെ എ-വണ്‍ കെട്ടിടത്തിലെ മുകളിലെ നിലയില്‍ സിഎസ്ആര്‍ ബ്ലോക്കിലാണ് ചോര്‍ച്ചയുണ്ടായത്. പൈപ്പ് പൊട്ടി വന്ന വെള്ളത്തിന്റെ ശക്തികൊണ്ട് മുറിയിലെ സീലിംഗ് ഇളകിമാറി വെള്ളം താഴേക്കു വീഴുകയായിരുന്നു. ശസ്ത്രക്രിയ നടത്തുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന മുറിയാണിത്. കഴിഞ്ഞ ആഴ്ച ആശുപത്രിയിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്കു ജീവന്‍ നഷ്ടമായ സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിലേക് മാറിയത്. പെട്ടന്നുണ്ടായ പുതിയ ബ്ലോക്കിലേക്കുള്ള മാറ്റം പെട്ടന്നായതിനാല്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം ലഭിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

കെട്ടിടം നിര്‍മിക്കാനുള്ള സമയബന്ധിതമായി അനുവദിച്ചിരുന്ന കാലാവധിക്ക് മുന്നെയാണ് പുതിയ കെട്ടിടത്തിലേക് മാറിയത്. പൂര്‍ണ സജ്ജമായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംഭവം ഒഴിവാക്കാമായിരുന്നു. കരാറുകാരുടെ ചുമതലയാണിത്. ഇപ്പോഴുണ്ടായ കുറവുകള്‍ പരിഹരിച്ചു മുന്നോട്ട് പോകുമെന്നും സിപിഎം പ്രതിനിധി കെ ആര്‍ അനില്‍കുമാര്‍ സംഭവത്തില്‍ പ്രതികരിച്ചു. അരമണിക്കൂറിനുള്ളില്‍ പൈപ്പില്‍ അറ്റകുറ്റപണികള്‍ നടത്തി പ്രശ്‌നം പരിഹരിച്ചെന്ന് അധികൃതര്‍ പറയുന്നത്.

അനാസ്ഥ തുടര്‍ക്കഥ

ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് ഒരു ജീവന്‍ നഷ്ടമായിട്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനാസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കെട്ടിടം തകര്‍ന്ന വീണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മരിച്ചത്. ഈ ഇടിഞ്ഞ് വീണ ഭാഗത്തിന് സമീപം സ്ഥിതി ചെയ്യുന്ന പുതിയ ബ്ലോക്കിലാണ് സിംലീഗ് തകര്‍ന്ന് വെള്ളക്കെട്ടുണ്ടായത്. പുതിയ സര്‍ജറി ബ്ലോക്കിന്റെ എ വണ്‍ എന്ന കെട്ടിടത്തിലാണ് സി.എസ്.ആര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്.ഈ വിഭാഗം പ്രവര്‍ത്തിക്കുന്ന മുറിയുടെ മുകളിലത്തെ നിലയിലെ വാര്‍ഡുകളിലേക്കുള്ള വെള്ളം കടന്നു പോകുന്ന പൈപ്പ് പൊട്ടിയതാണ് വെള്ളക്കെട്ടിന് കാരണം.

വെള്ളം ശക്തമായി പുറത്തേയ്ക്ക് ഒഴുകിയതിനെ തുടര്‍ന്ന് സി.എസ്.ആര്‍ മുറിയുടെ സീലിംഗ് ഇളകി വെള്ളം മുറിയിലേക്ക് പതിക്കുകയായിരുന്നു. ആദ്യം ജീവനക്കാര്‍ വെള്ളം ബക്കറ്റില്‍ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സീലിംഗ് ഇളകി തകര്‍ന്ന് നിയന്ത്രണാതീതമായി വെള്ളംനിറഞ്ഞ് മുറിയില്‍ വലിയ വെള്ളക്കെട്ടുണ്ടാവുകയായിരുന്നു.

പുതിയ ബ്ലോക്കിലേക്ക് മാറിയിട്ടും രക്ഷയില്ല

പഴയ സര്‍ജറി ബ്ലോക്കിലാണ് 10 മുതല്‍ 15 വരെയുള്ള വാര്‍ഡുകളും പ്രധാന ശസ്ത്രക്രിയ തിയേറ്ററും സി.എസ്.ആര്‍ വിഭാഗവും പ്രവര്‍ത്തിച്ചിരുന്നത്. 14ാം വാര്‍ഡിന്റെ ടോയ്ലെറ്റ് ഭാഗം തകര്‍ന്ന് വീണായിരുന്നു ബിന്ദു മരിച്ചത്. തുടര്‍ന്ന്, 10,11,14 എന്നീ വാര്‍ഡുകളും സി.എസ്.ആര്‍ വിഭാഗവും പുതിയ സര്‍ജറി ബ്ലോക്കിലേക്ക് മാറ്റി. തിയേറ്റിന്റെ പ്രവര്‍ത്തനം പുതിയ ബ്ലോക്കില്‍ തുടങ്ങിയിട്ടില്ല. അത്യാഹിത വിഭാഗം കെട്ടിടത്തിലെ തിയേറ്ററിലാണ് നിലവില്‍ ശസ്ത്രക്രിയ നടക്കുന്നത്.മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റലും സിസ്റ്റര്‍മാര്‍ ഉള്‍പ്പെടെ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുമെല്ലാം തകര്‍ന്ന് വീഴാറായ സ്ഥിതിയിലാണ്.

കെട്ടിടങ്ങള്‍ 'വെന്റിലേറ്ററില്‍'

'വിദഗ്ധ ചികിത്സ' ആവശ്യമുള്ള ഒട്ടേറെ കെട്ടിടങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടെന്നാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടക്കം പറയുന്നത്. മെഡിക്കല്‍ കോളജിലെ എംബിബിഎസ്, ബിഫാം വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ചോര്‍ന്നോലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മഴപെയ്താല്‍ പാത്രം വെച്ചില്ലെങ്കില്‍ തെന്നിവീഴും, രണ്ടും കല്‍പിച്ചാണ് ഉറങ്ങാന്‍ കിടക്കുന്നത്, രാവിലെ പരുക്കുകളൊന്നുമില്ലാതെ എഴുന്നേല്‍ക്കുന്നത് ഭാഗ്യം കൊണ്ടാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മേല്‍ത്തട്ട് അടര്‍ന്നു വീണ് പരിക്കേല്‍ക്കുന്നതും സാധാരണമായി. 2 കെട്ടിടങ്ങളിലായി 300ല്‍ അധികം വിദ്യാര്‍ഥികള്‍ താമസിക്കുന്നുണ്ട്. ഭിത്തികളിലും ജനലുകളിലും അമര്‍ത്തിയാല്‍ പൊടിഞ്ഞു വീഴുമെന്നും അവര്‍ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനെതിരെയും കോളജ് അധികൃതര്‍ക്കുമെതിരെയും രൂക്ഷ വിമര്‍ശനമാണ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ നടത്തിയത്. 1970കളില്‍ പണിത ആദ്യ ബ്ലോക്കില്‍ കാലപ്പഴക്കം മൂലമുണ്ടായ ശോച്യാവസ്ഥയാണെങ്കില്‍ 15 വര്‍ഷം മുന്‍പ് നിര്‍മിച്ച ബ്ലോക്കിലുള്ളത് നിര്‍മാണത്തിലുള്ള അഴിമതിയും അനാസ്ഥയുമാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഹോസ്റ്റലിന്റെ മുന്‍പില്‍ ക്ലോസറ്റുള്‍പ്പെടെയുള്ള കെട്ടിടാവശിഷ്ടങ്ങളും മാലിന്യങ്ങളും കൂട്ടിയിച്ചിരിക്കുന്നത് ഏറ്റവും വലിയതെളിവാണ് അവര്‍ പറഞ്ഞു. ''ശുചിമുറികളെല്ലാം ചോര്‍ന്നൊലിക്കുന്നു. ഇവിടുത്തെ മലിന ജലമാണ് ഭിത്തികളിലൂടെ പനച്ചിറങ്ങുന്നത്. ചിലപ്പോള്‍ മുകളിലത്തെ നിലയിലെ ശുചിമുറികളിലെ മലിനജലം തുള്ളിയായി താഴത്തെ ശുചിമുറിയില്‍ കയറിയിരിക്കുന്നവരുടെ ദേഹത്തു വീഴാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Tags:    

Similar News