കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പൊട്ടിത്തെറി; വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായി ടി സിദ്ദിഖ് എംഎല്‍എ; മരിച്ചവരില്‍ ഒരാള്‍ വയനാട് കോട്ടപ്പടി സ്വദേശി നസീറ; പുക ഉയര്‍ന്നപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനിടെ മരണം; പൊട്ടിത്തെറി ഉണ്ടായത് അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന യുപിഎസ് മുറിയില്‍; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പൊട്ടിത്തെറി; വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായി ടി സിദ്ദിഖ് എംഎല്‍എ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയിലും പുകയിലും വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചതായി ടി. സിദ്ദിഖ് എം.എല്‍.എ. വയനാട് കല്‍പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചെന്നാണ് എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞത്.
പുക ഉയര്‍ന്ന സമയത്ത് വെന്റിലേറ്ററില്‍ നിന്ന് നസീറയുമായി ഓടുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നാം വാര്‍ഡിലാണ് നിലവില്‍ മൃതേദഹമുള്ളത്. നസീറയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചെന്നും സിദ്ദീഖ് അറിയിച്ചു. നസീറ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്നു. വെന്റിലേറ്ററില്‍ നിന്നും മാറ്റുന്നതിനിടെയാണ് മരണം എന്ന് ബന്ധുക്കള്‍ പറഞ്ഞു
അതിനിടെ, അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് മൂന്നു പേര്‍ മരിച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിക്കുന്നത്. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍, മേപ്പയൂര്‍ സ്വദേശി ഗംഗാധരന്‍ എന്നിവരാണ് മരിച്ചത്. പൊട്ടിത്തെറി നടക്കുമ്പോള്‍ ഈ മൂന്നു പേരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അത്യാഹിത വിഭാഗം ബ്ലോക്കില്‍ കഴിഞ്ഞിരുന്ന 34 രോഗികളെയാണ് സമീപ പ്രദേശത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. മിംസ് ആശുപത്രി-3, ബീച്ച് ആശുപത്രി-12, ബേബി മെമ്മോറിയല്‍ ആശുപത്രി -6, സ്റ്റാര്‍ കെയര്‍ ആശുപത്രി - 2, കോഓപറേറ്റീവ് ആശുപത്രി - 1, നിര്‍മല ആശുപത്രി-2, ഇഖ് റ ആശുപത്രി -2 വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം.
രാത്രി 8 മണിയോടെ ആണ് അപകടം ഉണ്ടായത്. അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് യുപിഎസ് റൂമില്‍ പുക കണ്ടതിനെ തുടര്‍ന്ന് രോഗികളെ അവിടെ നിന്നും ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ പുറത്തേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ നഗരത്തിലെ എല്ലാ ആംബുലന്‍സുകളും മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചിട്ടുണ്ട്.
ക്യാഷ്വാലിറ്റിയില്‍ നിന്ന് പുക വലിച്ചു എടുക്കുകയും ഈ ബ്ലോക്ക് മുഴുവനും ഒഴിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയന്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് പറഞ്ഞു. നിലവില്‍ ആശുപത്രിയിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗികളെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. എല്ലാ സൗകര്യങ്ങളും അവിടെ അവിടെ ഒരുക്കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാന്‍ സാധിക്കാത്തവിധം പുക പടര്‍ന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്ടര്‍മാരും നഴ്സുമാരും സ്ഥിരീകരിക്കുന്നു. അപകടത്തിന് കാരണം ഷോര്‍്ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ, അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീല്‍ ചെയ്തു. അപകടം ഉണ്ടായ ബ്ലോക്ക് ആണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂ. അതേസമയം, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.
അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി
അതേസമയം സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശിച്ചു. അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.
(സഹായങ്ങള്‍ക്കായി വിളിക്കുക: 9188920765 - മെഡിക്കല്‍ കോളേജ് ഹെല്‍പ് ഡെസ്‌ക് നമ്പര്‍)