ശ്വാസകോശത്തില്‍ പുകയുടെ സാന്നിധ്യം കണ്ടെത്താനായില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടിത്തത്തില്‍ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ഇനി പുറത്തുവരാനുള്ളത് രണ്ടുപേരുടെ കൂടി റിപ്പോര്‍ട്ട്
മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണം പുക ശ്വസിച്ചല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മേപ്പയൂര്‍ നിടുമ്പൊയില്‍ സ്വദേശി ഗംഗാധരന്‍, വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നിട്ടുള്ളത്. ഇവര്‍ നേരത്തെ തന്നെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകളായിരുന്നു. ശ്വാസകോശത്തില്‍ പുകയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കു അയക്കും. മൂന്നുപേരും വിവിധ രോഗങ്ങള്‍ക്കു ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ്.
കാന്‍സര്‍, ലിവര്‍ സിറോസിസ്, ന്യുമോണിയ എന്നീ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണിവര്‍. വിഷം കഴിച്ചതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന ഒരാളുടെയും തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തിയ ഒരാളുടെയും കൂടെ റിപ്പോര്‍ട്ട് പുറത്തു വരാനുണ്ട്.
വെന്റിലേറ്റര്‍ നീക്കം ചെയ്തതും പുക ശ്വസിച്ചതുമാണ് മരണകാരണമെന്നു മരിച്ചവരുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഇതില്‍ രണ്ടു മരണങ്ങളില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സമിതിയെ നിയോഗിച്ച് വിശദമായ പഠനം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മെഡിക്കല്‍ കോളേജിലെ പിഎംഎസ്എസ്വൈ ബ്ലോക്ക് അത്യാഹിതവിഭാഗത്തില്‍ എംആര്‍ഐ യൂണിറ്റിന്റെ യുപിഎസില്‍ (ബാറ്ററി യൂണിറ്റ്) ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഭയനകമായ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടാവുകയും പുകപടലം ഉയരുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി 7.45-ഓടെ താഴത്തെ നിലയിലാണ് പുക ഉയര്‍ന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിലും അസ്വാഭാവിക മരണത്തിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. മരണം വിശദമായി അന്വേഷിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.