പരിശോധന പൂര്‍ത്തിയാകാത്ത ബ്ലോക്കിലും രോഗികള്‍; വീണ്ടും പുക ഉയര്‍ന്നപ്പോള്‍ ഒഴിപ്പിച്ചത് 35 പേരെ; കെട്ടിടത്തിന്റെ നിര്‍മാണത്തിലടക്കം അപാകത; സുരക്ഷ ഉറപ്പാക്കാതെ എന്തിന് രോഗികളെ മാറ്റിയെന്ന് പ്രതിഷേധക്കാര്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിലേത് ഗുരുതര വീഴ്ച
കോഴിക്കോട് മെഡിക്കല്‍ കോളേജിലേത് ഗുരുതര വീഴ്ച
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തില്‍ വീണ്ടും പുക ഉയര്‍ന്നതില്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആരോപണം. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപ്പറേഷന്‍ തിയറ്ററുകളടക്കം പ്രവര്‍ത്തിക്കുന്ന ആറാം നിലയിലാണ് ഇന്ന് പുക ഉയര്‍ന്നത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധനക്കിടെയാണ് പുക ഉയര്‍ന്നത്. സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസും മുസ്ലീം ലീഗും രംഗത്തെത്തി. കെട്ടിടത്തിന്റെ നിര്‍മാണത്തിലടക്കം അപാകതയുണ്ടെന്ന സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വിശദമായ പരാതി നല്‍കുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുവന്നു.
പുക ഉയര്‍ന്ന സംഭവത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാതെ എന്തിന് രോഗികളെ മാറ്റിയെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ആറാംനിലയിലെ ഒടി ബ്ലോക്കില്‍നിന്നാണ് പുക ഉയര്‍ന്നത്. ഇതേ ബ്ലോക്കിലെ മൂന്നും നാലും നിലകളില്‍നിന്നാണ് രോഗികളെ ഒഴിപ്പിച്ചത്. നേരത്തെയും പുക ഉയര്‍ന്ന ഈ ബ്ലോക്കില്‍ പരിശോധന പൂര്‍ത്തിയാകാതെ രോഗികളെ പ്രവേശിപ്പിക്കില്ല എന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഇന്ന് പുക ഉയര്‍ന്നപ്പോള്‍ ഇതേ ബ്ലോക്കില്‍ നിന്ന് 35 പേരെയാണ് ഒഴിപ്പിച്ചത്.
സുരക്ഷാ പരിശോധന പൂര്‍ത്തിയാകാത്ത ബ്ലോക്കില്‍ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും രോഗികള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് പരിഭ്രാന്തി പടര്‍ന്നിരുന്നു. പിന്നാലെ രോഗികളെ സുരക്ഷിതരായി പുറത്തെത്തിക്കുകയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഈ ബ്ലോക്കില്‍ പരിശോധനകള്‍ പൂര്‍ത്തിയാകാതെയും വേണ്ട സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പുവരുത്താതെയും രോഗികളെ പ്രവേശിപ്പിക്കില്ല എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനായി 10 ദിവസമെങ്കിലും വേണ്ടിവരും എന്നുപറഞ്ഞ ബ്ലോക്കില്‍നിന്നാണ് ഇന്ന് പുക ഉയര്‍ന്നപ്പോള്‍ 35 പേരെ ഒഴിപ്പിച്ചത്. അഗ്‌നിശമന സേന എത്തിയാണ് പുക ശമിപ്പിച്ചിത്. പുകയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അതേസമയം, വെള്ളിയാഴ്ച പുക ഉയര്‍ന്ന സമയത്ത് റിപ്പോര്‍ട്ട് ചെയ്ത അഞ്ചുപേരുടെ മരണം പുക ശ്വസിച്ചതുമൂലമല്ല എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന പൂര്‍ത്തി മുന്‍പ് എന്തിന് രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയെന്നതിലും അവ്യക്തത നിലനില്‍ക്കുകയാണ്. പരിശോധന പൂര്‍ത്തിയായശേഷം മാത്രമേ രോഗികളെ മാറ്റൂവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞപ്പോള്‍ രോഗികളെ മാറ്റിയതായി സൂപ്രണ്ടിന്റെ അറിയിപ്പ് എത്തി. ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും പരസ്പര വിരുദ്ധമായി മറുപടി പറയുന്നത് എന്തിനാണെന്ന ചോദ്യവും ബാക്കിയാണ്. പരിശോധനയ്ക്കിടെയാണ് പുക ഉയര്‍ന്നത് എന്ന വാദത്തിലും സംശയമുണ്ടെന്നും അങ്ങനെയെങ്കില്‍ ബെഡ് ഉള്‍പ്പെടെ ആശുപത്രി ഉപകരണങ്ങള്‍ എങ്ങനെ കത്തി നശിച്ചുവെന്നുമുള്ള ചോദ്യവും ഉയരുന്നുണ്ട്.
വീണ്ടും പുക ഉയര്‍ന്ന സംഭവത്തില്‍ ഇതുവരെയും അധികൃതര്‍ക്ക് കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ ബ്ലോക്കിന്റെ കെട്ടിട നിര്‍മ്മാണത്തിലെ അപാകതയും വയറിങ്ങിലെ അപാകതയും വെളിവാക്കുന്നതാണ് പുതിയ സംഭവമെന്ന ആരോപണവും ഉയരുന്നുണ്ട്. അത്യാഹിത വിഭാഗവും സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗവും ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഓവര്‍ലോഡ് ആണോ തീപിടുത്തത്തിലേക്ക് തുടര്‍ച്ചയായി നയിക്കുന്നതെന്ന സംശയവും ഉയരുന്നുണ്ട്.
വീണ്ടും പുക ഉയര്‍ന്ന സംഭവത്തിന് പിന്നാലെ കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധവുമായി മുസ്ലീം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാതെ എന്തിന് രോഗികളെ മാറ്റിയെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവര്‍ക്ക് പണം നല്‍കാതെയിരിക്കാന്‍ നിര്‍ബന്ധിച്ച് തിരികെ കൊണ്ടു വന്നോയെന്ന് സംശയമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ. എം അഭിജിത് ആരോപിച്ചു. പ്രതിഷേധക്കാര്‍ ആശുപത്രിയുടെ അകത്തേക്ക് തള്ളിക്കയറിയെങ്കിലും സുരക്ഷ ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസെത്തി പ്രതിഷേധക്കാരെ പുറത്താക്കി. ഇന്ന് ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു ആറാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്. തീപിടിച്ച് ഒരു തിയറ്റര്‍ ബെഡ് കത്തിനശിച്ചു.