ഹരിതഗൃഹ വാതകങ്ങള്‍ പുറത്തു വിടാത്തതിനാല്‍ തോറിയം ശുദ്ധമായ ഊര്‍ജ്ജരൂപം; യുറേനിയം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തെ തല്‍കാലം സിപിഎം പിന്തുണയ്ക്കില്ല; ആണവ നിലയങ്ങളില്‍ കെ എസ് ഇ ബി ആവശ്യം പിണറായി അംഗീകരിക്കില്ല; കേരളം ആണവ നിലയത്തില്‍ രണ്ടു തട്ടില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 5 വര്‍ഷത്തിനകം 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആണവനിലയങ്ങള്‍ അനിവാര്യമെന്ന നിലപാടില്‍ കെഎസ്ഇബി. സുരക്ഷിതമായ സ്‌മോള്‍ മോഡുലര്‍ റിയാക്ടറുകള്‍ (എസ്എംആര്‍) സ്ഥാപിക്കാമെന്നാണ് ശുപാര്‍ശ. വിവാദം ഭയന്ന് സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുന്നില്ലെന്നതാണ് വസ്തുത. ഇടതു പക്ഷത്ത് പോലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം 2 മാസം മുന്‍പ് കെഎസ്ഇബി ഇതുസംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തീരുമാനം വൈകുന്നതില്‍ കെ എസ് ഇ ബിയ്ക്ക് ആശങ്കയുണ്ട്. എന്നാല്‍ ഈ വിഷയം ഉടന്‍ സര്‍ക്കാര്‍ പരിഗണിക്കില്ല. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇടതു മുന്നണിയില്‍ വിവാദമുണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിക്കുന്നില്ല.
സംസ്ഥാനത്ത് ആണവനിലയങ്ങള്‍ ആരംഭിക്കാന്‍ സഹകരിക്കാമെന്നറിയിച്ച് കണ്‍സല്‍റ്റന്‍സി നല്‍കിയ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ കെഎസ്ഇബിയുടെ അഭിപ്രായം തേടിയത്. ആണവനിലയങ്ങള്‍ അനിവാര്യമാണെന്നാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നിലപാട്. ജലവൈദ്യുതിയും പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളും മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാനാകില്ല, പരിസ്ഥിതിപ്രശ്‌നം മൂലം കല്‍ക്കരി പ്ലാന്റുകള്‍ വൈകാതെ പ്രവര്‍ത്തനം നിര്‍ത്തിയേക്കാം എന്നീ കാരണങ്ങളാല്‍ കേരളത്തിനു സ്വന്തം ആണവ പ്ലാന്റ് വേണമെന്നാണ് കെഎസ്ഇബി നിലപാട്.
തോറിയം അധിഷ്ഠിത നിലയം സ്ഥാപിച്ചാല്‍ കേരളം സഹകരിക്കാമെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. കേരള തീരത്ത് സുലഭമായ മോണസൈറ്റ് ധാതുശേഖരത്തില്‍ തോറിയമുണ്ട്. തോറിയത്തെ പല ആണവ പ്രവര്‍ത്തനങ്ങളിലൂടെ യുറേനിയം233 ആക്കി മാറ്റിയശേഷമാണ് ഉപയോഗിക്കേണ്ടത്. തല്‍ക്കാലം യുറേനിയം 235 ഇന്ധനമാക്കിയുള്ള നിലയം സ്ഥാപിക്കുക മാത്രമാണ് കേരളത്തിന് മുന്നിലുള്ള ഇപ്പോഴത്തെ മാര്‍ഗ്ഗം. യുറേനിയത്തെ കൊണ്ടു വരുന്നതിനെ സിപിഎം അനുകൂലിക്കാന്‍ സാധ്യതയില്ല. തോറിയം ഉപയോഗിച്ച് നേരിട്ട് വൈദ്യുത ഉത്പാദനം സാധ്യമല്ല. ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടാത്തതിനാല്‍ ശുദ്ധമായ ഊര്‍ജ്ജരൂപമായാണ് തോറിയത്തെ പരിഗണിക്കുന്നത്.
സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് അറിയിച്ചിരുന്നു. 150 ഏക്കര്‍ സ്ഥലംവേണം. കാസര്‍കോട്ടെ ചീമേനിയാണ് അനുയോജ്യസ്ഥലമെന്നും വിലയിരുത്തിയിരുന്നു. ആണവ വൈദ്യുതനിലയത്തിനായി സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍, മുന്‍പ് ഊര്‍ജവകുപ്പും വൈദ്യുതിബോര്‍ഡും പദ്ധതിനിര്‍ദേശവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. തൃശ്ശൂരിലെ അതിരപ്പിള്ളിയും കാസര്‍കോട്ടെ ചീമേനിയുമാണ് ബോര്‍ഡ് നിര്‍ദേശിച്ചത്.
ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ആണവോര്‍ജ കോര്‍പ്പറേഷനുമായി കെ.എസ്.ഇ.ബി. മുന്‍ ചെയര്‍മാന്‍ ബിജു പ്രഭാകര്‍ നേരത്തേ ചര്‍ച്ചനടത്തിയിരുന്നു. 220 മെഗാവാട്ടിന്റെ രണ്ടുനിലയങ്ങളില്‍നിന്നായി 440 മെഗാവാട്ട് ഉത്പാദിപ്പിക്കുകയാണ് കെ.എസ്.ഇ.ബി.യുടെ ലക്ഷ്യം. 7000 കോടി ചെലവുവരും. ഇതിന്റെ 60 ശതമാനം കേന്ദ്രം നല്‍കണമെന്നും കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരുന്നു. അംഗീകാരമായാല്‍ 10 വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് കണക്കുകൂട്ടല്‍.
ദിവസം 70 ദശലക്ഷം യൂണിറ്റാണ് കേരളത്തിന്റെ ശരാശരി വൈദ്യുത ഉപയോഗം. ഇതില്‍ 20 ദശലക്ഷം യൂണിറ്റ് മാത്രമാണ് ജലവൈദ്യുതിയിലൂടെ കണ്ടെത്തുന്നത്. ബാക്കി മറ്റ് മാര്‍ഗങ്ങളിലൂടെ കണ്ടെത്തുകയാണ് കെ.എസ്.ഇ.ബി ചെയ്യുന്നത്. സോളാര്‍ വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ടെങ്കിലും സ്റ്റോറേജ് സംവിധാനങ്ങള്‍ക്ക് വലിയ തുകയാണ് വേണ്ടിവരുന്നത്. തുടര്‍ന്നാണ് കേരളം ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിച്ചത്. കെ.എസ്.ഇ.ബി.യുടെ ആകെ ചെലവില്‍ 15,000 കോടിയും ചെലവിടുന്നത് വൈദ്യുതി വാങ്ങാനാണ്.
ലോകത്തിലെ ആകെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. ഇതില്‍ കൊല്ലം ചവറയിലും സമീപപ്രദേശങ്ങളിലുമായി രണ്ട് ലക്ഷം ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്ക്. ആകെ നിക്ഷേപത്തിന്റെ 30 ശതമാനമാണ് കേരളത്തിലുള്ളത്. കായംകുളത്ത് എന്‍.ടി.പി.സിയുടെ 1,180 ഏക്കര്‍ സ്ഥലത്ത് 600 ഏക്കറില്‍ തോറിയം നിലയം സ്ഥാപിക്കാനാകുമോ എന്നും പരിശോധിച്ചിരുന്നു. തമിഴ്നാട്ടിലെ കല്‍പ്പാക്കത്ത് ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) വികസിപ്പിച്ച തോറിയം അധിഷ്ഠിത വൈദ്യുതനിലയത്തിന്റെ മാതൃകയില്‍ കേരളത്തിലും വൈദ്യുത ഉത്പാദനം ആരംഭിക്കാനാണ് ആലോചന.
കല്‍പ്പാക്കം നിലയത്തിലെ അഡ്വാന്‍ഡ്സ് ഹെവി വാട്ടര്‍ റിയാക്ടര്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തോറിയം നിലയങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. തോറിയത്തിന്റെ നിലവാരം, സുരക്ഷ, ചെലവ് തുടങ്ങിയ കാര്യങ്ങളില്‍ നടത്തിയ പരിശോധനകള്‍ അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്.