വെല്‍ഡണ്‍ ഗണേഷ് കുമാര്‍! കരകയറാനുള്ള കരുത്തുണ്ടെന്ന് വീണ്ടും തെളിയിച്ച് ആനവണ്ടിയുടെ എട്ടാം തീയതിയിലെ ഓട്ടം; പരമാവധി വണ്ടികള്‍ ഓടിച്ചാല്‍ രക്ഷപ്പെടാമെന്ന പഴയ തച്ചങ്കരി ഫോര്‍മുലയില്‍ വീണ്ടും കുതിപ്പ്; ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം: തിങ്കളാഴ്ച ഒറ്റദിനം നേടിയത് 10.19 കോടി
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) കൈവരിച്ചു. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി കെഎസ്ആര്‍ടിസി നേടിയത്. ഓണാവധി കഴിഞ്ഞ് വിവിധ ഇടങ്ങളിലേക്ക് മടങ്ങാന്‍ മലയാളി കെ എസ് ആര്‍ ടി സിയെ ആശ്രയിച്ചതിന് തെളിവാണ് ഇത്. പരമാവധി ബസുകള്‍ ഓടിച്ച് നേട്ടമുണ്ടാക്കുകയാണ് കെ എസ് ആര്‍ ടി സി.
മുന്‍പ് 2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോള്‍ മറികടന്നത്. 14.09.2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സര്‍വ്വകാല റെക്കോഡ്. 4607 ബസ്സുകള്‍ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. ഇത് മുന്‍ റക്കോഡ് വരുമാനം നേടിയ 23.12.2024 ല്‍ 4567 ആയിരുന്നു.
മുമ്പ് ടോമിന്‍ തച്ചങ്കരി കെ എസ് ആര്‍ ടി സിയുടെ എംഡിയായിരുന്നപ്പോള്‍ പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഫലവും കിട്ടി. എന്നാല്‍ മന്ത്രിതല പിന്തുണ തച്ചങ്കരിയ്ക്കുണ്ടായിരുന്നില്ല. ഒതുക്കിയിട്ടിരുന്ന ബസുകളെല്ലാം പരമാവധി കുഴപ്പങ്ങള്‍ പരിഹരിച്ച് നിരത്തിലിറക്കാനായിരുന്നു തച്ചങ്കരിയുടെ ശ്രമം. മന്ത്രിയായി കെബി ഗണേഷ് കുമാര്‍ എത്തുമ്പോള്‍ ഇത് നടന്നു. ഇതിനൊപ്പം പുതിയ ബസുകളും എത്തി. ഇതോടെ പരമാവധി ബസുകളെ നിരത്തിലിറക്കാന്‍ ഓണക്കാലത്ത് കെ എസ് ആര്‍ ടി സിയ്ക്ക് കഴിഞ്ഞു. ഇതിനൊപ്പം ആനവണ്ടിയെ ജനങ്ങളിലേക്ക് എത്തിക്കാന്‍ പലവിധ പ്രചാരണവും ഗണേശ് നടത്തി. മോഹന്‍ലാല്‍ അടക്കം ഇതിന്റെ ഭാഗമായി.
അങ്ങനെ കരകയറാനുള്ള കരുത്തുണ്ടെന്ന് കെ എസ് ആര്‍ ടി സി തെളിയിക്കുകയാണ്. ജീവനക്കാരുടെയും, സൂപ്പര്‍വൈസര്‍മാരുടെയും, ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനായതെന്ന് കെഎസ്ആര്‍ടിസി പറയുന്നു. ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്‌ക്കരണ നടപടികളും, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ കരുത്തുറ്റ നേതൃത്വവും, ജീവനക്കാരുടെ അര്‍പ്പണ ബോധവും ഈ വലിയ മുന്നേറ്റത്തിന് നിര്‍ണായകമായി എന്നും വിശദീകരിക്കുന്നു.
പുതിയ ബസുകളുടെ വരവും, സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, സമര്‍പ്പിതമായി പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരോടും,കെഎസ്ആര്‍ടിസിയോട് വിശ്വാസ്യത പുലര്‍ത്തിയ യാത്രക്കാരോടും, പിന്തുണ നല്‍കിയ ഓരോരുത്തരോടും കെഎസ്ആര്‍ടിസിയുടെ പേരില്‍ നന്ദി അറിയിക്കുന്നതായി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.