പ്രണയം കെഎസ്ആര്‍ടിസിയോട്..! ഒടുവില്‍ ജീവിതസഖിയെ കിട്ടിയതും ആനവണ്ടിയില്‍ നിന്ന്; പ്രണയ സാഫല്യത്തിന് സാക്ഷിയായും കെഎസ്ആര്‍ടിസി; അമലും അഭിജിതയും വിവാഹത്തില്‍ വ്യത്യസ്തരാകുമ്പോള്‍
പ്രണയം കെഎസ്ആര്‍ടിസിയോട്..!
തിരുവനന്തപുരം: രണ്ട് പേര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതില്‍ എന്താണ് ഇതിലും വലിയ വാര്‍ത്ത എന്നല്ലേ. ചിലപ്പോള്‍ ആ വിവാഹത്തില്‍ വേണ്ടപ്പെട്ടവര്‍ക്കൊപ്പം അത്രമേല്‍ പ്രിയപ്പെട്ട് മറ്റെന്തിലും ഉണ്ടെങ്കിലും അതും വാര്‍ത്തയാണ്. തിരുവനന്തപുരം സ്വദേശി അമലിന്റെ വിവാഹം വാര്‍ത്തകളില്‍ ഇടംപിടിച്ചത് അദ്ദേഹത്തിന്റെ കെഎസ്ആര്‍ടിസി ബസുകളോടുള്ള പ്രണയം കൊണ്ട്. പഠനകാലം മുതല്‍ ആനവണ്ടിയെ പ്രണയിച്ച അമലിന് ജീവിത സഖിയെ ലഭിച്ചതും ആനവണ്ടിയില്‍ നിന്നു തന്നെയാണ്.
പ്രണയ സാഫല്യത്തിനൊടുവില്‍ വിവാഹ ദിനത്തില്‍ എല്ലാത്തിനും സാക്ഷിയാകാന്‍ അമലിന്റെ പ്രിയപ്പെട്ട കെഎസ്ആര്‍ടിസി ബസെത്തി. പഠിക്കുന്ന കാലത്ത് അരുണ്‍ നിവാസില്‍ സി. കെ നിത്യാനന്ദന്‍ എസ് ഗീതാമണി ദമ്പതികളുടെ ഇളയ മകനായ അമല്‍ ബാലു നിരന്തരം നിവേദനം നല്‍കി നേടിയതാണ് അണപ്പാട്-ചീനിവിള വഴി തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ്. ആനവണ്ടിയോടുള്ള ഇഷ്ടം കൊണ്ടാണ് അമല്‍ ഇതിന് മുന്‍കൈയെടുത്ത് ഇറങ്ങിയത്.
കുട്ടികാലം മുതല്‍ കെഎസ്ആര്‍ടിസി ബസിനോടുള്ള ഇഷ്ടം പില്‍ക്കാലത്തുള്ള എല്ലാ യാത്രകള്‍ക്കും കെഎസ്ആര്ടിസി ബസിനെ തന്നെ ആശ്രയിച്ച് ആണ്. പഠനത്തിനും പിന്നീട് ജോലിക്കും ഒക്കെ യാത്ര ബസില്‍ തന്നെ. ചീനിവുള്ള നിവാസികള്‍ക്ക് രാവിലെ തിരുവനന്തപുരത്തേക്ക് ഓഫീസ്, സ്‌കൂള്‍ ആശുപത്രി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഇത് മനസ്സിലാക്കി അമല്‍ മാറനല്ലൂര്‍ ,ചീനിവിള മലയിന്‍കീഴ് പേയാട് വഴി തിരുവനന്തപുരത്തേക്ക് ബസ് എന്ന ആശയം അധികൃതരുമായി പങ്കു വച്ചു. ഒടുവില്‍ ഈ സ്വപ്നം സാക്ഷാത്കരിച്ചു. അമല്‍ ഉള്‍പ്പെടെ നഗരത്തിലേക്ക് പോകുകയും മടങ്ങി വരികയും ചെയ്യുന്നവര്‍ക്ക് ഈ ബസ് റൂട്ട് ഏറെ ഉപകാരപ്രദമായി.
ഈ ബസ്സിലെ മുന്‍ സീറ്റിലെ യാത്രക്കാരി ആണ് ഇന്നി അഖിലിന്റെ മുന്നോട്ടുള്ള ജീവിതത്തില്‍ പങ്കാളി. അമല്‍ ബാലുവും തിനക്കോട്ടുകോണം, രാധാ ഭവനില്‍ ശ്രീകുമാരന്‍ എ. ശ്രികുമാരി ദമ്പതികളുടെ മകള്‍ അഭിജിത. എസ്.എസ്സും ആണ് ചെങ്കല്‍ ക്ഷേത്ര സന്നിധിയില്‍ ഇഷ്ട വാഹനത്തെയും തങ്ങളുടെ ഇഷ്ടം മൊട്ടിട്ട ബസിനെയും സാക്ഷിയാക്കി വരണമാല്യം ചാര്‍ത്തി ജീവിതം തുടങ്ങി.
ചെങ്കല്‍ ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം മാറനല്ലൂര്‍ ദേവഗിരി ആഡിറ്റോറിയത്തില്‍ മറ്റു ചടങ്ങുകള്‍ നടന്നു. ഇവിടെയും അമലിന്റെ പ്രിയ ബസായ ആര് എന്‍ ഈ 522 കെഎസ്ആര്‍ടിസി ബസ് കാവലായി എത്തി. ഡ്രൈവര്‍ അശോകന്‍ കണ്ടക്ടര്‍ സത്യ ദാസ് എന്നിവരാണ് അമലിന്റെ പ്രിയ ബസുമായി വിവാഹം കൂടാന്‍ എത്തിയത്. ഇതേ കെഎസ്ആര്‍ടിസി സ്ഥിരം യാത്രക്കിടെ ആണ് വഴുതക്കാട് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എസ് ആര്‍ ഒ ആയ അഭിജിതയും, രാജധാനി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ബ്രാഞ്ച് ഇന്ദ്രപുരി രാജധാനി സിനിയര്‍ എഫ് ഒ എ ആയ അമലും കണ്ടു മുട്ടിയതും സുഹൃത്തുകളായതും. മനസില്‍ മൊട്ടിട്ട പ്രണയം ഇരുവരും വീട്ടില്‍ അവതരിപ്പിച്ചു ഒടുവില്‍. തങ്ങളുടെ ഇഷ്ട വാഹനത്തെ സാക്ഷിയായി ഒരുമിച്ചുള്ള യാത്ര തുടങ്ങി.
കെഎസ്ആര്‍ടിസിയെ കൂടുതല്‍ ജനകീയമാക്കാന്‍ അമല്‍ സമൂഹ്യമമാധ്യമങ്ങളെയും പ്രയോജനപെടുത്തുന്നുണ്ട്. കെഎസ്ആര്ടിസി ലവേഴ്‌സ് ഫോറം, കെഎസ്ആര്‍ടിസി ഫ്ഫ്രണ്ട്‌സ്, ഫ്രെണ്ട്‌സ് ഓഫ് കെഎസ്ആര്ടിസി, കെഎസ്ആര്‍ടിസി പാസഞ്ചേഴ്‌സ് ഫോറം, കെഎസ്ആര്ടിസി സോഷ്യല്‍ മീഡിയ സെല്‍ തുടങ്ങി നിരവധി ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുകയും കെഎസ്ആര്‍ടിസിയുടെ നെയിംബോര്‍ഡുകളും അതിന്റെ അലങ്കാരങ്ങളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും അമലിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട് . കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് പുറപ്പെടുന്ന ബസ്സും ബസ് നമ്പറും റൂട്ടും ഷെഡ്യൂളും സമയവുമൊക്കെ ഏതു നിമിഷം ചോദിച്ചാലും ഒരിടത്തും നോക്കാതെ പറയാന്‍ അമലിനാകും.
വിവാഹത്തിന് വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നവരും, റെസിഡന്‍സ് അസോസിയേഷനുകളും സംഘടകളും ഉല്ലാസായത്രകള്‍ സംഘടിപ്പിക്കുമ്പോഴും രാഷ്ട്രീയ കക്ഷികള്‍ അവരുടെ സംഘടന യാത്രകള്‍ സംഘടിപ്പിക്കുമ്പോഴും യാത്ര കെഎസ്ആര്ടിസി ബസില്‍ ആകണമെന്നാണ് അമലിന്റെ അഭിപ്രായം.