ഞങ്ങള്‍ ഫുള്‍ സെറ്റാണ്, യാത്ര ചെയ്യാന്‍ നിങ്ങളോ? കെഎസ്ആര്‍ടിസിയുടെ മുഖംമിനുക്കാന്‍ 100 പുതിയ ബസുകള്‍; ഓണത്തിന് മുമ്പ് ഓടിത്തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി; കിടന്ന് യാത്ര ചെയ്യാവുന്ന വോള്‍വോയുടെ ബസും; ഡിസൈന്‍ തയാറാക്കിയത് ഗണേഷ് കുമാറിന്റെ മകന്‍
പുതിയ 164 ബസ് ഈ മാസം പുറത്തിറക്കാന്‍ കെഎസ്ആര്‍ടിസി
തിരുവനന്തപുരം: പുത്തന്‍ ബസുമായി ഓണക്കാലത്തെ യാത്ര അടിപൊളിയാക്കാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങി. ബിഎസ് 6 വിഭാഗത്തിലുള്ള നൂറ്റിനാല്‍പ്പതോളം ബസുകളാണ് ഓണത്തിനുമുമ്പ് നിരത്തിലിറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഓഫ് ചെയ്യും. കെഎസ്ആര്‍ടിസിക്ക് 2019 നുശേഷം ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ലിങ്ക് ബസുകള്‍ എന്നിവ ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തുടര്‍വര്‍ഷങ്ങളിലും ബസുകള്‍ വാങ്ങിയിരുന്നെങ്കിലും അവ കെഎസ്ആര്‍ടിസി സ്വിഫ്റ്റിനാണ് നല്‍കിയിരുന്നത്. ഇത്തവണ സ്വിഫ്റ്റിലും ബസുകള്‍ ലഭിക്കും. എസി സീറ്റര്‍ കം സ്ലീപ്പര്‍, എസി സ്ലീപ്പര്‍, എസി സീറ്റര്‍ എന്നീ മൂന്നുവിഭാഗത്തിലാണ് ബസുകള്‍. ദേശീയപതാകയുടെ കളര്‍ തീമില്‍ ഒരുക്കിയ ബോഡിയില്‍ കഥകളി ചിത്രം ആലേഖനം ചെയ്താണ് സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍ ബസുകള്‍. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരു നിറത്തിലുള്ള ലെതര്‍ സീറ്റുകളാണ്. ഓരോ സീറ്റിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്. ആംബിയന്‍ ലൈറ്റിങ്ങുമുണ്ട്.
സ്ലീപ്പര്‍ ബസിലെ ബെര്‍ത്തില്‍ എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് സ്പേസ് എന്നിവയുമുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനും വ്യത്യസ്ത നിറമാണ്. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റുകളില്‍ 50 സീറ്റുണ്ടാകും. മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, വൈഫൈ കണക്ഷന്‍ നല്‍കാവുന്ന ടിവി, പുറത്തും അകത്തുമായി അഞ്ച് കാമറയും സ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ നിറമാണെങ്കിലും ഡിസൈനില്‍ മാറ്റമുണ്ട്. മള്‍ട്ടി ആക്സില്‍ വോള്‍വോ എസി സീറ്റര്‍, ഒമ്പത് മീറ്ററിന്റെ ഓര്‍ഡിനറി ബസ് എന്നിവയും ഉടന്‍ എത്തും.
ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമിയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ എന്നിങ്ങനെ 164 ബസുകള്‍ ഈ മാസം പുറത്തിറക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. ബസുകളുടെ പരീക്ഷണ ഓട്ടം മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇംഗ്ലണ്ടിലെ കവെന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ ഓട്ടമൊബീല്‍ ഡിസൈനിങ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് പഠിച്ച ജി. ആദിതൃ കൃഷ്ണനും സുഹൃത്ത് തിരുവനന്തപുരം സ്വദേശി അമല്‍ ജോക്കിന്‍ സാലറ്റുമാണ് പുതിയ ബസുകളുടെ ഡിസൈന്‍ തയാറാക്കിയത്. മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മകനാണ് ആദിത്യ കൃഷ്ണന്‍. സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളില്‍ സീറ്റുകള്‍ക്ക് മുകളിലായാണ് ബെര്‍ത്തുകളുള്ളത്. ഒരു വശത്ത് സിംഗിള്‍ ബെര്‍ത്തും മറുഭാഗത്ത് ഡബിള്‍ ബെര്‍ത്തും. ഫാസ്റ്റ് പാസഞ്ചറിനും സൂപ്പര്‍ ഫാസ്റ്റിനുമായി എത്തിയത് ടാറ്റയുടെ ബസുകളാണ്. ബാക്കി അശോക് ലെയ്ലന്‍ഡ് ബസുകളും. പുതിയ ബസുകള്‍ കനകക്കുന്നില്‍ 22 മുതല്‍ 24 വരെ ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും.
ഓണസമ്മാനമായി പുതിയ ബസുകള്‍
യാത്രക്കാര്‍ക്ക് ഓണസമ്മാനമായി കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകള്‍ എത്തിത്തുടങ്ങി. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ബസുകള്‍ ഓടിച്ചു നോക്കി. മന്ത്രി നിര്‍ദേശിച്ച മാറ്റങ്ങളോടെ 13.5 മീറ്റര്‍ ഡീസല്‍ എസി സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, 10.5 മീറ്റര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് ചൊവ്വാഴ്ച തിരുവനന്തപുരം ആനറയ സ്വിഫ്റ്റ് ഡിപ്പോയില്‍ എത്തിയത്.
ഞങ്ങള്‍ ഫുള്‍ സെറ്റാണ് യാത്ര ചെയ്യാന്‍ നിങ്ങളോ? പുതിയ ബസുകള്‍ ഓടിച്ചു പരിശോധിച്ചു. ഉടന്‍ നിങ്ങള്‍ക്കും പുതിയ ബസുകളില്‍ യാത്ര ചെയ്യാമെന്ന കുറിപ്പോടെയാണ് അദ്ദേഹം പുതിയ ബസുകള്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഓണത്തിന് മുമ്പായി 100 ബസുകള്‍ എത്തുമെന്നും കിടന്ന് യാത്ര ചെയ്യാവുന്നതും ഇരുന്ന് യാത്ര ചെയ്യാവുന്നതുമായി ബസുകള്‍ക്കൊപ്പം 15.5 മീറ്റര്‍ നീളമുള്ള വോള്‍വോയുടെ ബസും എത്തുന്നുണ്ടെന്നാണ് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചിരിക്കുന്നത്.
വാഹനത്തിനുള്ളില്‍ ആളുകള്‍ എഴുതി വയ്ക്കുന്നതും വൃത്തികേടാക്കുന്നതും തടയുന്നതിനായി സ്റ്റെയിന്‍ലെസ് സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാ സീറ്റുകളിലേക്കും ചാര്‍ജര്‍, പുഷ് ബാക്ക് സീറ്റുകള്‍, വൈ-ഫൈ, ടെലിവിഷന്‍, വിന്‍ഡോ കര്‍ട്ടണ്‍, ഹാന്‍ഡ് റെസ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ സീറ്റര്‍, സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളില്‍ നല്‍കുന്നുണ്ട്. സ്ലീപ്പര്‍ ബസുകളില്‍ ഏറ്റവും മികച്ച ബെര്‍ത്തുകളാണ് നല്‍കുന്നത്. അതിലും വൈ-ഫൈ സൗകര്യം ഉള്‍പ്പെടെയുള്ളവ നല്‍കും. ഏറ്റവും മികച്ച സേവനമാണ് കെഎസ്ആര്‍ടിസി നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം-മൂകാംബിക, ബെംഗളൂരു തുടങ്ങിയ റൂട്ടുകളിലേക്കും ഉയര്‍ന്ന കളക്ഷന്‍ ഉള്ള റൂട്ടുകളിലും എല്ലാ സൗകര്യങ്ങളുമുള്ള എസി ബസുകള്‍ തന്നെ ഓടിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വോള്‍വോ, ലെയ്ലാന്‍ഡ് സ്ലീപ്പര്‍, സീറ്റര്‍, സ്ലീപ്പര്‍ കം സീറ്റര്‍ ബസുകള്‍ക്കൊപ്പം ലെയ്ലന്‍ഡിന്റെ തന്നെ ഷോട്ട് ചെയ്സ് ഫോര്‍ സിലണ്ടര്‍ ബസുകളും ലിങ്ക് ബസ് എന്ന പേരില്‍ എത്തിച്ചിട്ടുണ്ട്. ഇനി 8.5 മീറ്റര്‍ നീളമുള്ള ഐഷര്‍ ബസുകള്‍ വരുന്നുണ്ട്. പുതിയ റൂട്ടുകള്‍ ഇനിയും കണ്ടെത്തുമെന്നുമാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
നല്ല വണ്ടികളില്ലെന്ന് ഏറ്റവുമധികം പരാതി പറഞ്ഞിരുന്നത് ബെംഗളൂരു മലയാളികളാണ്. എന്നാല്‍, പുതിയ ബസുകള്‍ എത്തുന്നതോടെ അവര്‍ക്ക് അഭിമാനിക്കാമെന്നും, ബെംഗളൂരു ബസ് സ്റ്റാന്‍ഡില്‍ കയറുന്ന ഏറ്റവും നല്ല ബസുകള്‍ നമ്മുടേതായിരിക്കുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറയുന്നു. ആദ്യമെത്തുന്ന ബസുകള്‍ ബെംഗളൂരുവിലേക്ക് ഓണക്കാലത്ത് സ്പെഷ്യല്‍ സര്‍വീസായി ഓടിയ ശേഷമായിരിക്കും ഓരോ ഡിപ്പോകള്‍ക്കായി കൈമാറുകയെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
തലമുറ മാറ്റത്തിന് കെഎസ്ആര്‍ടിസി
2+1 ലേഔട്ടിലാണ് സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളില്‍ സീറ്റുകളും ബെര്‍ത്തുകളും ഒരുങ്ങുന്നത്. വീതിയുള്ള ലെതര്‍ സീറ്റുകളാണ് ഇതിലും നല്‍കിയിരിക്കുന്നത്. സീറ്റുകള്‍ക്ക് മുകളിലായാണ് ബെര്‍ത്തുകളുള്ളത്. ഒരു വശത്ത് സിംഗിള്‍ ബെര്‍ത്തും മറുഭാഗത്ത് ഡബ്ബിള്‍ ബെര്‍ത്തുമാണ് നല്‍കുന്നത്. എസി വെന്റുകള്‍, മൊബൈല്‍ ചാര്‍ജര്‍, മൊബൈല്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക് എന്നിവയ്‌ക്കൊപ്പം ആംബിയന്റ് ലൈറ്റുകളും സിസിടിവി ക്യാമറയും ഫയര്‍ അലാറവും ഉള്‍പ്പെടെയുള്ള സംവിധാനവും നല്‍കുന്നുണ്ട്.
രണ്ട് തട്ടുകളായി 2+1 ലേഔട്ടിലാണ് സ്ലീപ്പര്‍ ബസുകളിലെ ബെര്‍ത്തുകള്‍ നല്‍കിയിരിക്കുന്നത്. എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടിള്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക് എന്നിവയാണ് നല്‍കുന്നത്. അശോക് ലെയ്‌ലാന്‍ഡിന്റെ 13.5 മീറ്റര്‍ ഗാര്‍ഡ് ഷാസിയിലാണ് സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ ഒരുങ്ങിയിരിക്കുന്നത്. 5.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡിഐ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഈ എന്‍ജിന്‍ 250 പിഎസ് പവറും 900 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓവര്‍ ഡ്രൈവ് മാനുവല്‍ ട്രാന്‍സ്മിഷനാണ്.
ഫാസ്റ്റ് പാസഞ്ചറിനും സൂപ്പര്‍ ഫാസ്റ്റിനുമായി എത്തിയത് ടാറ്റയുടെ ബസുകളായിരുന്നെങ്കില്‍ അതിനുശേഷം എത്തിയിട്ടുള്ളവയെല്ലാം അശോക് ലെയ്ലാന്‍ഡ് മോഡലുകളാണ്. ലെയ്ലാന്‍ഡിന്റെ 10.5 മീറ്റര്‍ ഷാസിയാണ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനായി തിരഞ്ഞെടുത്തത്. 3.8 ലിറ്റര്‍ എച്ച് സീരീസ് നാല് സിലണ്ടര്‍ ടര്‍ബോ ഡിഐ എന്‍ജിനാണ് ഈ ബസിന് കരുത്തേകുന്നത്. 150 പിഎസ് പവറും 450 എന്‍എം ടോര്‍ക്കുമാണ് ഇതിലെ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. ആറ് സ്പീഡ് ഓവര്‍ ഡ്രൈവ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുക.
സ്ലീപ്പറും മിനി ബസുകളും ഉള്‍പ്പെടെ 100 പുതിയ ബസുകളാണ് കെഎസ്ആര്‍ടിസി ഇറക്കുന്നത്. ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡി നിര്‍മാതാക്കളാണ് ബസുകള്‍ക്ക് ബോഡി നിര്‍മിക്കുന്നത്. പുതുതായി എത്തുന്ന ബസുകള്‍ ഓഗസ്റ്റ് 22 മുതല്‍ 24 വരെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ഈ വാഹനപ്രദര്‍ശനത്തില്‍ പ്രമുഖ വാഹനനിര്‍മാണ കമ്പനികളെല്ലാം പങ്കെടുക്കും. ത്രിവര്‍ണപതാകയുടെ നിറവും കഥകളിയുടെ ഗ്രാഫിക്സുമൊക്കെയുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളും പ്രദര്‍ശനത്തിനുണ്ടാകും.
വിവിധ ശ്രേണിയിലുള്ള 130 ബസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 21ന് ഉദ്ഘാടനം ചെയ്യും. 49 സീറ്റുകളുള്ള ബസില്‍ വൈഫൈ സംവിധാനം കണക്ട് ചെയ്യാന്‍ പറ്റുന്ന എല്‍ഇഡി ഡിസ്പ്ലേയുള്ള ടിവിയുണ്ട്. എല്ലാ സീറ്റുകള്‍ക്കും മൊബൈല്‍ ചാര്‍ജിങ് പോയിന്റ് ഒരുക്കിയിട്ടുണ്ട്. അഞ്ച് ക്യാമറകളാണ് ബസിലുള്ളത്. ആറു മാസത്തിനുള്ളില്‍ 340-ലേറെ ബസുകളാണ് പുതുതായി വരുന്നത്.