വടക്കാഞ്ചേരി കോടതിയില്‍ നിന്നും നടപടി ഉറപ്പെന്ന് വിലയിരുത്തി പോലീസ് ആസ്ഥാനം; കെ എസ് യുക്കാരെ മുഖം മൂടി അണിയിച്ച എസ് എച്ച് ഒയ്ക്ക് ഇനി തിരുവനന്തപുരത്ത് 'സുഖവാസം'! വടക്കാഞ്ചേരിയില്‍ നിന്നും ഷാജഹാനെ തലസ്ഥാനത്തേക്ക് മാറ്റിയത് അച്ചടക്ക നടപടി; കെ എസ് യു പ്രതിഷേധം തുടരും

Update: 2025-09-15 05:50 GMT

തൃശൂര്‍: മൂന്ന് കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടിയും വിലങ്ങുമണിയിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവം വിവാദമായതിന് പിന്നാലെ എസ്എച്ച്ഒയെ സ്ഥലംമാറ്റിയത് കോടതി നടപടികള്‍ ഭയന്ന്. വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് തിരുവനന്തപുരത്തേക്കാണ് സ്ഥലംമാറ്റം.കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് എ.ഡി.ജിപി: എസ്.ശ്രീജിത്തിന്റെ ഉത്തരവിറങ്ങിയത്.

കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി അണിയിച്ച സംഭവത്തില്‍ ഇന്ന് കോടതിക്ക് മുന്‍പില്‍ പ്രതികളെ ഹാജരാക്കാനിരിക്കെയാണ് എസ്എച്ച്ഒയുടെ സ്ഥലംമാറ്റം. അടിയന്തരമായി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.ക്രമസമാധാന പാലനത്തില്‍ നിരന്തരം വീഴ്ച വരുത്തുന്ന ഷാജഹാനെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുഖംമൂടി അണിയിച്ചതിനാലാണ് നടപടിയെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല.

നിലവില്‍ രണ്ട് അച്ചടക്ക നടപടികള്‍ നേരിടുന്നയാളാണ് ഷാജഹാന്‍. കെഎസ് യു പ്രവര്‍ത്തകരുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയതില്‍ വടക്കാഞ്ചേരി സിഐ ഷാജഹാന് ഷോകോസ് നോട്ടീസ് വടക്കാഞ്ചരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളെ മുഖംമൂടി ധരിപ്പിച്ച് ഹാജരാക്കിയതിന് പിന്നാലെയായിരുന്നു നടപടി. രാഷ്ട്രീയ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഉള്ളവരെ ഇത്തരം കറുത്ത മാസ്‌കും കൈ വിലങ്ങും ഇട്ട് കൊണ്ട് വന്നത് എന്തിന് എന്നും കോടതി ചോദിച്ചിരുന്നു. അന്ന് ഷാജഹാന് മറുപടിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി എടുക്കുന്നത്.

അതേസമയം കെഎസ് യു പ്രവര്‍ത്തകുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയതില്‍ കെഎസ് യു പ്രതിഷേധം ശക്തമാക്കിയിരുന്നു. കൊടും കുറ്റവാളികളെയും ഭീകരവാദികളെയുമാണ് സാധാരണയായി മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് കെഎസ്യു പ്രതിഷേധം നടത്തുന്നത്. ആഴ്ച്ചകള്‍ക്ക് മുന്‍പായിരുന്നു മുള്ളൂര്‍ക്കരയില്‍ കെഎസ് യു-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്.

സംഭവത്തെ തുടര്‍ന്ന് ചില കെഎസ് യു നേതാക്കള്‍ ഒളിവില്‍ പോയിരുന്നു. ഈ സമയത്ത് ഗണേശന്‍ എന്ന പ്രവര്‍ത്തകന്റെ വീട്ടില്‍ പൊലീസ് എത്തുകയും കുടുംബത്തോട് അപമര്യാദയായി പെരുമാറിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

സംഭവത്തില്‍ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരെ ആയിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്. ഷാജഹാന്‍ പാതിരാത്രി വീട്ടില്‍ കയറി കുടുംബത്തെ ഭീഷണിപ്പെടുത്തി എന്നായിരുന്നു കെഎസ് യുവിന്റെ ആരോപണം.

Similar News