ആ ഓഡിയോയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല; അന്വേഷണ പരിധിയിലുള്ള വിഷയങ്ങളില്‍ നോ കമന്റ്; പോലീസിന്റെ അന്വേഷണ ആനുകൂല്യം എനിക്ക് കിട്ടില്ലെന്നും വിശദീകരണം; സസ്‌പെന്റ് ചെയ്താലും കോണ്‍ഗ്രസ് പ്രവര്‍ത്തന്‍; ആരും സഭയില്‍ വരുന്നതിനെ വിലക്കിയില്ല; മാങ്കൂട്ടത്തില്‍ പ്രതികരിച്ചത് ഇങ്ങനെ; വിവാദ ചോദ്യങ്ങള്‍ക്ക് മറുപടിയുമില്ല

Update: 2025-09-15 07:11 GMT

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സജീവമാകും. ശനിയാഴ്ച പാലക്കാട്ടെത്തുന്ന രാഹുല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും. വരുംദിവസങ്ങളിലും രാഹുല്‍ നിയമസഭയിലെത്തും. സഭയില്‍ കയറാത്തയാള്‍ മണ്ഡലത്തില്‍ വന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് രാഹുല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അതിനിടെ ലൈംഗീകാരോണങ്ങളോട് രാഹുല്‍ പ്രതികരിച്ചില്ല. എല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ ആണെന്നും അതുകൊണ്ട് പ്രതികരിക്കില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അറിയിച്ചു. നിയമസഭയില്‍ വരരുതെന്ന് ഒരു കോണ്‍ഗ്രസ് നേതാവും പറഞ്ഞിട്ടില്ലെന്നും പ്രതികരിച്ചു.

ഒരു കോണ്‍ഗ്രസ് നേതാവിനെ കാണാനും അനുമതി തേടിയില്ലെന്നും അത്തരത്തിലെ വാര്‍ത്ത തെറ്റാണെന്നും പറഞ്ഞു. സസ്‌പെന്‍ഷനിലുള്ള കോണ്‍ഗ്രസ് നേതാവാണ് ഞാന്‍. ആ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടതു പോലെ പ്രവര്‍ത്തിക്കും. ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍ വിവാദ ഓഡിയോയില്‍ പ്രതികരിച്ചില്ല. ആ ഓഡിയോ തന്റേതാണോ അല്ലയോ എന്ന് പോലും മറുപടി നല്‍കിയില്ല. അതേസമയം, നിയമസഭയിലെത്തിയെങ്കിലും രാഹുലിന് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. സഭയിലെത്തിയ രാഹുലുമായി നജീബ് കാന്തപുരവും എ.കെ.എം അഷ്‌റഫും യു.എ ലത്തീഫും ടി.വി ഇബ്രാഹിമും സംസാരിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയും മുന്‍പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭാതലത്തില്‍ നിന്ന് ഇറങ്ങി എംഎല്‍എ ഹോസ്റ്റലിലേക്ക് പോയി. അതിന് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്.

ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ എതിര്‍പ്പ് തള്ളിയാണ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക ബ്ലോക്കായി ഇരുത്തുമെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലാണ് രാഹുല്‍ നിയമസഭയില്‍ ഇരുന്നത്. സുഹൃത്തിന്റെ വാഹനത്തിലാണ് രാഹുല്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷെജീറും രാഹുലിനൊപ്പം ഉണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിക്കുന്ന വേളയിലാണ് രാഹുല്‍ സഭയിലേക്കെത്തിയത്. ഈ ഘട്ടത്തില്‍ ഭരണപക്ഷത്ത് നിന്ന് പ്രതികരങ്ങളൊന്നും ഉണ്ടായിട്ടില്ല.

പിന്നീട് രാഹുല്‍ മാങ്കൂട്ടത്തിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. എംഎല്‍എ ഹോസ്റ്റലിന് അടുത്തായാണു തടഞ്ഞത്. സഭാ സമ്മേളനത്തില്‍ പങ്കെടുത്തശേഷം എംഎല്‍എ ഹോസ്റ്റലിലേക്കു പോകുകയായിരുന്നു രാഹുല്‍. സംഭവം നടക്കുന്ന സമയം പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് പൊലീസെത്തി പ്രവര്‍ത്തകരെ നീക്കി. രാഹുല്‍ കാറില്‍നിന്ന് ഇറങ്ങിയില്ല. ഡിസിപി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ജനാധിപത്യ സമരങ്ങള്‍ക്ക് എതിരല്ലെന്നും, മാധ്യമങ്ങളെ കാണുമെന്നും രാഹുല്‍ പ്രതികരിക്കുകയും ചെയ്തു. സ്വന്തം തീരുമാനപ്രകാരമാണു രാഹുല്‍ നിയമസഭയിലെത്തിയത്. നിയമസഭയില്‍ വരരുതെന്ന് രാഹുലിനോട് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നില്ല. സഭയില്‍ വരുന്നതിനു രാഹുലിന് നിയമപരമായ തടസ്സവുമില്ല.

ആരോപണങ്ങള്‍ക്കുശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുല്‍. പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. മണ്ഡലവും സന്ദര്‍ശിച്ചിട്ടില്ല. ചില നേതാക്കളുമായി കൂടിയാലോചനയ്ക്കുശേഷമാണ് രാഹുല്‍ നിയമസഭയിലെത്തിയത്. രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കറെ അറിയിച്ചിട്ടുള്ളതിനാല്‍ പ്രത്യേക ബ്ലോക്കായാണ് സഭയില്‍ ഇരുന്നത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു.

Tags:    

Similar News