ഹണി ട്രാപ്പല്ല; സ്വകാര്യ ചാറ്റുകള്‍ ജയേഷ് കണ്ടു; യുവാക്കളെ വിളിച്ചുവരുത്തിയത് പകയോടെ; പെണ്‍സുഹൃത്തിന്റെ അച്ഛനും പ്രതിശ്രുതവരനും ചേര്‍ന്ന് തന്നെ ദേഹോപദ്രവം ഏല്‍പിച്ചുവെന്ന് റാന്നിക്കാരന്റ കള്ള മൊഴി പൊളിച്ച് ആറന്മുള പോലീസ്; ആ രഹസ്യ ഫോള്‍ഡറില്‍ കൂടുതല്‍ തെളിവുകള്‍; കോയിപ്രത്തെ ദുരൂഹത മാറുമോ?

Update: 2025-09-15 02:09 GMT

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രത്ത് യുവാക്കള്‍ ക്രൂരമര്‍ദനത്തിനിരയായത് അവിഹിതം സംശയിച്ചെന്ന് പൊലീസ്. ഭര്‍ത്താവ് ജയേഷ് പറഞ്ഞതനുസരിച്ചാണ് രശ്മി യുവാക്കളെ വീട്ടിലേക്ക് ക്ഷണിച്ചതും, പിന്നീട് മര്‍ദിച്ചതും. സംഭവം ഹണി ട്രാപ്പാണെന്നും ആഭിചാരക്രിയ ആണെന്നുമൊക്കെ പ്രചരിപ്പിച്ച് വഴിതിരിച്ചുവിടാനുള്ള ശ്രമം കൃത്യമായ അന്വേഷണത്തിലൂടെ പോലീസ് പൊളിച്ചു. ആറന്മുള പോലീസ് നടത്തിയ നീക്കമാണ് സംഭവത്തിലെ സത്യം പുറത്തു കൊണ്ടു വന്നത്. തുടര്‍ന്ന് തുടര്‍ന്നാണ് കോയിപ്രം കുറവന്‍കുഴി മലയില്‍ വീട്ടില്‍ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവരെയാണ് ആറന്മുള പൊലീസ് പിടികൂടിയത്.

യുവാക്കളും ജയേഷും ബംഗളൂരില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. യുവാക്കളും രശ്മിയുമായുള്ള സ്വകാര്യ ചാറ്റുകള്‍ ജയേഷ് കണ്ടിരുന്നു. തുടര്‍ന്ന് രശ്മിയും ജയേഷുമായി വഴക്കുണ്ടായി. പിന്നീട് രശ്മിയും ജയേഷുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായി. പക്ഷേ യുവാക്കളോടുള്ള പക വെച്ചുപുലര്‍ത്തിയ ജയേഷ് രശ്മിയുടെ സഹായത്തോടെ യുവാക്കളെ വിളിച്ചുവരുത്തി പക തീര്‍ക്കുകയായിരുന്നു. രശ്മിയുടെ ഫോണില്‍ നിന്നും അഞ്ച് വീഡിയോ ക്ലിപ്പുകള്‍ പോലീസിന് കിട്ടി. ജയേഷിന്റെ ഫോണിലെ ഒരു ഫോള്‍ഡര്‍ ഹിഡണാണ്. ഇതിലുള്ള വീഡിയോകള്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തും. ഇതോടെ എല്ലാം തെളിയുമെന്നാണ് പോലീസ് കരുതുന്നത്. ആറന്മുള പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ സംഭവം നടന്നത് കോയിപ്രം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. അതുകൊണ്ട് തന്നെ കേസ് അന്വേഷണം ഇനി നടത്തുക കോയിപ്രം പോലീസായിരിക്കും.

റാന്നി, ആലപ്പുഴ സ്വദേശികളായ യുവാക്കളാണ് ആക്രമിക്കപ്പെട്ടത്. സെപ്തംബര്‍ ഒന്നാം തീയതി ആലപ്പുഴ സ്വദേശിയെ ജയേഷും രശ്മിയും വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദിച്ചു. പൈപ്പുറേഞ്ച് കൊണ്ട് അടിച്ചും ജനനേന്ദ്രിയത്തിലും ശരീരഭാഗങ്ങളിലും സ്റ്റാപ്ലര്‍പിന്‍ അടിച്ചും നഖങ്ങള്‍ക്കിടയില്‍ മൊട്ടുസൂചി കയറ്റിയുമായിരുന്നു ക്രൂരത. സെപ്തംബര്‍ അഞ്ചിന് റാന്നി സ്വദേശിയെയും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ റാന്നി സ്വദേശി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പെണ്‍സുഹൃത്തിന്റെ അച്ഛനും പ്രതിശ്രുതവരനും ചേര്‍ന്ന് തന്നെ ദേഹോപദ്രവം ഏല്‍പിച്ചുവെന്നാണ് യുവാവ് മൊഴിനല്‍കിയത്. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിതോടെ കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് യഥാര്‍ഥ വിവരം പുറത്തറിഞ്ഞത്. പെണ്‍സുഹൃത്തിന്റെ മൊഴി എടുത്തതും നിര്‍ണ്ണായകമായി. ഇതോടെയാണ് ജയേഷിലേക്കും ഭാര്യയിലേക്കും അന്വേഷണം എത്തിയത്. പ്രതികളില്‍ നിന്ന് വധഭീഷണി ഉണ്ടായതിനാലാണ് മൊഴി മാറ്റിപ്പറഞ്ഞെന്ന് യുവാവ് പിന്നീട് പറഞ്ഞു. ഞായറാഴ്ച വൈകിട്ടോടെ ജയേഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

കോയിപ്രം പഞ്ചായത്ത് നാലാം വാര്‍ഡില്‍ക്കൂടി പോകുന്ന പരുത്തിമുക്ക്-കള്ളിപ്പാറ റോഡില്‍ നിന്ന് 100 മീറ്റര്‍ ദൂരമുള്ള മൂന്നടി പാതയാണ് ജയേഷിന്റെ വീട്ടിലേക്കുള്ളത്. ദുരൂഹത നിറഞ്ഞതാണ് ജയേഷിന്റെയും രശ്മിയുടെയും വീട്. സിമന്റ് കട്ടയില്‍ തീര്‍ത്ത് ആസ്ബസ്റ്റോസ് ഷീറ്റിട്ട് രണ്ടു മുറിയുള്ള വീട്ടിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. പുറത്തേക്കുള്ള രണ്ടു വാതിലിനും പൂട്ടില്ല. കിടപ്പുമുറിയിലേക്ക് തിരിച്ചു വെച്ചിട്ടുള്ള നിലയില്‍ ഒരു സിസിടിവി പ്രധാന വാതിലിന് മുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ജയേഷ് നേരത്തെ കുറച്ചുനാള്‍ ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ ചെട്ടിമുക്കിന് സമീപമുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരി ആയിരുന്നു.

കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ക്ലീനിങ് ജോലി കൊടുക്കാമെന്ന് രശ്മിയോട് പറഞ്ഞെങ്കിലും കുറച്ചുദിവസംമാത്രം പോയി. സ്‌കൂള്‍ അധികൃതര്‍ തന്നെ അടുത്തുള്ള ഹോട്ടലില്‍ ജോലി ശരിയാക്കി കൊടുത്തെങ്കിലും അവിടെയും കുറച്ചുദിവസംമാത്രം ജോലി ചെയ്തു. രണ്ടുപേര്‍ക്കും കാര്യമായ ജോലി ഉള്ളതായി ആര്‍ക്കും അറിയില്ല. പക്ഷേ കുറച്ചുനാളായി വിലകൂടിയ മൊബൈല്‍ ഉപയോഗിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

Tags:    

Similar News