യോഗേഷ് നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ ക്ലിയറന്‍സ് നല്‍കേണ്ടി വന്ന പിണറായി സര്‍ക്കാര്‍; അപ്പോഴും യോഗേഷിനെതിരെ പ്രതികൂല പരാമര്‍ശം ഉള്‍പ്പെടുത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി; ആ 'കുതന്ത്രവും' ഫലിച്ചില്ല; യോഗേഷ് ഗുപ്തയെ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ഡിജിപി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പ്രധാനമന്ത്രി നേരിട്ട്; സിബിഐയോ ഇഡിയോ യോഗേഷിന് ഈ വര്‍ഷം കിട്ടും
തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ യോഗേഷ് ഗുപ്തയെ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ഡിജിപി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പ്രധാനമന്ത്രി നേരിട്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിലെ പ്രതികൂല പരാമര്‍ശം പൂര്‍ണമായി അവഗണിച്ചായിരുന്നു തീരുമാനം. യോഗേഷ് ഗുപ്തയെ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ഡിജിപി പട്ടികയില്‍ ഉള്‍പ്പെടുത്തിയതതിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് യോഗേഷ് ഗുപ്ത ഏതെങ്കിലും കേന്ദ്ര ഏജന്‍സിയുടെ തലപ്പത്ത് എത്തുമെന്ന് തന്നെയാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് നിര്‍ണ്ണായക തീരുമാനമെടുത്തത്. ഡിജിപിയായി എംപാനല്‍ ചെയ്യപ്പെട്ടതോടെ യോഗേഷ് ഗുപ്ത കേന്ദ്ര അന്വേഷണ ഏജന്‍സികളിലൊന്നിന്റെ നായകനാകും.
സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി പദവികളില്‍ ഈ വര്‍ഷം ഒഴിവ് വരും. ഇതില്‍ ഒന്നിലേക്ക് യോഗേഷിനെ പരിഗണിക്കും. 2030വരെ യോഗേഷിന് സര്‍വ്വീസ് കാലാവധിയുണ്ട്. അതായത് ദീര്‍ഘകാലം യോഗേഷിന് കേന്ദ്ര ഏജന്‍സിയെ നയിക്കാന്‍ കഴിയും. യോഗേഷ് സിബഐയെ നയിക്കാന്‍ സാധ്യത ഏറെയാണ്. യോഗേഷിന്റെ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. യോഗേഷ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ക്ലിയറന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തയാറായത്. യോഗേഷിനെതിരെ പ്രതികൂല പരാമര്‍ശം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ക്ലിയറന്‍സ് നല്‍കിയത്. ഇതും കേന്ദ്രം അവഗണിച്ചു. പ്രധാന പദവിയിലേക്ക് അദേഹത്തെ കേന്ദ്രം പരിഗണിക്കുന്നുമുണ്ട്. ഇതിനായി സംസ്ഥാനം ക്‌ളീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. പലതവണ ചീഫ് സെക്രട്ടറിയെ കണ്ടിട്ടും ക്‌ളീയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടലില്‍ പരാതി നല്‍കുന്ന അപൂര്‍വ നടപടിക്ക് യോഗേഷ് തയാറായത്. പോര്‍ട്ടല്‍ വഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്ന ആദ്യ ഡി.ജി.പിയായി യോഗേഷ് മാറി. പിന്നീട് കാറ്റില്‍ നിന്നും അനുകൂല വിധിയും വാങ്ങി.
കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ തത്തുല്യ പദവിയിലേക്കാണ് 1993 ബാച്ച് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്ത ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. 2026 മാര്‍ച്ച് 17-ന് പുറത്തിറങ്ങിയ കേന്ദ്ര കാബിനറ്റ് നിയമന സമിതിയുടെ ഉത്തരവ് കേരളത്തിലെ ഭരണസിരാകേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. യോഗേഷ് ഗുപ്തയെ കേന്ദ്രത്തിലേക്ക് വിടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബോധപൂര്‍വ്വം വൈകിപ്പിച്ച് അദ്ദേഹത്തിന്റെ വഴി തടയാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഈ 'ചക്കളത്തി പോരാട്ടം' തിരിച്ചറിഞ്ഞ ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. കോടതി ഇടപെട്ട് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തില്‍ എത്തിച്ചതോടെയാണ് ഈ മോഹപ്പദവിയിലേക്കുള്ള വഴി തെളിഞ്ഞത്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴ് തവണയാണ് ഈ ഉദ്യോഗസ്ഥനെ തട്ടിക്കളിച്ചത്. ബെവ്‌കോ എം.ഡി മുതല്‍ ഫയര്‍ഫോഴ്‌സ് മേധാവി വരെയാക്കി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും അഴിമതിക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ഈ ഉദ്യോഗസ്ഥന്‍ കേന്ദ്രത്തിന്റെ മുന്‍നിര ഉദ്യോഗത്തിന് അര്‍ഹനാകുന്നു.
സാധാരണ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനല്ല യോഗേഷ് ഗുപ്ത. ഇ.ഡിയിലും സി.ബി.ഐയിലും പ്രവര്‍ത്തിച്ചു തെളിഞ്ഞ അന്വേഷണ പാടവമാണ് അദ്ദേഹത്തിന്റെ കരുത്ത്. ഏഴ് വര്‍ഷത്തോളം ഇ.ഡിയില്‍ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന കാലത്ത് ശാരദ, റോസ് വാലി തുടങ്ങിയ വമ്പന്‍ നിക്ഷേപ തട്ടിപ്പ് കേസുകളുടെ നട്ടെല്ലൊടിച്ചത് ഇദ്ദേഹമായിരുന്നു. ഗുജറാത്തിലെ ബില്‍ക്കീസ് ബാനു കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയതും ഓഹരി കുംഭകോണത്തിലെ വില്ലന്‍ കേതന്‍ പരേഖിനെ കുടുക്കിയതും ഇതേ യോഗേഷ് ഗുപ്തയാണ്. 7000 കോടിയുടെ സ്വത്ത് കണ്ടുകെട്ടുകയും 20,000 കോടിയുടെ ബാങ്ക് തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരികയും ചെയ്ത ഈ 'വേട്ടക്കാരന്‍' ഇനി ഇ.ഡിയുടെ തലപ്പത്തെത്തിയാല്‍ കേരളത്തിലെ പല രാഷ്ട്രീയ അഴിമതിക്കഥകളും പുറത്തുവരുമെന്ന് ഉറപ്പാണ്. യൂണിഫോം പദവികളില്‍ മാത്രമല്ല, ഭരണതലപ്പത്തും അദ്ദേഹം പുലിയാണെന്ന് തെളിയിച്ചിട്ടുണ്ട്. 600 കോടിയുടെ നഷ്ടത്തിലായിരുന്ന സപ്ലൈകോയെയും തകര്‍ച്ചയുടെ വക്കിലായിരുന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെയും ലാഭത്തിലേക്ക് നയിച്ചത് യോഗേഷ് ഗുപ്തയുടെ ഭരണതന്ത്രജ്ഞതയായിരുന്നു. ബെവ്‌കോ സി.എം.ഡി ആയിരുന്നപ്പോള്‍ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ ലാഭവിഹിതം വര്‍ദ്ധിപ്പിച്ച് കോര്‍പറേഷന്റെ ഖജനാവ് നിറയ്ക്കാനും അദ്ദേഹത്തിന് സാധിച്ചു. ഒടുവില്‍ വിജിലന്‍സ് മേധാവിയായപ്പോള്‍ അഴിമതിക്കാര്‍ ഒന്നടങ്കം വിറച്ചു. അതോടെയാണ് അദ്ദേഹത്തെ ഫയര്‍ഫോഴ്‌സിലേക്ക് മാറ്റിയത്.
എന്നാല്‍ അവിടെയും തളരാതെ കേന്ദ്ര ഡെപ്യൂട്ടേഷനായി പോരാടിയ ഗുപ്ത ഇപ്പോള്‍ രാജകീയമായാണ് മടങ്ങുന്നത്. 2030 വരെ സര്‍വീസ് കാലാവധിയുള്ളതിനാല്‍ കേന്ദ്രത്തില്‍ ദീര്‍ഘകാലം നിര്‍ണ്ണായക പദവികളില്‍ ഇരിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. കേരള കേഡറിലെ ഏറ്റവും കരുത്തനായ ഉദ്യോഗസ്ഥനായി അദ്ദേഹം മാറുന്നതോടെ സംസ്ഥാനത്തെ പല പ്രമുഖരും നെഞ്ചിടിപ്പിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം പ്രതികൂട്ടിലാക്കുന്ന പലകേസുകളും കേന്ദ്ര ഏജന്‍സികളിലുണ്ട്. ഇഡിയുടേയോ സിബിഐയുടേയോ തലപ്പത്ത് യോഗേഷ് ഗുപ്തയെത്തിയാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന് ഭയക്കുന്നവരുമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും (ഇഡി) സിബിഐയിലും പ്രവര്‍ത്തിച്ചപ്പോഴുള്ള അന്വേഷണ മികവിന് യോഗേഷ് ഗുപ്തയെതേടി രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ പോലും എത്തിയിട്ടുണ്ട്. ഏഴു വര്‍ഷത്തോളം ഇഡിയിലുണ്ടായിരുന്നു. സിബിഐയിലും ജോലി ചെയ്തു.
സിബിഐ കാലത്ത് കേതന്‍ പരേഖ് തട്ടിപ്പ് കേസ് അന്വേഷിച്ചതു യോഗേഷ് ഗുപ്തയായിരുന്നു. പല കേസുകളിലായി ആദായനികുതി വകുപ്പിലെയും കസ്റ്റംസിലെയും റെയില്‍വേയിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഇഡിയുടെ സ്‌പെഷല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ച കാലത്ത് ഒട്ടേറെ വിവാദമായ കേസുകളുടെ അന്വേഷണം കയ്യിലെത്തി. ശാരദ, സീഷോര്‍, റോസ് വാലി, ബേസില്‍ ഇന്റര്‍നാഷനല്‍ തുടങ്ങിയ നിക്ഷേപ തട്ടിപ്പു കേസുകളുടെ അന്വേഷണം നടത്തി. ഗുജറാത്തിലെ ബില്‍കീസ് ബാനു കേസില്‍ പ്രതികള്‍ക്കു ശിക്ഷ നേടിക്കൊടുക്കുന്നതില്‍ അന്ന് സിബിഐ സൂപ്പര്‍വൈസിങ് എസ്പിയായിരുന്ന യോഗേഷിന്റെ അന്വേഷണം നിര്‍ണായകമായി. ഓഹരി കുംഭകോണം നടത്തിയ കേതന്‍ പരേഖിനെതിരായ കേസ് തെളിഞ്ഞതും യോഗേഷ് എസ്പിയായിരുന്ന കാലത്താണ്.
