പല്ലുകള്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷവും കേടുപാടില്ല; നിവര്‍ന്നിരിക്കുന്ന അസ്ഥികൂടങ്ങള്‍; ഫ്രാന്‍സില്‍ സ്‌കൂള്‍ മുറ്റത്ത് പുരാതന ഗൗളുകളുടെ ദുരൂഹ ശ്മശാനം കണ്ടെത്തി

Update: 2026-03-19 04:12 GMT

ഡിജോണ്‍: കിഴക്കന്‍ ഫ്രാന്‍സിലെ ഒരു പ്രൈമറി സ്‌കൂള്‍ കളിസ്ഥലത്തിന് സമീപം കണ്ടെത്തിയ പുരാതന അസ്ഥികൂടം ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്നു. ബിസി 300-നും 200-നും ഇടയില്‍ ജീവിച്ചിരുന്ന ഗൗള്‍ വംശജരുടേതെന്ന് കരുതപ്പെടുന്ന അസ്ഥികൂടമാണ് ജോസഫിന്‍ ബേക്കര്‍ പ്രൈമറി സ്‌കൂളിന് സമീപം കണ്ടെത്തിയത്. സാധാരണ മൃതദേഹങ്ങള്‍ കിടത്തി സംസ്‌കരിക്കുന്ന രീതിക്ക് വിരുദ്ധമായി, ഒരു മീറ്റര്‍ വീതിയുള്ള കുഴിയില്‍ പടിഞ്ഞാറോട്ട് അഭിമുഖമായി നിവര്‍ന്നിരിക്കുന്ന നിലയിലാണ് ഇവ കാണപ്പെട്ടത് എന്നത് ഗവേഷകരെ കുഴപ്പിക്കുന്നുണ്ട്.

കൈകള്‍ മടിയില്‍ വെച്ച്, നിവര്‍ന്നിരിക്കുന്ന രീതിയിലുള്ള ഈ സംസ്‌കാര രീതിയെക്കുറിച്ച് പുരാവസ്തു ഗവേഷകര്‍ പഠനം നടത്തിവരികയാണ്. ആളുകളെ ജീവനോടെ കുഴിച്ചിട്ടതാണോ അതോ മരണശേഷം ഈ പ്രത്യേക രീതിയില്‍ ഇരുത്തിയതാണോ എന്ന് കണ്ടെത്താനാണ് ശ്രമം. ഇതേ നിര്‍മ്മാണ സ്ഥലത്ത് നിന്ന് കഴിഞ്ഞ വര്‍ഷം 13 അസ്ഥികൂടങ്ങളും ഈ മാസം ആദ്യം നാലെണ്ണവും സമാനമായ രീതിയില്‍ കണ്ടെത്തിയിരുന്നു. പടിഞ്ഞാറോട്ട് അഭിമുഖമായി ഇരുത്തുന്നതിന് പിന്നില്‍ ഗൗളുകളുടെ എന്തെങ്കിലും പ്രത്യേക വിശ്വാസങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

കണ്ടെത്തിയ അസ്ഥികൂടങ്ങളിലെ പല്ലുകള്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷവും കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നത് നരവംശ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. പുരാതന ഗൗളുകള്‍ക്ക് പഞ്ചസാരയെക്കുറിച്ച് അറിവില്ലായിരുന്നു എന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ചില അസ്ഥികൂടങ്ങളില്‍ ആര്‍ത്രൈറ്റിസിന്റെ (വാതം) ലക്ഷണങ്ങളും തലയോട്ടിയില്‍ മാരകമായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് അന്നത്തെ കാലത്തെ അക്രമങ്ങളിലേക്കോ അല്ലെങ്കില്‍ പ്രത്യേക ആചാരങ്ങളിലേക്കോ വിരല്‍ ചൂണ്ടുന്നു.

ആധുനിക ഫ്രാന്‍സ്, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടന്നിരുന്ന ഗൗളുകളുടെ സംസ്‌കാരത്തെക്കുറിച്ച് ചരിത്രത്തില്‍ പരിമിതമായ അറിവുകള്‍ മാത്രമേയുള്ളൂ. ലോകമെമ്പാടും തിരിച്ചറിഞ്ഞിട്ടുള്ള 75 ഗൗള്‍ ശവകുടീരങ്ങളില്‍ നാലിലൊന്നും ഡിജോണിലെ ഈ ചെറിയ പ്രദേശത്താണ് കണ്ടെത്തിയിട്ടുള്ളത്. ഇതോടെ ഡിജോണ്‍ പുരാതന ഗൗളുകളുടെ പ്രധാനപ്പെട്ട കേന്ദ്രമായിരുന്നുവെന്ന് ഉറപ്പിക്കുകയാണ് ഗവേഷകര്‍. 1992 മുതല്‍ ഈ നഗരമധ്യത്തില്‍ നിന്ന് ഇരുപതോളം ശവകുടീരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പുരാതന യൂറോപ്പിലെ ഏറ്റവും നിഗൂഢമായ വംശങ്ങളിലൊന്നായ ഗൗളുകളുടെ ജീവിതരീതിയെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും കൂടുതല്‍ വെളിച്ചം വീശുന്ന കണ്ടെത്തലാകും ഇതെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

Similar News