വെള്ളാപ്പള്ളിക്ക് തിരിച്ചടി; 'അധികാരക്കസേര'യിലേക്ക് ഉടന്‍ മടക്കമില്ല; സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യാതെ ഹൈക്കോടതി; എസ്.എന്‍.ഡി.പിയില്‍ ഡയറക്ടര്‍മാരെ നിയമിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച് സര്‍ക്കാര്‍; തല്‍സ്ഥിതി തുടരട്ടേയെന്ന് ഡിവിഷന്‍ ബഞ്ച്; വെള്ളാപ്പള്ളിക്ക് എസ് എന്‍ ഡി പിയുടെ പേരില്‍ താരാമാകന്‍ കഴിയില്ല

Update: 2026-03-19 06:50 GMT

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടിയായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിലപാട്. ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്ക് ഇടക്കാല സ്റ്റേ നല്‍കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി തള്ളി. നിലവിലെ 'സ്റ്റാറ്റസ് ക്വോ' (യഥാസ്ഥിതി) തുടരാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വെള്ളാപ്പള്ളിക്ക് ഉടന്‍ തിരിച്ചെത്താന്‍ കഴിയില്ലെന്ന് ഉറപ്പായി.

വെള്ളാപ്പള്ളി നടേശനും കൂട്ടരും നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ച് വിധിയില്‍ ഉടനടി ഇടപെടാന്‍ തയ്യാറായില്ല. പുതിയ ഡയറക്ടര്‍മാരെ നിയമിക്കാന്‍ കാലതാമസമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, വിധി സ്റ്റേ ചെയ്ത് അധികാരത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന വെള്ളാപ്പള്ളി പക്ഷത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. എസ്.എന്‍.ഡി.പി സംരക്ഷണ സമിതിക്ക് വേണ്ടി പ്രമുഖരായ അഡ്വ. പി.ബി. കൃഷ്ണന്‍, അഡ്വ. കൃഷ്ണനുണ്ണി, അഡ്വ. ഡി. അനില്‍ എന്നിവര്‍ക്കൊപ്പം പ്രശസ്ത നിയമവിദഗ്ധന്‍ ഡോ. മോഹന്‍ ഗോപാലും ഹാജരായി.

ദശകങ്ങളായി എസ്.എന്‍.ഡി.പി യോഗത്തെ അടക്കിവാഴുന്ന വെള്ളാപ്പള്ളി കുടുംബത്തിന് ഈ കോടതി വിധി രാഷ്ട്രീയമായും സംഘടനാപരമായും വലിയ തിരിച്ചടിയാണ്. അയോഗ്യത കല്‍പ്പിച്ച സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യാത്തതോടെ, യോഗത്തിന്റെ ഭരണകാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാകും. സംരക്ഷണ സമിതിയുടെ നിയമപോരാട്ടം ഫലം കാണുന്നു എന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ചൂടില്‍ രാഷ്ട്രീയ കേരളം തിളച്ചു മറിയുന്നതിനിടെയാണ് കോടതി ഇടപെടല്‍. ഇതോടെ എസ് എന്‍ ഡി പി യൂണിയന്റെ പേരില്‍ വെള്ളാപ്പള്ളിയ്ക്ക് ചര്‍ച്ചകളില്‍ നിറയാന്‍ കഴിയില്ല.

Tags:    

Similar News