ടെഹ്റാന്‍ തെരുവുകളില്‍ ജനസാഗരം; ലാരിജാനിയുടെ വിലാപയാത്രയില്‍ വിറങ്ങലിച്ച് ഇറാന്‍! മകന്റെയും സുരക്ഷാ മേധാവിയുടെയും മൃതദേഹങ്ങള്‍ വഹിച്ചുള്ള യാത്രയില്‍ 'ഇസ്രായേലിന് മരണം' വിളികളുമായി ലക്ഷങ്ങള്‍; ഇറാന്റെ അധികാര കേന്ദ്രങ്ങള്‍ അനാഥമായോ?

ലാരിജാനിയുടെ വിലാപയാത്രയില്‍ വിറങ്ങലിച്ച് ഇറാന്‍

Update: 2026-03-18 17:28 GMT

ടെഹ്റാന്‍: ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയുടെയും മകന്റെയും വിലാപയാത്രയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ടെഹ്റാന്‍. വിലാപയാത്രയില്‍, ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. തിങ്കളാഴ്ച രാത്രി നഗരപ്രാന്തത്തിലെ അതീവ രഹസ്യമായ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിന്നലാക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. വെറുമൊരു ഉദ്യോഗസ്ഥനായിരുന്നില്ല ലാരിജാനി. അയത്തുള്ള അലി ഖമേനിയുടെ മരണശേഷം ഇറാന്റെ ദിനചര്യകളും സൈനിക നീക്കങ്ങളും നിയന്ത്രിച്ചിരുന്നത് യഥാര്‍ഥത്തില്‍ ഇദ്ദേഹമായിരുന്നു.

ഒറ്റിക്കൊടുത്തത് സ്വന്തം ജനങ്ങള്‍!

ലാരിജാനിയെ കുടുക്കാന്‍ ഇസ്രായേലിനെ സഹായിച്ചത് ടെഹ്റാനിലെ സാധാരണക്കാരായ ജനങ്ങള്‍ നല്‍കിയ കൃത്യമായ വിവരങ്ങളാണെന്നത് ഭരണകൂടത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഖുദ്സ് റാലികളിലും ചാനല്‍ ചര്‍ച്ചകളിലും പ്രത്യക്ഷപ്പെട്ട് ഡോണാള്‍ഡ് ട്രംപിനെ വധിക്കുമെന്ന് വെല്ലുവിളിച്ച ലാരിജാനിയുടെ 'അഹങ്കാരമാണ്' ഒളിത്താവളം കണ്ടെത്താന്‍ മൊസാദിനെ സഹായിച്ചത്. ജനങ്ങള്‍ക്കിടയില്‍ ഹീറോയാകാന്‍ ശ്രമിച്ച ലാരിജാനി സ്വന്തം നീക്കങ്ങള്‍ പരസ്യമാക്കിയത് ഇസ്രായേല്‍ ചാരന്മാര്‍ക്ക് ലോട്ടറിയായി.

30,000 പേരുടെ ചോര പുരണ്ട കൈകള്‍

ഈ വര്‍ഷം ആദ്യം ഇറാനില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടത് ലാരിജാനിയായിരുന്നു. ഏതാണ്ട് 30,000 പ്രക്ഷോഭകാരികളെയാണ് ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇറാന്‍ സൈന്യം കൊന്നൊടുക്കിയത്. ആ ചോരയ്ക്ക് ഇസ്രായേല്‍ മിസൈലുകളിലൂടെ കാലം കണക്കുചോദിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

മൊജ്തബ ഖമേനി എവിടെ?

പരമോന്നത നേതാവായി നിയമിതനായ മൊജ്തബ ഖമേനി ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം ഗുരുതരമായി പരിക്കേല്‍ക്കുകയോ അല്ലെങ്കില്‍ കൊല്ലപ്പെടുകയോ ചെയ്തിരിക്കാമെന്ന വാര്‍ത്തകള്‍ ടെഹ്റാനില്‍ പടരുകയാണ്. ലാരിജാനി കൂടി വീണതോടെ ഇറാന്റെ രാഷ്ട്രീയ-സൈനിക നേതൃത്വം പൂര്‍ണ്ണമായും അനാഥമായിരിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം

ലാരിജാനിയുടെ മരണത്തിന് പിന്നാലെ ബുധനാഴ്ച ഇറാന്‍ അയല്‍രാജ്യങ്ങള്‍ക്കും ഇസ്രായേലിനും നേരെ മിസൈല്‍ ആക്രമണം നടത്തി. ഇസ്രായേലിന്റെ പ്രതിരോധ കവചങ്ങളെ ഭേദിച്ചെത്തിയ മിസൈലുകള്‍ ടെല്‍ അവീവിന് സമീപം രണ്ട് പേരുടെ ജീവനെടുത്തു. എന്നാല്‍, തങ്ങളുടെ കമാന്‍ഡര്‍മാരെ ഓരോരുത്തരെയായി വകവരുത്തുന്നത് തുടരുമെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കിയത്.

ബാസിജ് അര്‍ദ്ധസൈനിക മേധാവി ഗുലാംറേസ സുലൈമാനിയും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാന്റെ ഓരോ നീക്കവും തങ്ങളുടെ വിരല്‍ത്തുമ്പിലാണെന്ന് തെളിയിക്കുന്നതാണ് ഈ തുടര്‍ച്ചയായ വധശിക്ഷകള്‍. ലാരിജാനിക്ക് പകരക്കാരനായി ആര് വരുമെന്നത് ഇപ്പോള്‍ ഭരണകൂടത്തിന് മുന്നിലുള്ള വലിയ ചോദ്യചിഹ്നമാണ്.

Tags:    

Similar News