'അവർ ക്യാമ്പസിൽ പച്ചയ്ക്ക് മതംപറഞ്ഞ് വിദ്യാർത്ഥികളെ വേർതിരിക്കാൻ ശ്രമിക്കുന്നു; രാഷ്ട്രീയ നേട്ടങ്ങൾക്കായി എന്ത് നെറികേടും കാണിക്കും; ഇത് നാടിന് തന്നെ ആപത്ത്..!!'; കണ്ണൂർ കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ തീപ്പാറും പോസ്റ്റ് കണ്ട് ഞെട്ടൽ; എല്ലാം മുഖത്തടിച്ച് സംസാരിച്ച് ധൈര്യം; സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച് ചർച്ച

Update: 2025-08-20 13:43 GMT

കണ്ണൂർ: വിദ്യാർഥി രാഷ്ട്രീയത്തിൽ മതത്തെ കൂട്ടുപിടിച്ച് നേട്ടമുണ്ടാക്കാൻ എംഎസ്എഫ് (മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷൻ) ശ്രമിക്കുന്നതായി കെഎസ്‌യു (കേരള സ്റ്റുഡന്റ്‌സ് യൂണിയൻ) കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ്. ക്യാമ്പസുകളിൽ മതചിന്തകൾ പ്രചരിപ്പിച്ച് വിദ്യാർഥിസമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും എംഎസ്എഫ് ഒരു മതസംഘടനയാണെന്നും മുബാസ് ആരോപിച്ചു. ഒരു ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എംഎസ്എഫിനെതിരേ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്.

എം.എം. കോളേജിലെ ഒരു സംഭവം പ്രധാനമായും മുബാസിന്റെ ആരോപണങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഇവിടെ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിക്കേണ്ടിയിരുന്ന വിദ്യാർഥിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് പിന്മാറാൻ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. മതത്തെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന ഈ സമീപനം നാടിന് ആപത്താണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

"മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിൾക്കണ്ണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തലപൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണ്," മുബാസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ക്യാമ്പസുകളിൽ വിദ്യാർഥികൾ രാഷ്ട്രീയം തിരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ചാണെന്നും മതത്തെ കൂട്ടുപിടിച്ചല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖം മറച്ച് ക്യാമ്പസിൽ മതം പറഞ്ഞ് വിദ്യാർഥിസമൂഹത്തെ വേർതിരിക്കുന്ന എംഎസ്എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുമെന്നും മുബാസ് മുന്നറിയിപ്പ് നൽകി. കണ്ണൂരിലെ ക്യാമ്പസുകളിൽ നിന്ന് ഇത്തരം ഗ്രൂപ്പുകളെ അകറ്റിനിർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. ഈ ആരോപണങ്ങൾ കണ്ണൂരിലെ ക്യാമ്പസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിൾക്കണ്ണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തലപൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണ്.

എം.എം. കോളേജിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് അതിൽനിന്ന് പിന്മാറാൻ പ്രേരിപ്പിച്ച ഈ സംഘടന ക്യാമ്പസുകളിൽ വർഗ്ഗീയ ചിന്തകളുടെ അപ്പസ്തോലൻന്മാരായി പ്രവർത്തിക്കുകയാണ്. ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ രാഷ്ട്രീയം തിരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ചാണ് അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ല.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങൾ എറിയപ്പെടുന്ന കാലം അതിവിദൂരമല്ല. എംഎസ്എഫ് മതസംഘടന തന്നെയാണ്, മുഖം മറച്ച് ക്യാമ്പസിൽ മതംപറഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ വേർതിരിക്കുന്നവർ. കണ്ണൂരിലെ ക്യാമ്പസിൽനിന്ന് അകറ്റിനിർത്താം ഈ കൂട്ടരേ.

Tags:    

Similar News