കത്തിയുമായി കുമാരന്‍ കാത്തിരുന്നപ്പോള്‍ ആശ ലോഡ്ജില്‍ എത്തിയത് ബാഗില്‍ നിറയെ വസ്ത്രങ്ങളുമായി; കൈരളി ടിവിയുടെ അസി ക്യാമറാന്‍ വാങ്ങിയത് ചെറുതും വലുതുമായ മൂന്ന് കത്തികള്‍; കടം വാങ്ങി തുടങ്ങിയ സൗഹൃദം അവിഹിതമായി; കൊലയും ആത്മഹത്യയും ആസൂത്രിതം; ലോഡ്ജുടമയും കുമാറും സുഹൃത്തുക്കള്‍; കൂട്ടു നിന്നത് 'മൂന്നാമനോ?'

Update: 2025-01-13 03:20 GMT

തിരുവനന്തപുരം: തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമില്‍ സുഹൃത്തായ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ ശേഷം കൈരളി ടിവി പ്രോഗ്രാം അസി. ക്യാമറമാന്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ അവിഹിതം തന്നെ. പേയാട് പനങ്ങോട് ആലന്തറക്കോണത്ത് സ്വദേശി സി.കുമാര്‍ (52)(കുമാരന്‍), പേയാട് ചെറുപാറ എസ്.ആര്‍ ഭവനില്‍ സുനില്‍ കുമാറിന്റെ ഭാര്യയും പാങ്ങോട് മിലിറ്ററി ക്യാംപിലെ കരാര്‍ തൊഴിലാളിയുമായ ആശ (42) എന്നിവരാണ് മരിച്ചത്. ആശയെ കഴുത്തിനു കുത്തേറ്റ നിലയിലും കുമാറിനെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലും ആണു കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ടെര്‍മിനലിനു സമീപത്തെ കൊടിയില്‍ ടൂറിസ്റ്റ് ഹോമിലാണ് സംഭവം. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് സൂചന.

ചാനലിലെ ജീവനക്കാരായ ടൂറിസ്റ്റ് ഹോം ഉടമ കുമാറിനെ ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ റൂമിലെത്തി വിളിച്ചു. വാതില്‍ തുറക്കാത്തതിനാല്‍ പൊലീസില്‍ അറിയിച്ചു. മുറിയില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ആശയുടെ ദേഹത്തു ക്ഷതമേറ്റ പാടുകളും കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു. ശനി രാവിലെ ജോലിക്ക് പോയ ആശ തിരിച്ചെത്താത്തതിനാല്‍ ഭര്‍ത്താവ് സുനില്‍ വൈകിട്ട് അന്വേഷിച്ചിരുന്നു. സുനില്‍ രാത്രിയോടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുമാര്‍ ഭാര്യയുമായി പിരിഞ്ഞു 4 വര്‍ഷത്തിലേറെയായി ആലന്തറക്കോണത്ത് ഒറ്റയ്ക്കാണ് താമസം. ഏക മകന്‍ ഭാര്യയുടെ അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തിലാണ്. ആശയുടെ ഭര്‍ത്താവ് സുനില്‍കുമാര്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ഇവര്‍ക്ക് 2 മക്കളുണ്ട്. ആശയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. കുമാറിന്റെ സുഹൃത്താണ് ആശയെന്ന് പോലീസ് പറഞ്ഞു.

കുമാറിന്റെ സുഹൃത്ത് അരുണ്‍ സ്റ്റീഫനാണ് പോലീസിനെ ബന്ധപ്പെട്ടത്. അരുണ്‍ സ്റ്റീഫന്റേതാണ് ലോഡ്ജ് എന്നാണ് സൂചന. ഇയാള്‍ കൈരളിയിലും ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ആശയും കുമാറും തമ്മിലുള്ള ബന്ധം ഇയാള്‍ക്ക് അറിയേണ്ടതാണ്. ഈ നിലയിലും പോലീസ് അന്വേഷണം പോകും. റൂം മുട്ടി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. ഇതോടെ പോലീസിനെ വിളിച്ചു വരുത്തി. പോലീസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ചു. തുറന്നപ്പോള്‍ വെള്ള കളറുള്ള കയറില്‍ ഫാനില്‍ കെട്ടി തൂങ്ങി നില്‍ക്കുന്ന കുമാറിനെയാണ് കണ്ടത്. ഇതേ റൂമിന്റെ വാതിലിന് എതിര്‍വശത്തുള്ള ചുവരിനോട് മൂലയില്‍ തറയില്‍ മരിച്ചു കിടക്കുകയായിരുന്നു ആശ. രാവിലെ ഏഴു മണിയോട് അടുത്താണ് പോലീസ് ടൂറിസ്റ്റ് ഹോമിലെത്തിയത്. പോലീസിനെ കാര്യം അറിയിച്ച അരുണ്‍ സ്റ്റീഫന്റെ സുഹൃത്താണെന്നും എഫ് ഐ ആറിലുണ്ട്.

രണ്ടു ദിവസം മുന്‍പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. ആശയെ ഇയാള്‍ ഇവിടേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് സൂചന. ജോലിയുടെ ആവശ്യത്തിനായി ഞായറാഴ്ച രാവിലെ കുമാറിനെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. മുറിക്കു പുറത്ത് ഇരുവരെയും കാണാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ മുറിയില്‍ തട്ടി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇവിടെയെത്തിയ ഇയാളുടെ സുഹൃത്ത് തമ്പാനൂര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മുറി ചവിട്ടിത്തുറന്നു നോക്കിയപ്പോള്‍ കുമാറിനെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണപ്പെട്ടു. ഇയാളുടെ കൈയിലും മുറിവുണ്ട്. ചുമരിനോടു ചേര്‍ന്ന് തറയിലായിരുന്നു ആശയുടെ മൃതദേഹം. ആശയെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മുറിയില്‍ മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ആശയെ കുത്താനുപയോഗിച്ചതെന്നു കരുതുന്ന കത്തിയും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്.

കുമാറിന്റെ കൈയിലെ മുറിവ് ഇതിനിടയില്‍ സംഭവിച്ചതാകാമെന്ന് പോലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ ലോഡ്ജിലെത്തി പരിശോധന നടത്തി. പൊതുവേ അന്തര്‍മുഖനായ സ്വഭാവമുള്ളയാളാണ് കുമാറെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ലോഡ്ജിലെത്തിയ കുമാറും ആശയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കൊലപാതകം നടക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ കൂടുതല്‍ വ്യക്തത വരൂവെന്ന് പോലീസ് പറഞ്ഞു. ആശയെ കുമാര്‍ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച മുറിയെടുത്ത കുമാര്‍ ആശയെ ആക്രമിക്കാനായി ചെറുതും വലുതുമായി 3 കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. 3 കത്തികളില്‍ മൂര്‍ച്ചയേറിയ കത്തിയാണു കുത്താനായി കുമാര്‍ ഉപയോഗിച്ചത്. കഴുത്തില്‍ 4 തവണ കുത്തേറ്റ പാടുണ്ട്. ജീവനൊടുക്കാനുള്ള കയറും കുമാര്‍ വാങ്ങി സൂക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവിടെ കുമാര്‍ മുറിയെടുത്ത ശേഷം ഇരുവരും പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ശനി രാവിലെ ഇവിടെയെത്തിയ ആശ ഭക്ഷണവും വസ്ത്രങ്ങളും ബാഗില്‍ കരുതിയിരുന്നു. നിറയെ വസ്ത്രങ്ങളുമായെത്തിയ ഇവര്‍ തിരിച്ചുപോകാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇരുവരും 3 വര്‍ഷം മുന്‍പു സൗഹൃദത്തിലായത്. ആശയില്‍നിന്നു കുമാര്‍ പലതവണ പണം കടം വാങ്ങിയിരുന്നതായി വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാകാം സംഭവത്തിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. ആശയും കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ചു ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ അറിവില്ല. വെള്ളി വൈകിട്ടാണ് കുമാര്‍ ലോഡ്ജില്‍ മുറിയെടുത്തത്. ആശയും മുറിയില്‍ ഉണ്ടാകുമെന്നു ലോഡ്ജ് ഉടമയോടു പറഞ്ഞിരുന്നു. ശനി രാവിലെയാണ് ആശ ലോഡ്ജില്‍ എത്തിയത്. പിന്നീട് ഇവര്‍ പുറത്തിറങ്ങിയിട്ടില്ല. ജോലിക്കുപോയ ആശ തിരിച്ചെത്താത്തതിനാല്‍ ഭര്‍ത്താവ് സുനില്‍ വൈകിട്ട് അന്വേഷിച്ചിരുന്നു. സഹപ്രവര്‍ത്തകരോട് അന്വേഷിച്ചപ്പോള്‍ ആശ അവധിയാണെന്ന് അറിഞ്ഞു. ഇതോടെ സംശയവും തുടങ്ങി.

ആശയെ കാണാനില്ലെന്ന പരാതി വിളപ്പില്‍ശാല പോലീസിന് കിട്ടിയിരുന്നു. പതിനൊന്നിന് പുലര്‍ച്ചെ വീട്ടില്‍ നിന്നും കാണാതായി എന്നാണ് പരാതി. അങ്ങനെ വരുമ്പോള്‍ കുമാറും ആശയും ഒരുമിച്ചെത്തി തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തു എന്ന നിഗമനത്തില്‍ വേണം എഫ് ഐ ആറില്‍ നിന്നെത്താന്‍. കുമാറിന്റെ ദേഹത്തും മുറിവുണ്ട്. രണ്ടു കൊല്ലം മുമ്പ് വിവാഹ മോചനം നേടിയ വ്യക്തിയാണ് കുമാര്‍. ആശ രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മയും. കുമാറിനും ആദ്യ ഭാര്യയില്‍ മക്കളുണ്ട്. ആശയും കുമാറും കുറച്ചു കാലമായി സൗഹൃദത്തിലായിരുന്നുവെന്നാണ് സൂചന. രണ്ടു പേരുടേയും വീട് ഒരേ മേഖലയിലെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരവും. ആശയുടെ കഴുത്തറത്താണ് കൊന്നിരിക്കുന്നത്. ഇതിന് ശേഷം കുമാറും മരിച്ചുവെന്നും വേണം കരുതാന്‍.

Tags:    

Similar News