മണ്‍സൂണ്‍ മഴക്കെടുതിയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; ഹിമാചല്‍ പ്രദേശില്‍ മരണസംഖ്യ 78 ആയി; ഉരുള്‍പൊട്ടലിന് സാധ്യത; ഉത്തരാഖണ്ഡിലെ നാല് ജില്ലകളില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ്

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിന് സാധ്യത, മുന്നറിയിപ്പ്

Update: 2025-07-07 05:06 GMT

മാണ്ഡി: മണ്‍സൂണ്‍ മഴക്കെടുതിയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാതായി. ഹിമാചലിലെ മാണ്ഡിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഷിംലയിലും റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച ചമ്പയിലും മാണ്ഡിയിലും മേഘവിസ്‌ഫോടനം ഉണ്ടായിരുന്നു.

ഉത്തരാഖണ്ഡിലും മഴ ശക്തമായി തുടരുകയാണ്. നാല് ജില്ലകളില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നല്‍കി. ഹരിയാന, ഛത്തീസ്ഗഢ് മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയിലും മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഹിമാചല്‍ പ്രദേശിലെ മണ്ഡി മഴക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ജൂണ്‍ 20 മുതലുളള കണക്കുകള്‍ പ്രകാരം മരണസംഖ്യ 78 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് 23 മിന്നല്‍ പ്രളയങ്ങളും 19 മേഘവിസ്‌ഫോടനങ്ങളും 16 മണ്ണിടിച്ചിലുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ഫലമായി 541 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ദുരന്തത്തില്‍ 78 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 37 പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. 115ഓളം പേര്‍ക്ക് പരിക്കേറ്റു.

രണ്ട് ദേശീയ പാതകള്‍ ഉള്‍പ്പെടെ 243 റോഡുകള്‍ അടച്ചു. 278 വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്തംഭിച്ചു. ഇത് ആയിരക്കണക്കിന് വീടുകളെ ബാധിച്ചു. ശക്തമായ വെള്ളപ്പൊക്കം കാരണം 261 ജലപാതകളും അടച്ചു. മാണ്ഡി ജില്ലയിലെ തുനാഗിലുള്ള ഹിമാചല്‍ സഹകരണ ബാങ്കിന് സാരമായ കേടുപാടുകള്‍ ഉണ്ടായി. ബാങ്കിന്റെ ഒന്നാം നിലയില്‍ വെള്ളവും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കപ്പെടാതിരിക്കാന്‍ സ്ഥലത്തെ വ്യാപാരികള്‍ ബാങ്കിന് കാവല്‍ നില്‍ക്കേണ്ട ഗതികേടിലാണ്.

ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ നാഷനഷ്ടങ്ങളാണ് ബാങ്കിനുണ്ടായതെന്ന് കണക്കാക്കപ്പെടുന്നു. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം 5,000 രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്നും നാളെയും ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ ഉത്തരാഖണ്ഡിലെ നാല് ജില്ലകളില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി എന്നീ ജില്ലകള്‍ക്കാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. റോഡുകളില്‍ മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ളതിനാല്‍ ജെസിബി, പോക്ക്ലാന്‍ഡ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ ഉപകരണങ്ങള്‍ മേഖലയില്‍ വിന്യസിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രദേശത്തേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News