വയനാട് ചീരാലില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച പുലി കൂട്ടിലായി; കുടുങ്ങിയത് രണ്ട് വയസുള്ള ആണ്‍പുലി; മാസങ്ങളായി ചീരാലിലും പരിസരപ്രദേശങ്ങളിലും വന്യജീവി ആക്രമണം തുടര്‍ക്കഥ; ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍

വയനാട് ചീരാലില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച പുലി കൂട്ടിലായി

Update: 2025-10-01 05:30 GMT

സുല്‍ത്താന്‍ ബത്തേരി: വയനാട് ചീരാല്‍ പുളിഞ്ചാലില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച പുലി കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രി പുലി കുടുങ്ങിയത്. രണ്ട് വയസുള്ള ആണ്‍പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്. പുലിയെ എങ്ങോട്ടു മാറ്റുമെന്നത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കും. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചീരാലില്‍ പുലിയും കരടിയും ഇറങ്ങുന്ന സ്ഥലമാണ്. വന്യമൃഗങ്ങള്‍ ചീരാലിലും സമീപ പ്രദേശങ്ങളിലും വളര്‍ത്തു മൃഗങ്ങളെ പിടികൂടുന്നത് സര്‍വസാധാരണമാണ്. ഇത് വനം വകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധിക്കുന്നതിന് വഴിവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുളിഞ്ചാലില്‍ ഒന്‍പത് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി കൊന്നിരുന്നു. കാടംതൊടി സെയ്താലിയുടെ വീട്ടുവളപ്പിലെ തൊഴുത്തിന് സമീപത്താണ് ചൊവ്വാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. രാവിലെ പശുവിനെ കറന്ന ശേഷം പുല്ല് നല്‍കാനായി തൊഴുത്തിലെത്തിയപ്പോഴാണ് സെയ്താലിയും കുടുംബവും പശുക്കിടാവിനെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു.

നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പുലി പിടികൂടാനായി പശുക്കിടാവിനെ കൊന്നുതിന്ന പുളിഞ്ചാലില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കരിങ്കാളികുന്നില്‍ പുലി ശല്യത്തെ തുത്തുടര്‍ന്ന് മുമ്പ് സ്ഥാപിച്ച കൂട് പുളിഞ്ചാലിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടാത്. വന്യമൃഗശല്യം തുടരുന്ന ചീരാല്‍ മേഖലയില്‍ നിലവില്‍ ആകെ മൂന്ന് കൂടുകളാണുള്ളത്.

കഴിഞ്ഞ കുറേ മാസങ്ങളായി ചീരാലിലും പരിസരപ്രദേശങ്ങളിലും വന്യജീവി ആക്രമണം തുടര്‍ക്കഥയാവുകയാണ്. ചൊവ്വാഴ്ച ചീരാല്‍ ടൗണിന് സമീപം പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച കൊഴുവണയിലും സമാനമായ രീതിയില്‍ പുലിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനിടെ ഈസ്റ്റ് ചീരാല്‍ ഭാഗത്ത് കരടി ശല്യവും രൂക്ഷമാണ്. തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    

Similar News