മുറിയില്‍ നിന്നും മദ്യവും ലഹരി വസ്തുക്കളും കണ്ടെത്തി; മരണത്തിന് തൊട്ട് മുന്‍പ് മുറിയിലെ സാധനങ്ങള്‍ അടിച്ചു തകര്‍ത്തു; ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് എടുത്തുചാടി മരിച്ചെന്ന് പോലീസ്; പതിനാലാം വയസ്സില്‍ ലഭിച്ച താങ്ങാനാവാത്ത താരഭാരം ലിയാം പെയ്‌നെ തീര്‍ത്തത് ഇങ്ങനെ

മുറിയില്‍ നിന്നും മദ്യവും ലഹരി വസ്തുക്കളും കണ്ടെത്തി

Update: 2024-10-18 01:09 GMT

ബ്യൂണസ് അയേഴ്‌സ്: ശരീരത്തിലെ ഒന്നിലധികം മുറിവുകളും ആന്തരികവും ബാഹ്യവുമായ രക്ത സ്രാവവുമാണ് പോപ്പ് താരം ലിയം പെയ്‌നിന്റെ മരണകാരണമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ നാഷണല്‍ ക്രിമിനല്‍ ആന്‍ഡ് കറക്ഷണല്‍ പ്രോസിക്യൂട്ടേഴ്സ് ഓഫീസാണ് ഇക്കാര്യം പുറത്തു വിട്ടത്. ഇക്കഴിഞ്ഞ 16 ന് ആയിരുന്നു മുന്‍ വണ്‍ ഡയറക്ഷന്‍ ബാന്‍ഡ് സംഘാംഗമായ ലിയം പെയ്ന്‍ ബ്യൂണസ് അയേഴ്സിലെ ഹോട്ടല്‍മുറിയുടെ ബാല്‍ക്കണിയില്‍ നിന്നും വീണു മരിച്ചത്.

അന്വേഷണത്തില്‍ പെയ്ന്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും മദ്യവും മയക്കുമരുന്നും കണ്ടെത്തി. മരണത്തിന് മുന്‍പായി ഇയാള്‍ മദ്യവും മയക്കുമരുന്നു ഉപയോഗിച്ചിരിക്കാം എന്നാണ് കരുതുന്നത്. മൂന്നാം നിലയില്‍ നിന്നും വീണു മരിച്ചു ഏന്നായിരുന്നു നേരത്തെ അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ബ്യൂണസ് അയേഴ്സ് സുരക്ഷാ മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിച്ചിരിക്കുന്നത് പെയ്ന്‍ മൂന്നാം നിലയിലുള്ള മുറിയുടെ ബാല്‍ക്കണിയില്‍ നിന്നും എടുത്തു ചാടുകയായിരുന്നു എന്നാണ്.

2010 ല്‍ എക്സ് ഫാക്ടറിലൂടെ പ്രശസ്തനായ പെയ്ന്‍ പിന്നീട് വണ്‍ ഡയറക്ഷന്‍ ബാന്ദിലൂടെ കൂടുതല്‍ പ്രശസ്തനാവുകയായിരുന്നു. പിന്നീട് 2016 ല്‍ ഈ ബാന്‍ഡ് സംഘം പിരിച്ചു വിടുകയും കാപിറ്റോള്‍ റെക്കോര്‍ഡ്‌സ് യു കെയുമായി ഒരു സോളോ റെക്കോര്‍ഡ് കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. 2017 ല്‍ ആയിരുന്നു സോളോ റെക്കോര്‍ഡിംഗ് ആരംഭിച്ചത്. 2019 ല്‍ ആദ്യ സോളോ ആല്‍ബം ആയ എല്‍ പി 1 പുറത്തിറങ്ങി. തന്റെ മദ്യപാനാസക്തിയേയും ആത്മഹത്യാ ചിന്തകളെയും കുറിച്ച് പെയ്ന്‍ നേരത്തെ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്റെ അമിത മദ്യപാനത്തെ കുറിച്ചും പെയ്ന്‍ പറഞ്ഞിരുന്നു.

വണ്‍ ഡയറക്ഷന്‍ ബാന്‍ഡിലെ പഴയ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ ലൂയിസ് ടോമില്‍സണ്‍, സയന്‍ മാലിക്, നിയല്‍ ഹോറന്‍, ഹാരി സ്‌റ്റൈല്‍സ് എന്നിവര്‍ ചേര്‍ന്ന് ഇറക്കിയ അനുശോചന സന്ദേശത്തില്‍ പറയുന്നത്, ഹൃദയഭേദകമായ വാര്‍ത്തയായിരുന്നു പെയ്‌നിന്റെ മരണമെന്നാണ്. ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും ചാടുമ്പോള്‍ പെയ്ന്‍ അബോധാവസ്ഥയിലോ അര്‍ദ്ധബോധാവസ്ഥയിലോ ആയിരുന്നു എന്നാണ് അര്‍ജന്റീന പ്രോസിക്യൂട്ടേഴ്സ് ഓഫീസ് വ്യക്തമാക്കിയത്. 45 അടി ഉയരത്തില്‍ നിന്നാണ് താരം വീണത്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ തനിക്ക് മേല്‍ പതിച്ച താരത്തിളക്കത്തിന്റെ സമ്മര്‍ദ്ദം പെയ്ന്‍ എന്നും അനുഭവിച്ചിരുന്നതായി അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ലജ്ജാവതികളും അധികം സംസാരിക്കാത്തവരുമായ പെണ്‍കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന പെയ്ന്‍ ഒരു ഫുട്‌ബോള്‍ ആരാധകന്‍ കൂടിയായിരുന്നു.

Tags:    

Similar News