ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമി ആരാകും? പുതിയ പോപ്പിനെ തിരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ ഒരുക്കങ്ങള്‍ തകൃതി; കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനിലെത്തി; വോട്ടവകാശം ഉള്ളത് 135 കര്‍ദ്ദിനാള്‍മാര്‍ക്ക്; സിസ്‌റ്റൈന്‍ ചാപ്പലില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി
പോപ്പിനെ തിരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ ഒരുക്കങ്ങള്‍ തകൃതി
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനായി കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനില്‍ എത്തിക്കഴിഞ്ഞു. 135 കര്‍ദ്ദിനാള്‍മാരാണ് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നത്. എണ്‍പത് വയസില്‍ താഴെ പ്രായമുള്ള കര്‍ദ്ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം ഉള്ളത്. പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇവര്‍ക്ക് നടപടിക്രമങ്ങള്‍ നടക്കുന്ന സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്ന് പുറത്തേക്ക് പോകാന്‍ കഴിയുകയുള്ളൂ.
യാഥാസ്ഥിതികരും പുരോഗമനവാദികളും എല്ലാം തന്നെ ആരായിരിക്കും പുതിയ പോപ്പ് എന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയാണ്. ലോകമെമ്പാടുമായി 1.4 ബില്യണ്‍ കത്തോലിക്കര്‍ ഉണ്ടെന്നാണ് കണക്ക്. അത് കൊണ്ട തന്നെ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വളരെ ദൈര്‍ഘ്യമേറിയ ഒരു പ്രക്രിയ തന്നെയായിരിക്കും. മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നതിനായി ചേരുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം കര്‍ദ്ദിനാള്‍മാരും ആദ്യമായിട്ടാണ് ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരെയും കര്‍ദ്ദിനാള്‍മാരായി നിയോഗിച്ചത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുപതോളം പേര്‍ കര്‍ദ്ദിനാള്‍മാരാകുന്നത്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇവരില്‍ പലരും മുന്‍പരിചയം ഉള്ളവര്‍ അല്ല എന്നതും ഒരു പ്രത്യേകതയാണ്. പേപ്പല്‍ കോണ്‍ക്ലേവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ചയാണ് ഔപചാരിക ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വത്തിക്കാനില്‍ എത്തിയിട്ടുള്ള കര്‍ദ്ദിനാള്‍മാര്‍ തമ്മില്‍ അനൗപചാരികമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു.
ഇരുപതിലിലധികം കര്‍ദ്ദിനാള്‍മാരെ മാര്‍പ്പാപ്പ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. 2013 ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ
തെരഞ്ഞെടുക്കുന്ന ഘട്ടത്തിലും ആദ്യം അദ്ദേഹത്തിന്റെ പേരിന് പ്രാമുഖ്യം ലഭിച്ചിരുന്നില്ല. യാഥാസ്ഥിതിക വിഭാഗത്തില്‍ അമേരിക്കക്കാരനായ റെയ്മണ്ട് ബര്‍ക്കിനും ജര്‍മ്മന്‍കാരനായ ഗെര്‍ഹാര്‍ഡ് മുള്ളറിനും വേണ്ടി പലരും സജീവമായി രംഗത്തുണ്ട്. 2013ല്‍ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്ന സമയത്ത് വോട്ടെടുപ്പില്‍ പങ്കെടുത്ത പകുതിയിലധികം കര്‍ദ്ദിനാള്‍മാരും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുളളവരായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ അനുപാതം 39 ശതമാനമായി കുറഞ്ഞു. 18 ശതമാനം ഏഷ്യയില്‍ നിന്നും, 18% ലാറ്റിന്‍ അമേരിക്കയില്‍ നിന്നും, കരീബിയന്‍ പ്രദേശങ്ങളില്‍ നിന്നും, 12 ശതമാനം ആഫ്രിക്കയില്‍ നിന്നുമാണ് ഉള്ളത്. കഴിഞ്ഞ ഡിസംബറില്‍ നിയമിക്കപ്പെട്ട കര്‍ദ്ദിനാള്‍മാരില്‍ ഏഴ് പേര്‍ അറുപത് വയസില്‍ താഴെയുള്ളവര്‍ ആയിരുന്നു. ഫ്ര്ാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയാകാന്‍ വാതുവെയ്പുകാര്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത് പിയാട്രോ പട്രോളിനാണ്. തൊട്ടു പിന്നാലെ ലൂയിസ് അന്റോണിയോ ടാഗിളും ഉണ്ട്.