11 ലക്ഷം ആവശ്യപ്പെട്ടു, 5 ലക്ഷവുമായി ചന്ദ്രു ലമണിയും സഹായികളും കുടുങ്ങി; കർണാടകയിൽ ബിജെപി എംഎൽഎയെ പൂട്ടി ലോകായുക്ത; സിദ്ധരാമയ്യയുടെ വക രൂക്ഷവിമർശനം, പരിഹാസവുമായി ഡി.കെ ശിവകുമാർ; രാഷ്ട്രീയ ഗൂഢാലോചനയെന്ന് ബിജെപി

Update: 2026-02-22 01:17 GMT

ബെംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയെ അഴിമതിക്കേസിൽ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരനിൽ നിന്ന് കോഴ വാങ്ങിയതിനാണ് നടപടി. ശിരഹട്ടി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ചന്ദ്രു ലമണി, സഹായികളായ മഞ്ജുനാഥ് വാൽമീകി, ഗുരുനായിക് എന്നിവരാണ് ലോകായുക്തയുടെ പിടിയിലായത്. ഗദഗ് ജില്ലയിലെ ചിഞ്ചാലിയിൽ നിന്നുള്ള ക്ലാസ്-വൺ കരാറുകാരൻ വിജയ് പൂജാർ നൽകിയ പരാതിയാണ് അറസ്റ്റിലേക്ക് നയിച്ചത്.

ചെറുകിട ജലസേചന വകുപ്പിന് കീഴിൽ റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന ജോലികൾ സുഗമമാക്കുന്നതിനും ബില്ലുകൾ പാസാക്കുന്നതിനുമായി 11 ലക്ഷം രൂപയാണ് എംഎൽഎയും സംഘവും കോഴ ആവശ്യപ്പെട്ടത്. ഇതിൽ 5 ലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ ലോകായുക്ത സംഘം ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു. 1988-ലെ അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിദ്ധരാമയ്യയുടെ വിമർശനം, ഡി.കെയുടെ പരിഹാസം

സംഭവം പുറത്തുവന്നതോടെ ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണവുമായി ഭരണപക്ഷം രംഗത്തെത്തി. "മറ്റുള്ളവർക്കെതിരെ അഴിമതി ആരോപിക്കാൻ എളുപ്പമാണ്, എന്നാൽ ഇപ്പോൾ സ്വന്തം എംഎൽഎ തന്നെ പിടിയിലായിരിക്കുന്നു. ഇതിൽ ബിജെപി മറുപടി പറയണം," എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ബിജെപി നേതാക്കൾ 'മഹാ സത്യസന്ധരാണെന്നും' ലോകായുക്തയ്ക്ക് വിവരം മാറിയതാകാമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പരിഹാസരൂപേണ പ്രതികരിച്ചു.

പ്രതിഷേധവുമായി ബിജെപി

അതേസമയം, അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ബിജെപി ആരോപിച്ചു. ഗദഗിൽ എംഎൽഎയുടെ അനുയായികൾ സർക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം നടത്തി. കോൺഗ്രസ് സർക്കാരിന്റെ അഴിമതി മറച്ചുവെക്കാനാണ് പ്രതിപക്ഷത്തെ ലക്ഷ്യം വെക്കുന്നതെന്ന് ബിജെപി വക്താവ് അശോക് ഗൗഡ ആരോപിച്ചു. വസ്തുതകൾ പരിശോധിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അറിയിച്ചു.

Tags:    

Similar News