അഴിമതി വിരുദ്ധസേനക്ക് അല്‍പം ആഡംബരം കൂടിയാലും കുഴപ്പമില്ല! അഴിമതി അന്വേഷിക്കുന്ന ലോക്പാലിനായി വാങ്ങുന്നത് ഏഴ് ബിഎംഡബ്ല്യു കാറുകള്‍; ആകെ ചെലവ് അഞ്ച് കോടി രൂപ; ടെണ്ടര്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍

അഴിമതി വിരുദ്ധസേനക്ക് അല്‍പം ആഡംബരം കൂടിയാലും കുഴപ്പമില്ല!

Update: 2025-10-21 08:14 GMT

ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന ലോക്പാലിനായി ആഡംബര കാറുകള്‍ വാങ്ങുന്ന നടപടി വിവാദത്തില്‍. രാജ്യത്തെ അഴിമതി വിരുദ്ധ ഓംബുഡ്സ്മാനായ 'ലോക്പാല്‍' യാത്രകള്‍ കൂടുതല്‍ ആഡംബരമാക്കുന്നതാണ് വിവാദങ്ങള്‍ക്ക് വഴിവെക്കുന്നത്. 70 ലക്ഷം രൂപ വിലവരുന്ന ഏഴ് ബി.എം.ഡബ്യു കാറുകള്‍ പുതുതായി മേടിക്കാന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് അജയ് മണിക്റാവു ഖാന്‍വില്‍ക്കര്‍ ഉള്‍പ്പെടെ ഓരോ അംഗത്തിനും ഓരോ കാറെന്ന നിലയിലാണ് ടെന്‍ഡര്‍ ക്ഷണിക്കുന്നത്. ഒക്ടോബര്‍ 16നാണ് ടെന്‍ഡറുകള്‍ ക്ഷണിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയത്.

ലോക്പാലിനായി ഏഴ് ബിഎംഡബ്ല്യു 3 സീരീസ് 330-ലി കാറുകള്‍ (BMW 3 Series 330 Li Cars) വാങ്ങുന്നതിനാണ് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. വെള്ളനിറത്തിലുള്ള സ്‌പോര്‍ട് (ലോങ് വീല്‍ബേസ്) ആണ് ആവശ്യമെന്നും ടെണ്ടറില്‍ വിശദീകരിച്ചിട്ടുണ്ട്. പുതിയ ബിഎംഡബ്ല്യു 3 സീരീസ് ലോങ് വീല്‍ബേസ് ഈ വര്‍ഷം ആദ്യമാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഏറ്റവും വിശാലമായ രണ്ടാമത്തെ സീറ്റ് നിരയുള്ള സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയ കാറാണിതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഈ കാറിന്റെ ഓണ്‍-റോഡ് വില ഏകദേശം 70 ലക്ഷം രൂപയാണ്. അതായത് ഏഴ് കാറുകളുടെ ആകെ വില ഏകദേശം അഞ്ചുകോടി രൂപ.

ലോക്പാല്‍ ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വാഹനങ്ങളെകുറിച്ചും ഇലക്ട്രോണിക് സംവിധാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും പഠിപ്പിക്കുന്നത് ഉള്‍പ്പെടെ ഏഴ് ദിവസത്തെ 'പരിശീലനം' നല്‍കാന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിനോട് ആവിശ്യപെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.വാഹനം കൈമാറുന്ന തീയതി തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കുകയും വേണം.

ടെന്‍ഡറുകള്‍ വിവാദമായതോടെ ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതി വിരുദ്ധ സംഘടനക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അഴിമതി ചെയ്യുന്നതില്‍ കുറ്റബോധം ഇല്ലാത്തവരും ആഡംബര ജീവിതം നയിക്കാന്‍ സന്തുഷ്ടരുമായ ആളുകളെ നിയമിച്ചുകൊണ്ട് ലോക്പാലിനെ തകര്‍ക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്ന് ഭൂഷണ്‍ ആരോപിച്ചു.

'ഉത്തരവാദിത്തത്തിന്റെ പ്രതീകമായിരുന്ന ലോക്പാല്‍ എന്ന സ്ഥാപനം തകര്‍ന്നടിഞ്ഞിരിക്കുന്നു, നിയമനങ്ങള്‍ ഇല്ലാത്ത ഒരു സ്ഥാപനത്തിനായി സര്‍ക്കാര്‍ എന്തിനാണ് ആഡംബര വിദേശ കാറുകള്‍ വാങ്ങുന്നത്?' എന്ന ആരോപണവുമായി കോണ്‍ഗ്രസ്സിന്റെ യുവജന വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

2013-ലെ ലോക്പാല്‍, ലോകായുക്ത നിയമപ്രകാരം സ്ഥാപിതമായ സ്ഥാപനമാണ് ലോക്പാല്‍ ഓഫ് ഇന്ത്യ. ചെയര്‍പേഴ്‌സണിന്റെ ശമ്പളം, അലവന്‍സുകള്‍, മറ്റ് സേവന വ്യവസ്ഥകള്‍ എന്നിവ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റേതിന് തുല്യമാണ്. അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍, മറ്റ് സേവന വ്യവസ്ഥകള്‍ എന്നിവ സുപ്രീം കോടതി ജഡ്ജിയുടേതിന് തുല്യമാണ്.

Tags:    

Similar News