സഹായം അഭ്യർത്ഥിച്ചയാളെ വാഹനത്തിൽ കയറ്റി; വഴിയിലെ പൊലീസ് പരിശോധനയിൽ മലയാളി കുടുങ്ങി; ജയിൽ ശിക്ഷ കഴിഞ്ഞെത്തിയപ്പോൾ ശമ്പളം പോലും നൽകാതെ കമ്പനി പുറത്താക്കി; സർവീസ് ആനുകൂല്യവും നഷ്ടപ്പെട്ടു; ഒടുവിൽ പ്രവാസിക്ക് ആശ്വാസം

Update: 2026-01-13 13:32 GMT

റിയാദ്: സൗദി അറേബ്യയിൽ അപരിചിതനായ ഒരാൾക്ക് ലിഫ്റ്റ് നൽകിയതിനെ തുടർന്ന് മലയാളിക്ക് നഷ്ടമായത് ജോലിയും 11 വർഷത്തെ സർവീസ് ആനുകൂല്യങ്ങളും. പത്തനംതിട്ട ജില്ല ആറന്മുള സ്വദേശി പ്രസാദ് കുമാറിനാണ് ജീവിതം തകിടം മറിഞ്ഞ അനുഭവം നേരിടേണ്ടിവന്നത്. രേഖകളില്ലാത്ത യമൻ പൗരനെ വാഹനത്തിൽ കയറ്റിയതാണ് പ്രസാദിന്റെ ജീവിതം ദുരിതത്തിലാക്കിയത്. ജോലിയും സർവീസ് മണിയും നഷ്ടമായത് കൂടാതെ ജയിൽ വാസവും അനുഭവിക്കേണ്ടി വന്നു പ്രസാദിന്.

ജിസാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രസാദ് കുമാർ. യാത്രക്കിടെ വഴിയിൽ സഹായം അഭ്യർത്ഥിച്ച ഒരു യെമൻ പൗരനെയാണ് ഇദ്ദേഹം വാഹനത്തിൽ കയറ്റിയത്. തുടർന്നുണ്ടായ പോലീസ് പരിശോധനയിൽ, വാഹനത്തിലുണ്ടായിരുന്ന യെമൻ പൗരന് ഇക്കാമയോ മറ്റ് നിയമപരമായ രേഖകളോ ഇല്ലെന്നും അതിർത്തി കടന്ന് നിയമവിരുദ്ധമായി സൗദിയിൽ പ്രവേശിച്ചതാണെന്നും വ്യക്തമായി. ഇതോടെ യെമൻ പൗരനെയും പ്രസാദ് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും പ്രസാദിനെ ഒരു മാസത്തോളം ജയിലിൽ അടക്കുകയും ചെയ്തു.

ജയിൽ മോചിതനായ ശേഷം കമ്പനിയിലേക്ക് തിരികെ ജോലിക്കായി എത്തിയ പ്രസാദ് കുമാറിനെ മാനേജ്‌മെന്റ് പുറത്താക്കുകയായിരുന്നു. കമ്പനിയുടെ വാഹനം ഉപയോഗിച്ച് ടാക്സി സർവീസ് നടത്തിയെന്നാരോപിച്ച് സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 80 ചൂണ്ടിക്കാട്ടിയാണ് കമ്പനി ഈ നടപടി സ്വീകരിച്ചത്. ഇതോടെ ബാക്കി ശമ്പളവും 11 വർഷത്തെ സർവീസ് ആനുകൂല്യങ്ങളും പ്രസാദിന് നിഷേധിക്കപ്പെട്ടു.

മറ്റൊരു ജോലി കണ്ടെത്താൻ കഴിയാതെ സാമ്പത്തികമായി ബുദ്ധിമുട്ടിയ പ്രസാദ്, സഹായം തേടി ഇന്ത്യൻ എംബസിയെ സമീപിക്കുന്നതിനായി റിയാദിലെത്തി. അവിടെ കേളി കലാസാംസ്കാരിക വേദിയുമായി ബന്ധപ്പെടുകയും അവരുടെ ഇടപെടലിനെത്തുടർന്ന് എക്സിറ്റ് നടപടികൾ പൂർത്തിയാക്കുകയും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റ് ലഭിക്കുകയും ചെയ്തു.

Tags:    

Similar News