ക്ഷണക്കത്തില്‍ 'ഓം'; ഓഫീസില്‍ ബാബയുടെ ചിത്രം; ബാബയുടെ നിര്യാണത്തില്‍ ഔദ്യോഗിക അനുശോചന പ്രമേയവും ദേശീയ ദുഖാചരണവും; പുട്ടപര്‍ത്തിയില്‍ ഗുരുവിന്റെ സമീപം തറയില്‍ ഇരിക്കുന്ന യുവാവ്; മഡുറോ വെറുമൊരു ഏകാധിപതിയല്ല, കടുത്ത സത്യസായി ഭക്തന്‍; വൈറലായി പഴയ ചിത്രങ്ങള്‍

മഡുറോ വെറുമൊരു ഏകാധിപതിയല്ല, കടുത്ത സത്യസായി ഭക്തന്‍; വൈറലായി പഴയ ചിത്രങ്ങള്‍

Update: 2026-01-05 10:45 GMT

ന്യൂഡല്‍ഹി: യുഎസ് സേനയുടെ തടവിലായ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് ഇന്ത്യയുമായി കേവലം രാഷ്ട്രീയത്തിനപ്പുറം ആഴത്തിലുള്ള ആത്മീയ ബന്ധമുണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. പുട്ടപര്‍ത്തിയിലെ സത്യസായി ബാബയുടെ വലിയൊരു അനുയായി ആയിരുന്നു മഡുറോ എന്നതാണ് പുതിയ വാര്‍ത്ത.

മഡുറോയും ഭാര്യ സീലിയ ഫ്‌ലോര്‍സും സത്യസായി ബാബയുടെ കടുത്ത അനുയായികളാണ്. വിവാഹത്തിന് മുന്‍പ് സീലിയ ഫ്‌ലോര്‍സാണ് മഡുറോയെ സായി ബാബയ്ക്ക് പരിചയപ്പെടുത്തിയത്. 2005-ല്‍ ഇരുവരും ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയിലുള്ള പ്രശാന്തി നിലയം ആശ്രമം സന്ദര്‍ശിക്കുകയും സത്യസായി ബാബയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അന്ന് സായി ബാബയുമായി നേരിട്ട് സംസാരിക്കാനും അവര്‍ക്ക് അവസരം ലഭിച്ചു. ബാബയ്‌ക്കൊപ്പം തറയില്‍ ലളിതമായി ഇരിക്കുന്ന യുവാവായ മഡുറോയുടെ ചിത്രവും പുറത്തുവന്നിരുന്നു.

ഭരണസിരാകേന്ദ്രത്തിലെ സായി ചിത്രം

വെനസ്വേലയുടെ അധികാരമേറ്റെടുത്തപ്പോഴും മഡുറോ തന്റെ വിശ്വാസം കൈവിട്ടിരുന്നില്ല. വെനസ്വേലന്‍ വിപ്ലവനായകന്‍ സൈമണ്‍ ബൊളീവര്‍, തന്റെ രാഷ്ട്രീയ ഗുരു ഹ്യൂഗോ ഷാവേസ് എന്നിവര്‍ക്കൊപ്പം സത്യസായി ബാബയുടെ ചിത്രവും അദ്ദേഹം തന്റെ ഔദ്യോഗിക ഓഫീസില്‍ സൂക്ഷിച്ചിരുന്നു.

ബാബയ്ക്കായി ദേശീയ ദുഃഖാചരണം

2011-ല്‍ സത്യസായി ബാബ അന്തരിച്ചപ്പോള്‍ വെനസ്വേലയില്‍ അതിശയിപ്പിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന മഡുറോയുടെ പ്രത്യേക താല്പര്യപ്രകാരം വെനസ്വേലന്‍ നാഷണല്‍ അസംബ്ലി ബാബയുടെ നിര്യാണത്തില്‍ ഔദ്യോഗിക അനുശോചന പ്രമേയം പാസാക്കി. ലോകത്ത് മറ്റൊരു വിദേശ രാജ്യവും ചെയ്യാത്ത വിധം, ഒരു ദിവസത്തെ ദേശീയ ദുഃഖാചരണമാണ് വെനസ്വേല സായി ബാബയ്ക്കായി അന്ന് പ്രഖ്യാപിച്ചത്. പല വിദേശ സ്ഥാപനങ്ങളും വെനസ്വേലയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും, മഡുറോയുടെ ഭരണത്തിന്‍ കീഴില്‍ സത്യസായി ബാബയുടെ സംഘടനയ്ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ അനുവാദം ലഭിച്ചു. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ സായി ഭക്ത സമൂഹങ്ങളിലൊന്ന് വെനസ്വേലയിലാണുള്ളത്.

2024-ല്‍ വെനസ്വേലന്‍ സര്‍ക്കാര്‍ തങ്ങളുടെ ദേശീയ ദിനാഘോഷങ്ങളുടെ ക്ഷണക്കത്തില്‍ 'ഓം' ചിഹ്നം ഉള്‍പ്പെടുത്തിയത് ഈ ബന്ധത്തിന്റെ മറ്റൊരു അടയാളമായി പലരെയും അതിശയിപ്പിച്ചു. 2025 നവംബറില്‍ തടവിലാക്കപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ്, സത്യസായി ബാബയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തിയ ഔദ്യോഗിക പ്രസ്താവനയില്‍ മഡുറോ അദ്ദേഹത്തെ ഒരു 'പ്രകാശഗോളം' എന്നാണ് വിശേഷിപ്പിച്ചത്.

Tags:    

Similar News