സൈബര്‍ കമ്മികള്‍ പ്രചരിപ്പിക്കുന്ന പോലെ ഇത് നാഗ സന്യാസിമാര്‍ക്കായി കോടികള്‍ ചെലവിടുന്ന പദ്ധതിയല്ല; സര്‍ക്കാര്‍ പതിനായിരം കോടി മുടക്കുമ്പേള്‍ ഖജനാവിലേക്ക് എത്തുന്നത് രണ്ടുലക്ഷം കോടി; ഉത്തരേന്ത്യയിലെ മൊത്തം ടൂറിസം വ്യവസായത്തിനും ഉണര്‍വ്; കുംഭമേളയില്‍ ധനവും ഒഴുകിയെത്തുമ്പോള്‍

കുംഭമേളയില്‍ ധനവും ഒഴുകിയെത്തുമ്പോള്‍

Update: 2025-01-16 17:03 GMT

144 വര്‍ഷത്തിനുശേഷം നടക്കുന്ന മഹാകുംഭമേളക്കായി കേന്ദ്ര സര്‍ക്കാരും യുപി സര്‍ക്കാരും, പ്രയാഗ്രാജില്‍ ശത കോടികളാണ് മുടക്കുന്നത്. കേരളത്തിലെ ഒരു ജില്ലയുടെ അത്ര വലിപ്പത്തിലാണ് ഇവിടെ ഗംഗാ- യുമന മണല്‍പ്പരപ്പില്‍ ടെന്റുകള്‍ ഉയരുന്നത്. ഒരു പ്രത്യേക മന്ത്രിയെ തന്നെ നിയോഗിച്ചും, പ്രദേശത്തിന് ജില്ലാ പദവി കൊടുത്തുമൊക്കെയാണ്, ഇവിടെ അതിദ്രുതം വികസനമെത്തിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ഇവിടെ മൊത്തം പതിനായിരത്തോളം കോടി രൂപയാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചെലവിട്ടത്. ഒരുക്കങ്ങള്‍ക്ക് 7,000 കോടി രൂപയാണ് യുപി സര്‍ക്കാര്‍ വിനിയോഗിച്ചത്. കേന്ദ്ര സര്‍ക്കാര്‍ 3,000 കോടിയും. 1.6 ലക്ഷം ടെന്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ കേരളത്തിലെ സൈബര്‍ കമ്മികള്‍ ഇതിനെതിരെ അതി ശക്തമായാണ് പ്രതികരിക്കുന്നത്. കുറേ നഗ്‌ന സന്യാസിമാര്‍ക്കും, കഞ്ചാവ് വലിയന്‍മാര്‍ക്കും വേണ്ടി ശതകോടികള്‍ ധൂര്‍ത്തടിക്കയാണെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒന്നും തന്നെ കുംഭമേളയുടെ സാമ്പത്തിക സൂത്രം അറിയില്ല. പത്തുവെച്ച് നൂറുവാരുന്ന ഒരു തരം ലോട്ടറി തന്നെയാണ് സര്‍ക്കാറിനെ സംബന്ധിച്ച് ഈ മേള.

വരുമാനം രണ്ടുലക്ഷം കോടി രൂപ

ഈ മഹാകുംഭമേളയിലുടെ സര്‍ക്കാര്‍ ഖജനാവിലേക്ക് രണ്ട് ലക്ഷം കോടി രൂപയോളം എത്തുമെന്ന് അനൗദ്യോഗിക കണക്ക്. 40 കോടിയോളം പേര്‍ മേളക്ക് എത്തുമെന്നാണ് പറയുന്നത്. ഇവരില്‍ പത്തുകോടിയോളം പേര്‍ എങ്കിലും നല്ല ക്രയശേഷിയുള്ള തീര്‍ത്ഥാടക ടൂറിസ്റ്റുകളാണ്. ഇവരില്‍ പലരും ഒരാഴ്ച ഉത്തരന്ത്യേയില്‍ തങ്ങി, വാരാണസി മുതല്‍ രാമക്ഷേത്രം വരെ സന്ദര്‍ശിച്ചാണ് മടങ്ങാറുള്ളത്. ഇവര്‍ മിനിമം ശരാശി 15,000 രൂപയെങ്കിലും ഇവിടെ ചെലവഴിക്കുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) കണക്ക്.

ഈ മേള ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഒരു ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണം മുതല്‍ വിമാന ടിക്കറ്റ് വരെ വരുമാനം വരുന്ന വഴികളാണ്. ഭക്ഷണ പാനീയം ഇനത്തില്‍ 20,000 കോടിയാണ് വരുമാനം കണക്കാക്കുന്നത്. എണ്ണ, വിളക്ക്, വഴിപാട് ഇനത്തില്‍ 20,000 കോടി, ഗതാഗതം 10,000 കോടി, ഇ- ടിക്കറ്റിംഗ് , മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് എന്നിവയ്ക്ക് 1000 കോടി വരുമാനവും ലഭിക്കുമെന്നാണ് ഏകദേശ കണക്ക്.

2019 ലെ അര്‍ധ കുംഭമേളയില്‍ നിന്ന് സംസ്ഥാനത്തിന് 1.2 ലക്ഷം കോടി രൂപയുടെ വരുമാനമുണ്ടായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 40-45 കോടി ഭക്തരില്‍ ഏകദേശം 80% വും 6,0008,000 രൂപ വരെ ചെലവഴിക്കുമെന്നാണ് കണക്ക്. നാലായിരം ഹെക്ടറില്‍ 25 സെക്ടരായി നിര്‍മിച്ചിരിക്കുന്ന ടെന്റ് സിറ്റി 2019ലെ സംവിധാനത്തെ അപേക്ഷിച്ച് 20% വര്‍ധനയാണ്. 250 രൂപ മുതല്‍ രണ്ടുലക്ഷംവരെ പ്രതിദിന വാടകക്ക് കിട്ടുന്നതാണ് ഈ ടെന്റുകള്‍.

പ്രാദേശിക വികസനം വന്‍ തോതില്‍

പ്രായാഗ്രാജിന്റെയും പരിസരങ്ങളിലും വന്‍ തോതിലുള്ള വികസനമാണ് കുംഭമേള കൊണ്ടുവന്നിരിക്കുന്നത്. 400 കിലോമീറ്ററോളം റോഡ് വികസനം മേളയ്ക്ക് അനുബന്ധമായി നടന്ന് കഴിഞ്ഞു. 40,000 വഴിയോര വിളക്കുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 60, 000ല്‍ പരം വിളക്കുകള്‍ സ്ഥാപിച്ചു.തടസ്സമില്ലാതെ വൈദ്യുതി ലാഭിക്കാന്‍ രണ്ട് പവര്‍ സബ്‌സ്റ്റേഷനും 66 ട്രാന്‍സ്ഫോമേഴ്‌സുമാണ് സ്ഥാപിച്ചിട്ടുള്ളത്.ജല ദൗര്‍ലഭ്യത പരിഹരിക്കാന്‍ ഉത്തര്‍പ്രദേശ് ജല്‍ നിഗം 1249 കിലോമീറ്റര്‍ വരുന്ന പൈപ്പ് ലൈനുകളും നിര്‍മ്മിച്ചിട്ടുണ്ട്.

550 ഷട്ടില്‍ സര്‍വീസ്, 7000 ബസുകള്‍ എന്നിവയാണ് സജ്ജമായത്.13,000 ട്രെയിന്‍ സര്‍വീസും അതില്‍ 3000 സ്പെഷ്യല്‍ സര്‍വീസുമാണ് റെയില്‍വേ പദ്ധതിയിട്ടിരിക്കുന്നത്. 45 ദിവസത്തെ മേളയ്ക്ക് ഏതാണ്ട് 6 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ഒറ്റയടിക്ക് സൃഷ്ടിക്കപ്പെടുന്നത്!

45 ദിവസത്തെ മേളയ്ക്ക് ഏതാണ്ട് 800 കോടിയാണ് പൂജാ പുഷ്പങ്ങളുടെ കച്ചവടം പ്രതീക്ഷിക്കുന്നത്. ഇത് മുഴുവന്‍ പോകുന്നത് പ്രാദേശിക വിപണിയിലേക്കാണ്. പ്രയാഗ് രാജിന് സമീപമുള്ള 150 ഹോട്ടലുകളാണ് തീര്‍ത്ഥാടകര്‍ക്ക് ആതിഥേയത്വം അരുള്ളുന്നത്. 7000- ഒരു ലക്ഷം വരെയാണ് ഒരു ദിവസത്തെ താമസത്തിനായി പല ഹോട്ടലുകളും നിലവാരം അനുസരിച്ച് ചാര്‍ജ് ചെയുന്നത്.മേള കൊണ്ട് ടൂറിസം മേഖലയ്ക്കും ഇത് വന്‍ കുതിപ്പാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ശതകോടികളുടെ ബിസിനസാണ് കുംഭമേള കൊണ്ട് നടക്കുന്നത്. വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍, നമുക്ക് ശബരിമലയെയും ഇതുപോലെ സംസ്ഥാന വികസനത്തിലെ നിര്‍ണ്ണായക കണ്ണിയാക്കാന്‍ കഴിയും. പക്ഷേ അതിനുള്ള യാതൊരു ശ്രമങ്ങളും നടത്താത്തവരാണ് ഇത്രയും വരുമാനവും, തൊഴില്‍ അവസരവും നേടിത്തരുന്ന കുംഭമേളയെ പരിഹസിക്കുന്നത്.

Similar News