'കാടണിയും കാല്‍ച്ചിലമ്പേ കാനന മൈനേ..'... 8 ദുരാത്മാക്കളെ പിടികൂടാന്‍ ഈ പുലിമുരുകന്‍ പാട്ട് മാത്രം മതി! മൂന്ന് വര്‍ഷമായി അഖിലുമായി ഇഷ്ടം; ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചെങ്കിലും ദോഷമുണ്ടെന്ന് പറഞ്ഞ് നീട്ടിവച്ചു; സെപ്റ്റംബറില്‍ കാമുകിയെ നാലുമണിക്കാറ്റിലെ വീട്ടിലെത്തിച്ച കാമുകന്‍; ദുരാത്മാക്കളെ ഒഴിപ്പിച്ച് ലക്ഷ്യമിട്ടത് താലികെട്ട്; ഒടുവില്‍ ഭര്‍ത്താവും ശിവന്‍ തിരുമേനിയും ജയിലിലും; തിരുവഞ്ചൂരില്‍ 'ആഭിചാരം' എന്തിന് വേണ്ടി?

Update: 2025-11-09 06:06 GMT

കോട്ടയം: 'കാടണിയും കാല്‍ച്ചിലമ്പേ കാനന മൈനേ..' എന്ന പുലിമുരുകന്‍ സിനിമയിലെ പാട്ടും പണവും മുണ്ടെങ്കില്‍ ഏത് ബാധയും ഒഴിയും. ഇതിന് മന്ത്രവാദി ശിവദാസിന്റെ ഫീസ് 6000 രൂപ. സംഭവത്തില്‍ മന്ത്രവാദിയും യുവതിയുടെ ഭര്‍ത്താവുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടില്‍ ശിവദാസ് (ശിവന്‍ തിരുമേനി 54), യുവതിയുടെ ഭര്‍ത്താവ് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയെ വീട്ടിലെത്തിച്ച അഖിലിന്റെ മാതാവും കേസില്‍ പ്രതിയാണെങ്കിലും ഒളിവിലാണ്. കത്തിച്ചുവച്ച നിലവിളക്ക്, 3 വെറ്റില, ഒരു കുപ്പി മദ്യം, അടയ്ക്ക, മഞ്ഞള്‍ വെള്ളം, ചുണ്ണാമ്പ്.... 8 ദുരാത്മാക്കളെ പിടികൂടാന്‍ ഇതിനൊപ്പം പുലിമുരുകന്‍ പാട്ടും. ക്രൂരമായ പീഡനമാണ് യുവതി നേരിട്ടത്. ബാധ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു ആഭിചാരക്രിയ.

തനിക്ക് ബാധ കയറിയെന്ന് പറഞ്ഞ് പൂജാകര്‍മ്മങ്ങളുടെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു. കേസില്‍ ഇവരുടെ ഭര്‍ത്താവിന്റെ അമ്മയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഒരു ദിവസം നീണ്ടുനിന്ന ആഭിചാരക്രിയകള്‍. അതിപ്രാകൃതമായ സംഭവത്തിനു ഇരയായത് 24 കാരിയായ പെണ്‍കുട്ടി. ഭര്‍ത്താവ് അഖില്‍ദാസും ഇയാളുടെ അച്ഛന്‍ ദാസും അമ്മ സൗമിനിയും മന്ത്രവാദിയെന്ന പേരിലെത്തിയ ശിവദാസും ചേര്‍ന്നാണ് ആഭിചാരക്രിയകള്‍ക്കിരയാക്കിയത്. ഞായറാഴ്ച രാവിലെ തുടങ്ങിയ പൂജകള്‍ പകുതിയായപ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. സംഭവത്തിന് പിന്നാലെ നേരിടേണ്ടിവന്ന ദുരനുഭവം പെണ്‍കുട്ടി സ്വന്തം വീട്ടുകാരെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ആഭിചാരക്രിയകളുടെ ദൃശ്യങ്ങള്‍ സഹിതം മണര്‍കാട് പോലീസിന് പരാതി നല്‍കി.പോലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം അഖില്‍ ദാസിനെയും അച്ഛനെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് തിരുവല്ല സ്വദേശിയായ ശിവദാസും അറസ്റ്റിലായി.

പ്രതികാരം ചെയ്യാന്‍ മറ്റൊരാളുടെ ശരീരം തിരഞ്ഞെടുക്കുന്ന ദുരാത്മാക്കളെയാണ് ആ യുവതിയുടെ ശരീരത്തില്‍ മന്ത്രവാദി കണ്ടെത്തിയത്. ഭര്‍ത്താവുമായി വഴക്കിടുന്നതു യുവതിയല്ലെന്നും ശരീരത്തിലുള്ള ദുരാത്മാക്കളാണെന്നും കുടുംബത്തെ വിശ്വസിപ്പിച്ചു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് പിന്‍വഴിയിലൂടെ വീട്ടിലെത്തി തലയോട്ടികളുടെ രൂപങ്ങള്‍ കോര്‍ത്ത മാല ധരിച്ച് മന്ത്രവാദിയാകും. ഇതിനിടയില്‍ ആരെങ്കിലും വന്നാല്‍ മാല ഊരിമാറ്റി ശിവദാസനാകും. ദുരാത്മാക്കളെ ആണിയില്‍ തളച്ച്, യുവതിയുടെ മുടികൊണ്ടു പിടിച്ചുകെട്ടി, പാലമരത്തില്‍ തളയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി യുവതിയുടെ മുടിയില്‍ ആണി ചുറ്റി വലിച്ചു പറിച്ചെടുത്തു. ഈ ആണികള്‍ മരക്കുറ്റിയില്‍ അടിച്ചു കയറ്റി. എല്ലാവരെയും ബന്ധിച്ചെന്നും യുവതിയെ രക്ഷിച്ചെന്നും പ്രഖ്യാപിച്ചു. പിന്നെ തളര്‍ന്നു വീണു. അഖിലിന്റെ പിതാവും കേസിലെ മറ്റൊരു പ്രതിയുമായ ദാസ് വെള്ളം തളിച്ചപ്പോള്‍ എഴുന്നേറ്റു. വെട്ടിമുറിച്ചു വച്ചിരുന്ന കുമ്പളങ്ങയ്ക്കുള്ളില്‍ പൂജയ്ക്ക് ഉപയോഗിച്ച സാധനങ്ങള്‍ നിറച്ചു. വീടിന്റെ നടയോടു ചേര്‍ത്തു കുഴിയെടുത്ത് മൂടി.

പെണ്‍കുട്ടിയുടെ മൊഴിപ്രകാരം അഭിചാര ക്രീയകള്‍ക്ക് മുന്‍കൈയെടുത്തത് അഖിലിന്റെ അമ്മ സൗമിനിയാണ്. നാട്ടുകാരില്‍ നിന്നും ഇവരുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. മൂന്ന് വര്‍ഷമായി അഖിലുമായി പ്രണയത്തില്‍ ആയിരുന്ന പെണ്‍കുട്ടി ഒരു മാസം മുന്‍പാണ് ഇയാള്‍ക്കൊപ്പം പോയത്. ബാധ ഒഴിപ്പിക്കാനുള്ള ആഭിചാരക്രിയക്കിടയില്‍ തിരുവഞ്ചൂരില്‍ യുവതി നേരിട്ട കൊടിയ പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കോട്ടയം കോടിമത സ്വദേശിനിയായ യുവതി മൂന്ന് വര്‍ഷമായി അഖിലുമായി ഇഷ്ടത്തിലായിരുന്നു. ഇരുവീട്ടുകാരും വിവാഹത്തിനും സമ്മതിചെങ്കിലും ദോഷമുണ്ടെന്ന് പറഞ്ഞ് വിവാഹം നീട്ടിവച്ചു.കഴിഞ്ഞ സെപ്തംബറില്‍ യുവതിയെ അഖിലിന്റെ മണര്‍കാട് നാലുമണിക്കാറ്റിന് സമീപത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. വിവാഹം രജിസ്ട്രാര്‍ ചെയ്യാനിരിക്കെയാണ് എട്ട് ദുരാത്മാക്കള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടെന്നും,ഇതാണ് വീട്ടിലെ വഴക്കിന് കാരണമെന്നും ഭര്‍ത്തൃമാതാവ് കണ്ടെത്തിയത്.

തുമണര്‍കാട് എസ്.എച്ച്.ഒ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മുടിയില്‍ ആണിചുറ്റി, തടിയില്‍ തറച്ചുഉച്ചത്തില്‍ പാട്ടുവച്ച് ശേഷമാണ് ക്രിയ നടത്തിയതെന്ന് യുവതി പറഞ്ഞു. പ്രാര്‍ത്ഥിച്ച് സോഫയിലിരിക്കാന്‍ പറഞ്ഞു. പിന്നാലെ കാലില്‍ പട്ടുകൊണ്ട് നീളത്തില്‍ കെട്ടി. മുടിയില്‍ ആണി ചുറ്റി തടിയില്‍ തറച്ചു. പിന്നാലെ മുടി പറിച്ചുമാറ്റി, ഭസ്മം കഴിപ്പിച്ചു, ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ചു. ബോധം മറയുന്നത് വരെ മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു. രാവിലെ 11 ഓടെ ആരംഭിച്ച പൂജ രാത്രി 9 വരെ നീണ്ടു. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അച്ഛന്‍,അമ്മ,സഹോദരി എന്നിവര്‍ പൂജാസമയം ഉണ്ടായിരുന്നുവെന്നാണ് മൊഴി. ദൃശ്യങ്ങള്‍ ഭര്‍ത്തൃ സഹോദരി മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളും പൊലീസിന് കിട്ടി.

Tags:    

Similar News