ഗണഗീതം വിവാദം നിറംകെടുത്തിയില്ല; ബംഗളുരു- എറണാകുളം വന്ദേഭാരത് വമ്പന്‍ ഹിറ്റ്; റിസര്‍വേഷന് വന്‍ തിരക്ക്; അതിവേഗം തീര്‍ന്ന് മടക്കയാത്ര ടിക്കറ്റ്; പത്തു ദിവസത്തേക്ക് ടിക്കറ്റില്ല; ബുക്കിങ് കുതിക്കുന്നു; പതിവ് സര്‍വീസ് 11ന് തുടങ്ങും

Update: 2025-11-09 05:52 GMT

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്‌ലാഗ് ഓഫ് ചെയ്ത കെഎസ്ആര്‍ ബെംഗളൂരു എറണാകുളം വന്ദേഭാരത് എക്സ്പ്രസില്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ബംഗളുരു-കൊച്ചി വന്ദേഭാരതില്‍ അടുത്ത പത്തു ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. എക്സിക്യൂട്ടീവ് ക്ലാസില്‍ പത്ത് ദിവസത്തെ ടിക്കറ്റ് ബുക്കിങ് തീര്‍ന്നപ്പോള്‍ എ.സി ചെയര്‍കാറില്‍ 11, 16,17 തിയതികളില്‍ ടിക്കറ്റില്ല. 13,14 തിയതികളില്‍ ഉടന്‍ ടിക്കറ്റ് തീരുന്ന രീതിയില്‍ ബുക്കിങ് കുതിക്കുകയാണ്.

ഇരുവശത്തേക്കുമുള്ള ടിക്കറ്റ് നിരക്കില്‍ വ്യത്യാസമുണ്ട്. 11നാണ് ട്രെയിന്‍ പതിവ് സര്‍വീസ് ആരംഭിക്കുന്നത്. എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റു തീര്‍ന്നത്. 8 കോച്ചുകളുള്ള ട്രെയിനില്‍ 7 ചെയര്‍കാറുകള്‍, 1 എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്. ഇരുവശങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലും വ്യത്യാസമുണ്ട്. ബെംഗളൂരുവില്‍നിന്ന് എറണാകുളം വരെ ചെയര്‍കാറില്‍ (സിസി) ഭക്ഷണം ഉള്‍പ്പെടെ 1655 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ (ഇസി) 3015 രൂപയുമാണു നിരക്ക്.

നവംബര്‍ 11ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സര്‍വീസ് ആരംഭിക്കും. അതിനായുള്ള ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുളളിലാണ് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത്. എറണാകുളം-ബംഗളുരു വന്ദേ ഭാരത് ട്രെയിനില്‍ എട്ട് കോച്ചുകളാണ് ഉള്ളത്. എ.സി ചെയര്‍ കാര്‍, എക്‌സിക്യൂട്ടീവ് എ.സി തുടങ്ങി ട്രെയിനില്‍ രണ്ട് തരം ഇരിപ്പിട ക്രമീകരണങ്ങളുണ്ട്. എറണാകുളം-ബെംഗളൂരൂ എസി ചെയര്‍ കാറിന് 1095 രൂപ വരെയും എസ് എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.

ട്രെയിന്‍ നമ്പര്‍ 26651 ബാംഗ്ലൂര്‍-എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസ് രാവിലെ അഞ്ച് പത്തിന് കെ.എസ്.ആര്‍ ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് ഒന്ന് അമ്പതിന് എറണാകുളത്ത് എത്തിച്ചേരും. മടക്കയാത്രയില്‍, ട്രെയിന്‍ നമ്പര്‍ 26652 എറണാകുളം-കെ.എസ്.ആര്‍ ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ഉച്ചക്ക് രണ്ട് ഇരുപതിന്എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി മണിക്ക് കെ.എസ്.ആര്‍ ബംഗളൂരുവില്‍ എത്തിച്ചേരും.

എറണാകുളം- ബംഗളുരു എക്‌സ്പ്രസ് കോയമ്പത്തൂര്‍, പാലക്കാട് വഴിയാണ് ഓടുന്നത്. എറണാകുളത്തിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍, ഈ വന്ദേ ഭാരത് ട്രെയിന്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളില്‍ നിര്‍ത്തും.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിക്കുകയായിരുന്നു. ഉദ്‌ഘോടന ഓട്ടത്തില്‍ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ തുടങ്ങിയ സുവനീര്‍ ടിക്കറ്റുള്ളവര്‍ മാത്രമാണ് യാത്രചെയ്തത്.

അതിനിടെ ഉദ്ഘാടനയോട്ടത്തില്‍ ട്രെയിനില്‍ വെച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേണ്‍ റെയില്‍വേ പങ്കുവെച്ചതും വിവാദമായിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയില്‍വെ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.

ടിക്കറ്റ് നിരക്ക്

ചെയര്‍കാറില്‍ അടിസ്ഥാന നിരക്കായ 1144 രൂപയ്‌ക്കൊപ്പം 40 രൂപ റിസര്‍വേഷന്‍, 45 രൂപ സൂപ്പര്‍ഫാസ്റ്റ്, 62 രൂപ ജിഎസ്ടി, 364 രൂപ കേറ്ററിങ് നിരക്ക് എന്നിവ കൂടി നല്‍കണം. ഇസിയില്‍ കേറ്ററിങ് നിരക്ക് 419 രൂപയാണ്. ഭക്ഷണം വേണ്ടാത്തവര്‍ക്ക് കേറ്ററിങ് നിരക്കില്‍ ഇളവ് ലഭിക്കും. എറണാകുളം ജംക്ഷന്‍- കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരതിന്റെ ചെയര്‍കാറില്‍ 1615 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2980 രൂപയുമാണു നിരക്ക്. കേറ്ററിങ് ചാര്‍ജ് യഥാക്രമം 323 രൂപയും 384 രൂപയുമാണ്.

കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം വന്ദേഭാരതിലെ (26651) റിസര്‍വേഷന്‍, കേറ്ററിങ്, ജിഎസ്ടി ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്കുകള്‍. (ചെയര്‍കാര്‍, ബ്രാക്കറ്റില്‍ എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍). സേലം- 850 രൂപ (1580), ഈറോഡ്-960 രൂപ (1800), തിരുപ്പൂര്‍-1040 രൂപ (1960), കോയമ്പത്തൂര്‍ -1115 രൂപ(2120), പാലക്കാട്-1195 രൂപ (2275), തൃശൂര്‍-1340 രൂപ (2580).

എറണാകുളം -കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് (26652) ടിക്കറ്റ് നിരക്ക്. തൃശൂര്‍- 440 (830), പാലക്കാട് -605 (1145), കോയമ്പത്തൂര്‍-705 (1340), തിരുപ്പൂര്‍ -790 (1515), ഈറോഡ് -865 (1670), സേലം-965 (1855), കെആര്‍ പുരം -1600 (2945).

സ്റ്റോപ്പുകളും സമയവും

കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം വന്ദേഭാരത് (26651) രാവിലെ 5.10നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളം ജംക്ഷനിലെത്തും. കെആര്‍ പുരം (5.25), സേലം (8.13), ഈറോഡ് (9), തിരുപ്പൂര്‍ (9.45), കോയമ്പത്തൂര്‍ (10.33), പാലക്കാട് (11.28), തൃശൂര്‍ (12.28).

എറണാകുളം ജംക്ഷന്‍-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് (26652) ഉച്ചകഴിഞ്ഞ് 2.20നു പുറപ്പെട്ടു രാത്രി 11നു ബെംഗളൂരുവിലെത്തും. തൃശൂര്‍ (3.17), പാലക്കാട് (4.35), കോയമ്പത്തൂര്‍ (5.20), തിരുപ്പൂര്‍ (6.03), ഈറോഡ് (6.45), സേലം (7.18) കെആര്‍ പുരം (10.23).

Similar News