2029-ഓടെ തുറമുഖത്തിന്റെ ചരക്കുനീക്ക ശേഷി 10 ലക്ഷത്തില്‍ നിന്ന് 57 ലക്ഷം ടിഇയുവിലേക്ക് ഉയരും; ഒരേസമയം അഞ്ച് മദര്‍ഷിപ്പുകള്‍ വരെ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ തുറമുഖം വികസിക്കും; വിഴിഞ്ഞം ദക്ഷിണേന്ത്യയുടെ തന്ത്രപ്രധാന വാണിജ്യ കവാടമായി മാറും

Update: 2026-01-25 01:37 GMT

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ആഗോള സമുദ്രഗതാഗത ഭൂപടത്തിലെ വന്‍ശക്തിയായി മാറുന്നു. 2029-ഓടെ തുറമുഖത്തിന്റെ ചരക്കുനീക്ക ശേഷി നിലവിലെ 10 ലക്ഷത്തില്‍ നിന്ന് 57 ലക്ഷം ടിഇയുവിലേക്ക് ഉയരും. ഇതോടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായി വിഴിഞ്ഞം മാറും. പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.

വിഴിഞ്ഞത്തിന്റെ നേട്ടം അദാനി ഗ്രൂപ്പിന് വന്‍ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. എട്ട് മാസത്തെ ട്രയല്‍ റണ്ണിനിടെ മാത്രം 106 കോടി രൂപ നികുതി വരുമാനമായി ലഭിച്ചത് തുറമുഖത്തിന്റെ വാണിജ്യ സാധ്യതകളുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2045-ല്‍ പൂര്‍ത്തിയാകേണ്ട വികസന ഘട്ടങ്ങള്‍ നിശ്ചയിച്ചതിലും 17 വര്‍ഷം മുന്‍പേ, അതായത് 2028-ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിനായി 5,500 കോടി രൂപ മുടക്കിയ സംസ്ഥാന സര്‍ക്കാര്‍, 2035 മുതല്‍ വരുമാന വിഹിതം ലഭിച്ചു തുടങ്ങുമെന്ന പ്രതീക്ഷയിലാണ്. ഒരേസമയം അഞ്ച് മദര്‍ഷിപ്പുകള്‍ വരെ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ തുറമുഖം വികസിക്കുന്നതോടെ ദക്ഷിണേന്ത്യയുടെ തന്ത്രപ്രധാന വാണിജ്യ കവാടമായി വിഴിഞ്ഞം മാറും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിഴിഞ്ഞത്തോട് അവഗണനയാണ് കാണിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

മറ്റു സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റായി നല്‍കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് കേരളത്തിന് നല്‍കുമ്പോള്‍ പലിശയും വരുമാന വിഹിതവും ഉള്‍പ്പെടെ 12,000 കോടി രൂപ കേന്ദ്രത്തിന് തിരികെ നല്‍കേണ്ടി വരുമെന്നും ഇത് കൊലച്ചതിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് പദ്ധതിയെ ഈ നിലയിലെത്തിച്ചതെന്ന് മന്ത്രിമാരായ വി.എന്‍ വാസവനും കെ.എന്‍ ബാലഗോപാലും പറഞ്ഞു.

രാജ്യത്തിനാകെ പ്രയോജനപ്പെടുന്ന വിഴിഞ്ഞം ഇന്ത്യയുടെ അഭിമാനമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News