ഇറാന്‍-യുഎസ് പോരില്‍ ഇന്ധനക്ഷാമത്തില്‍ വലഞ്ഞ് ബംഗ്ലാദേശ്; ഒടുവില്‍ കൈത്താങ്ങായി ഇന്ത്യ; പൈപ്പ്ലൈന്‍ വഴി ഒഴുകിയത് 5,000 ടണ്‍ ഡീസല്‍; ഷെയ്ഖ് ഹസീനയെ 'പുറത്താക്കിയിട്ടും' അയല്‍ക്കാരോട് വാക്കുപാലിച്ച് കേന്ദ്രസര്‍ക്കാര്‍; നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് കടുത്ത ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിന് സഹായ ഹസ്തവുമായി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായി 5,000 ടണ്‍ ഡീസല്‍ ഇന്ത്യ ബംഗ്ലാദേശിലെത്തിച്ചു. ഇറാന്‍ യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ആഗോള എണ്ണ വിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നിര്‍ണ്ണായക ഇടപെടല്‍. ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈന്‍ പദ്ധതി വഴിയാണ് ബംഗ്ലാദേശിലേക്ക് ഇന്ത്യ ഡീസല്‍ വിതരണം ചെയ്യുന്നത്. 2023 മാര്‍ച്ചില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഷീനയും ചേര്‍ന്ന് ഉദ്ഘടനം ചെയ്തതാണ് ഈ പദ്ധതി. അസമിലെ നുമലിഗഡ് റിഫൈനറിയില്‍ നിന്ന് ബംഗ്ലാദേശിലെ ദിനാജ്പൂരിലെ പര്‍ബതിപൂര്‍ ഡിപ്പോയിലേക്കാണ് ഡീസല്‍ എത്തുക. ഇന്നാണ് ഇന്ത്യ ഡീസല്‍ കയറ്റുമതി ആരംഭിച്ചത്. ഇറാന്‍ - ഇസ്രയേല്‍, യുഎസ് സംഘര്‍ഷത്തില്‍ ബംഗ്ലാദേശും വ്യാപകമായ ഇന്ധന ക്ഷാമത്തിലാണ്.
ബംഗ്ലാദേശില്‍ ബി.എന്‍.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായും ഈ സഹായത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നുണ്ട്. കൂടുതല്‍ ഇന്ധനം വേണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ആഭ്യന്തര ലഭ്യതയും വിപണി സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും ഇന്ത്യയുടെ അടുത്ത നീക്കം. അസമിലെ നുമലിഗഡ് റിഫൈനറിയില്‍ നിന്ന് ബംഗ്ലാദേശിലെ ദിനാജ്പൂരിലുള്ള പര്‍ബതിപൂര്‍ ഡിപ്പോയിലേക്ക് പൈപ്പ്ലൈന്‍ വഴിയാണ് ഇന്ധനം എത്തിക്കുന്നത്. ഇതാദ്യമായാണ് ഈ പൈപ്പ്ലൈന്‍ വഴി ഇന്ത്യ ബംഗ്ലാദേശിലേക്ക് ഡീസല്‍ പമ്പ് ചെയ്യുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരമാണ് ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യ ഡീസല്‍ ബംഗ്ലാദേശിലേക്ക് എത്തിച്ചതെന്ന് ബംഗ്ലാദേശ് പെട്രോളിയം കോര്‍പറേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് റെസനുര്‍ റഹ്‌മാന്‍ വ്യക്തമാക്കി. പ്രതിവര്‍ഷം 1.8 ലക്ഷം ടണ്‍ ഡീസല്‍ പൈപ്പ്ലൈന്‍ വഴി നല്‍കാനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ. ഇതില്‍ ആദ്യഘട്ട 5,000 ടണ്‍ ഡീസല്‍ ഇപ്പോള്‍ കൈമാറി. അടുത്ത ആറുമാസത്തിനുള്ളില്‍ 90,000 ടണ്‍ ഇന്ധനം ബംഗ്ലാദേശിലെത്തുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 2017ല്‍ ഇന്ധന വിതരണത്തിനായി തയ്യാറാക്കിയ പൈപ്പ്‌ലൈന്‍ വഴിയാണ് ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ഡീസല്‍ എത്തിക്കുന്നത്.
പൈപ്പ്‌ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് ട്രെയിന്‍ വഴിയായിരുന്നു ഇന്ത്യ ബംഗ്ലാദേശിലേക്ക് ഡീസല്‍ അയച്ചിരുന്നത്. പൈപ്പ്‌ലൈനിലൂടെയുള്ള ആദ്യത്തെ ഡീസല്‍ കൈമാറ്റമാണ് ഇന്ന് നടന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം 1,80,000 ടണ്‍ ഡീസലാണ് ഒരു വര്‍ഷം ഇന്ത്യ ബംഗ്ലാദേശിന് നല്‍കേണ്ടത്. ഇതിലെ ആദ്യത്തെ 5,000 ടണ്‍ ആണ് ഇന്ത്യ ഇന്ന് നല്‍കിയത്. അടുത്ത ആറ് മാസത്തില്‍ ഇന്ത്യ ബംഗ്ലാദേശിന് 90,000 ടണ്‍ ഡീസല്‍ കൂടി നല്‍കും. ബംഗ്ലാദേശിന്റെ ഇന്ധന സുസ്ഥിരതയ്ക്ക് ഈ ഡീസല്‍ കൈമാറ്റം വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ബംഗ്ലാദേശ് പെട്രോളിയം കോര്‍പറേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് റെസനൂര്‍ റഹ്‌മാന്‍ പറഞ്ഞത്.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹുര്‍മുസ് കടലിടുക്ക് താത്ക്കാലികമായി ഇറാന്‍ അടച്ചതാണ് ബംഗ്ലാദേശിനെ പ്രതിസന്ധിയിലാക്കിയത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പൊതു-സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കൂടാതെ പെട്രോള്‍ പമ്പുകളില്‍ തിരക്ക് വര്‍ധിച്ചതിനെതുടര്‍ന്ന് ഇന്ധന വിതരണത്തിന് പ്രതിദിന പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 3.20ഓടെയാണ് ഇന്ത്യ പൈപ്പ്‌ലൈന്‍ വഴിയുള്ള ഡീസല്‍ പമ്പിങ് ആരംഭിച്ചത്. 44 മണിക്കൂര്‍ കൊണ്ടാണ് 5,000 ടണ്‍ ഡീസല്‍ ബംഗ്ലാദേശില്‍ എത്തുക എന്നാണ് വിവരം. മാര്‍ച്ച് 11 ബുധനാഴ്ച വൈകുന്നേരത്തോടെ പമ്പിങ് അവസാനിക്കും എന്നാണ് വിലയിരുത്തല്‍. മൊത്ത ഉപഭോഗത്തിന്റെ 95 ശതമാനം ഇന്ധനവും ബംഗ്ലാദേശ് ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ പശ്ചിമേഷ്യന്‍ പ്രതിസന്ധി ബംഗ്ലാദേശിനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ പെട്രോള്‍ പമ്പുകളില്‍ നീണ്ട വരികളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലയിടങ്ങളില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ധന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബംഗ്ലാദേശില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടായതിനുശേഷം ഇന്ത്യയുമായുള്ള ബന്ധത്തില്‍ നേരിയ ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍, പ്രതിസന്ധി ഘട്ടത്തിലെ ഈ ഇന്ധന കൈമാറ്റം ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ബി.എന്‍.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഇന്ത്യ നടത്തുന്ന ഈ വലിയ നീക്കം രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്. യുദ്ധം മൂലം ലോകരാജ്യങ്ങള്‍ ഇന്ധനത്തിനായി നെട്ടോട്ടമോടുമ്പോള്‍, ഇന്ത്യയുടെ ഈ സമയബന്ധിതമായ ഇടപെടല്‍ പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ ബംഗ്ലാദേശിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ ഇന്ധനം നല്‍കുന്നതിനെക്കുറിച്ച് ആഭ്യന്തര വിപണി കൂടി പരിഗണിച്ച് ഇന്ത്യ തീരുമാനമെടുക്കും.
