ശ്രീപദ്മനാഭന്റെ മണ്ണിനെ ഇളക്കി മറിച്ചു തൃശ്ശിവപേരൂരിന്റെ പെണ്‍പുലിക്കൂട്ടം; സീത മുതല്‍ മണ്ഡോദരി വരെ; ഹിഡുബിയും ഘടോല്‍ക്കചനും പിന്നെ ബാലി സുഗ്രീവ യുദ്ധവും; പുരാണ ഇതിഹാസങ്ങളിലെ സ്ത്രീകളുടെ കണ്ണീരും പകയും ദൈന്യതയും പോരാട്ടവുമായി ശിവരജ്ഞിനി ബാലാജി കലാഭവന്റെ ''ജാനകീയം'; തൈക്കാട് ഭാരത് ഭവന്റെ മണ്ണരങ്ങിനെ ധന്യമാക്കി കലാസന്ധ്യ
തിരുവനന്തപുരം: പുണ്യപുരാണ ഇതിഹാസങ്ങളിലെ മഹാവീരന്‍മ്മാരുടെ പോരാട്ടങ്ങളുടെ വീരകഥകളുടെ തേര്‍ചക്രങ്ങളില്‍ അനേകായിരം സ്ത്രീകളുടെയും കുട്ടികളുടെയും സാധാരണക്കാരുടെയും രക്തവും കണ്ണീരും ജീവനും ഒന്നിച്ചു ചേര്‍ന്ന പാപകറകള്‍ ഉണ്ട്. വീര ഇതിഹാസങ്ങളെ പാടി പുകഴ്ത്തുന്ന പാണന്‍മ്മാര് മനപ്പൂര്‍വ്വം വിട്ടു കളയുന്ന അനീതിയുടെ കഥകള്‍. ഈ കഥകള്‍ക്ക് ഇപ്പുറം നിന്ന് കൊണ്ട് ഇതിഹാസങ്ങള്‍ക്ക് ആഖ്യാനം ചമക്കുകയാണ് ത്യശ്ശൂര്‍ ശിവരജ്ഞിനി ബാലാജി കലാഭവന്‍ . ദൃശ്യമികവ് കൊണ്ടും കലാനിപുണത കൊണ്ടും പ്രേക്ഷകന്റെ കണ്ണും മനവും കുളിര്‍പ്പിക്കുക മാത്രമല്ല ശരിതെറ്റുകളെ മനുഷ്യപക്ഷത്ത് നിന്ന് ചിന്തിച്ചറിയാന്‍ നമ്മെ പ്രേരിപ്പിക്കുക കൂടി ചെയ്യുമ്പോള്‍ ഒരു കലാരൂപം അതിന്റെ കടമ നിര്‍വഹിച്ചു കഴിഞ്ഞു എന്ന് പറയാം. ഇങ്ങനെയാണ് ജാനകീയം എന്ന നൃത്തശില്‍പ്പം തന്റെ ജൈത്രയാത്ര തുടരുന്നത്.
തിരുവനന്തപുരം തൈക്കാട് ഭാരത് ഭവന്റെ മണ്ണ് അരങ്ങ് എന്ന വേദിയിലാണ് കഴിഞ്ഞദിവസം സന്ധ്യയ്ക്ക് ത്യശ്ശൂര്‍ ശിവരജ്ഞിനി ബാലാജി കലാഭവന്റെ ജാനകീയം എന്ന നൃത്തകലാശില്‍പ്പം അരങ്ങേറിയത്.കര്‍ണ്ണന്റെ വേല്‍ തടുക്കാന്‍ നിയോഗിക്കപ്പെടുന്ന ഘടോല്‍കചന്‍ . മകനെ യുദ്ദത്തിനായി വിട്ടു നല്‍കേണ്ടി വരുന്ന ഹിഡുംബി എന്ന അമ്മ ഒടുവില്‍ ഘടോല്‍കചന്റെ മരണവാര്‍്ത്ത അറിഞ്ഞു വികാരവിവശയാകുന്ന മാത്യത്വം. ലക്ഷ്മണന്റെ തേരില്‍ കാടുകാണാന്‍ എന്ന വ്യാജേന കാട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന സീത, പെണ്ണ് ആയി പോയത് കൊണ്ട് മാത്രം സൂര്യവംശം ഒഴിവാക്കിയ ദശരഥന്റെയും കൗസല്യയുടെയും മൂത്ത പുത്രിയും ശ്രീരാമന്റെ സഹോദരിയുമായ ശാന്ത, സഹോദരസ്നഹത്താല്‍ രാജ്യവും കൊട്ടാരവും ഉപേക്ഷിച്ച് രാമനും സീതക്കും ഒപ്പം വനവാസത്തിനു പോകുന്ന ലക്ഷമണന്‍ തിരസ്‌കരിച്ചിട്ടു പോയ ഊര്‍മ്മിള. ധര്‍മ്മയുദ്ധം ചെയ്യേണ്ട ശ്രീരാമന്‍ യുദ്ധനീതി മറന്നു കൊണ്ട് വധിച്ച ബാലിയുടെ ഭാര്യ താര, ശ്രീരാമനെ യുദ്ധത്തില്‍ നേര്‍ക്കു നേര്‍ നിന്നു വെല്ലുവിളിച്ച താടക.അഗ്‌നിശുദ്ധി വരുത്തിയിട്ടും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട സീത,രാമസേനയാല്‍ ചുട്ട് എരിക്കപ്പെട്ട ലങ്കയില്‍ പാതിവെന്ത് ഓടി നടക്കുന്ന പ്രജകളെ കണ്ട് വിലപിക്കുന്ന മണ്ഡോദരി. സ്നേഹിക്കപ്പെടാന്‍ കൊതിച്ച് അപമാനിതയായ ശൂര്‍പ്പണക എന്നിങ്ങനെ ധര്‍മ്മാഅധര്‍മ്മങ്ങള്‍ തങ്ങളുടെ ഹിതത്തിനനുസരിച്ച് വ്യാഖ്യാനിച്ചവരുടെ ഇരകളായ സ്ത്രീകള്‍ . ഇവരുടെ വിലാപങ്ങളും നൊമ്പരങ്ങളും കണ്ണീരും പകയും ചോദ്യശരങ്ങളുമാണ് ജാനകീയം വേദിയില്‍ അവതരിപ്പിച്ചത്.
പുത്തന്‍ സാങ്കേതികവിദ്യകളും ശബ്ദവിന്യാസവും മനോഹരമായ വെളിച്ച വിതാനവും അഭിനയകലാപ്രകടനവും ഹ്യദ്യമായ സംഗീതവും ചടുലമായ നൃത്തവും അവതരണമികവും ചേര്‍ന്നുണ്ടാകേണ്ട തീയേറ്റര്‍ സങ്കേതത്തിന്റെ എല്ലാ സാധ്യതകളെയും ഭംഗിയായി ഉപയോഗിക്കാന്‍ ജാനകീയത്തിനു സാധിക്കുന്നു എന്നതാണ് ഈ കലാസൃഷ്ടിയുടെ മേന്‍മ. മിഥുന്‍ മലയാളം എന്ന യുവപ്രതിഭയാണ് ജാനകീയത്തിന്റെ പ്രധാന അണിയറക്കാരന്‍. തിരക്കഥയും സംഗീതവും സംവിധാനവും നിര്‍വഹിച്ചു കൊണ്ട് മിഥുന്‍ തന്റെ കലാസൃഷ്ടിയെ അരങ്ങില്‍ എത്തിക്കുമ്പോള്‍ ആര്‍.എല്‍ വി കവിതയാണ് ന്ൃത്തസംവിധാനവും നൃത്തഅധ്യാപനവും പ്രധാനവേഷവും കൈകാര്യം ചെയ്യുന്നത്. വിവിധ പ്രായത്തിലുളള അന്‍പതോളം കുട്ടികളാണ് ഒരേ സമയം വേദിയില്‍ ജാനകീയത്തില്‍ അഭിനയിക്കുന്നത്. കലാവൈഭവത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പരിശീലനത്തിന്റെയും മേന്‍മയാണ് ജാനകീയത്തിന്റെ വിജയം.
സിനിമാനാടകസംവിധായകനും ഭാരത്ഭവന്‍ മെമ്പര്‍ സെക്രട്ടറി കൂടിയായ പ്രമോദ് പയ്യന്നൂര്‍ മുന്‍കൈ എടുത്താണ് ഭാരത്ഭവനിലെക്ക് ജാനകീയം എത്തുന്നത്. തൃശ്ശുരില്‍ വെച്ച് യാദൃശ്ചികമായി പരുപാടി കാണാന്‍ ഇടയായ പ്രമോദ് ജാനകീയത്തെ ഭാരത് ഭവനില്‍ എത്തിച്ചത്. ഗായകന്‍ കെ ജെ യേശുദാസ് ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രാഥമികഘട്ട ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ജാനകീയം ഇവിടെ അവതരിപ്പിച്ചത്.
