ശ്രീകോവിലിലെ സ്വര്‍ണ്ണം ജയറാമിന്റെ വീട്ടിലെത്തിയത് എങ്ങനെ? താരം പത്മവ്യൂഹത്തില്‍! അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത് എന്ത്? ശബരിമല സ്വര്‍ണ്ണവാതില്‍ കേസില്‍ നടന്‍ കുടുങ്ങുമോ? ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തടിതപ്പാന്‍ നോക്കിയ ജയറാം വെട്ടില്‍; അന്വേഷണ സംഘത്തിന്റെ നീക്കം നിര്‍ണ്ണായകം
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണവാതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണ സംഘം പിടിമുറുക്കുമ്പോള്‍ നടന്‍ ജയറാം പത്മവ്യൂഹത്തിലാകുന്നു. ക്രൈംബ്രാഞ്ചിന് മുന്നില്‍ ജയറാം നല്‍കിയ മൊഴികളിലെ ഗുരുതരമായ വൈരുദ്ധ്യങ്ങള്‍ പുറത്തുവന്നതോടെ താരം കുടുങ്ങുമെന്ന സംശയം സജീവമാണ്. ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയും ദ്വാരപാലക പാളികളും ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയ സംഭവത്തിലാണ് പൊരുത്തക്കേടുകള്‍ ഒന്നിനുപുറകെ ഒന്നായി തെളിയുന്നത്. മാസങ്ങളുടെ വ്യത്യാസത്തില്‍ നടന്ന രണ്ട് വ്യത്യസ്ത പൂജകള്‍ ഒരൊറ്റ ദിവസം നടന്നതാണെന്ന് പറഞ്ഞ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ജയറാം ശ്രമിച്ചതെന്ന് വ്യക്തമാകുന്നു.
2019 ജൂണില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഫാക്ടറിയില്‍ നടന്ന കട്ടിളപ്പാളിയുടെ പൂജയിലും സെപ്റ്റംബറില്‍ ജയറാമിന്റെ വീട്ടില്‍ വെച്ച് നടന്ന ദ്വാരപാലക പാളികളുടെ പൂജയിലും താരം സജീവമായി പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും എല്ലാം ഒറ്റ ദിവസമായിരുന്നു നടന്നതെന്നാണ് ജയറാം മൊഴി നല്‍കിയത്. എന്നാല്‍ ജൂണില്‍ കട്ടിളപ്പാളിയുടെ പണി നടക്കുമ്പോള്‍ ദ്വാരപാലക പാളികള്‍ ശബരിമലയില്‍ നിന്ന് ഇളക്കി മാറ്റിയിട്ടുപോലുമില്ലായിരുന്നു എന്നതാണ് സത്യം. ഈ വസ്തുത മറച്ചുവെച്ചാണ് ജയറാം പോലീസിന് മുന്നില്‍ കള്ളക്കളി നടത്തിയത്. സ്വര്‍ണ്ണപ്പാളികള്‍ വീട്ടില്‍ എത്തിച്ചിട്ടില്ലെന്ന് ശില്പി ഉണ്ണികൃഷ്ണന്‍ പോറ്റി ആവര്‍ത്തിക്കുമ്പോഴും ജയറാമിന്റെ വീട്ടില്‍ സ്വര്‍ണ്ണപ്പാളികള്‍ വെച്ച് പൂജ നടത്തുന്ന ചിത്രങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യാനും കടുത്ത നടപടികളിലേക്ക് നീങ്ങാനുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തി നടന്‍ ജയറാം നടത്തിയ പൂജ കട്ടിളപ്പാളിയുടേത് ആണ്. എന്നാല്‍ ജയറാമിന്റെ വീട്ടില്‍ നടന്ന പൂജ ദ്വാരപാലക പാളികളുടേതാണ്. വിവിധ മാസങ്ങളിലാണ് രണ്ട് പൂജകളും നടന്നത്. എന്നാല്‍, എല്ലാം നടന്നത് ഒറ്റ ദിവസമായിരുന്നുവെന്നാണ് ജയറാം നേരത്തെ വിശദീകരിച്ചത്. ഇത് ശരിയല്ലെന്ന് തെളിയുകയാണ്. ഇതോടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം നിര്‍ണ്ണായകമാകും. സ്വര്‍ണ്ണവാതില്‍, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക പാളികള്‍ എന്നിവയുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കൊള്ള നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇത് രണ്ടിലും ജയറാമിന്റെ സാന്നിധ്യമുണ്ട്. 2019 ലാണ് ഇതൊക്കെ സംഭവിക്കുന്നത്. 2019 മാര്‍ച്ച് മാസത്തിലാണ് പുതിയ വാതില്‍ സമര്‍പ്പിക്കുന്നത്.
ജൂണ്‍ മാസത്തില്‍ കട്ടിളപ്പാളി നിര്‍മ്മിക്കുന്നു. സെപ്റ്റംബറില്‍ ദ്വാരപാലക പാളികള്‍ സമര്‍പ്പിക്കുന്നു. ഇതേ സമയത്ത് നടന്‍ ജയറാമിന്റെ വീട്ടില്‍ സ്വര്‍ണ്ണപ്പാളികള്‍ എത്തിച്ച് പൂജിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടക്കുന്ന പൂജയിലും ജയറാം പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പറുത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജയറാമിനെ ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പൂജയില്‍ പങ്കെടുത്തത്. പിന്നീട് ശബരിമലയിലേക്ക് കൊണ്ട് പോകുംവഴി വീട്ടിലെത്തിച്ച് പൂജ നടത്തുകയുമായിരുന്നുവെന്നാണ് ജയറാം പറഞ്ഞത്. കൃത്യമായി ഏത് സമയത്താണെന്ന് ഓര്‍ക്കുന്നില്ലെന്നും രണ്ട് ദിവസങ്ങളിലായാണ് പൂജ നടന്നതെന്നുമാണ് ജയറാം പറയുന്നത്.
എന്നാല്‍ ജയറാം പറഞ്ഞതില്‍ പൊരുത്തക്കേടുണ്ടെന്നാണ് വിവരം. രണ്ടു തവണ ജയറാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബന്ധപ്പെട്ട് ശബരിമലയിലെ പാളികളുമായി ബന്ധപ്പെട്ട പൂജയില്‍ പങ്കെടുത്തുവെന്നാണ് വ്യക്തമാകുന്നത്. രണ്ട് മാസങ്ങളിലായാണ് ഇതെന്നും റിപ്പോര്‍ട്ട്. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പൂജയ്ക്ക് ശേഷം പാളികള്‍ വീട്ടിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുവെന്നാണ് ജയറാം വ്യക്തമാക്കിയത്. ജയറാം പങ്കെടുക്കുമ്പോള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഉണ്ടായിരുന്നത് ശബരിമലയിലെ കട്ടിളപ്പാളിയാണ്. 2019 ജൂണ്‍ മാസത്തിലാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഫാക്ടറിയില്‍ പൂജ നടന്നത്. ഈ സമയത്ത് ദ്വാരപാലക പാളികള്‍ ശബരിമലയില്‍ നിന്ന് എടുത്തിരുന്നില്ല. ഇതും ജയറാമിന്റെ മൊഴികളെ സംശയത്തിലാക്കുന്നു.
ജയറാമിന്റെ വീട്ടില്‍ കട്ടിളപ്പാളി എത്തിച്ച് പൂജിച്ച ചിത്രങ്ങളും പുറത്തുവന്നിട്ടില്ല. ദ്വാരപാലകപാളികള്‍ ജയറാമിന്റെ വീട്ടില്‍വെച്ച് പൂജിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബറിലാണ് ദ്വാരപാലക പാളികള്‍ ജയറാമിന്റെ വീട്ടില്‍ പൂജിച്ചത്. ജയറാമിന്റെ വീട്ടില്‍ സ്വര്‍ണ്ണപ്പാളി കൊണ്ടുപോയിട്ടില്ല എന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞത്. ജയറാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. പാളികള്‍ ചീത്തയാകാതിരിക്കാന്‍ പലകയില്‍ അടിച്ചാണ് കൊണ്ടുവന്നത്. ജയറാമിന്റെ വീട്ടില്‍ വെച്ചാണ് പലകയില്‍ അടിച്ചതെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞത്.
