ഇനി തീവണ്ടിയില്‍ പറപറക്കാം; തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വെറും 22 സ്റ്റേഷനുകള്‍! കേരളത്തെ അതിവേഗത്തിലാക്കാന്‍ ശ്രീധരന്റെ 'മാജിക്'; കൊട്ടാരക്കരയിലും മലപ്പുറത്തും അതിവേഗമെത്തും; കേന്ദ്ര ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനത്തിന് സാധ്യത
മലപ്പുറം: കേരളത്തിന്റെ യാത്രാ സങ്കല്‍പ്പങ്ങള്‍ മാറ്റിയെഴുതുന്ന പുതിയ അതിവേഗ റെയില്‍ പാതയില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 22 സ്റ്റേഷനുകള്‍. പദ്ധതിയുടെ 70 ശതമാനവും ഉയരപ്പാതയായും 20 ശതമാനം തുരങ്കങ്ങളിലൂടെയും കടന്നുപോകുന്നതിനാല്‍ സ്ഥലമേറ്റെടുപ്പ് നാമമാത്രമായിരിക്കുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു.
വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ പദ്ധതി സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. തിരുവനന്തപുരം സെന്‍ട്രല്‍, എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം, കരിപ്പൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലാകും സ്റ്റേഷനുകള്‍.
റെയില്‍വേ സാന്നിധ്യമില്ലാത്ത മലപ്പുറം, കൊട്ടാരക്കര തുടങ്ങിയ നഗരങ്ങളെയും പ്രധാന വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചാകും പാത കടന്നുപോകുക. ഇതോടെ തിരുവനന്തപുരത്തുനിന്ന് വെറും 3.15 മണിക്കൂര്‍ കൊണ്ട് കണ്ണൂരിലെത്താം. 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ ഓരോ അഞ്ച് മിനിറ്റിലും ലഭ്യമാകും. ഏകദേശം 86,000 കോടി രൂപ മുതല്‍ ഒരു ലക്ഷം കോടി രൂപ വരെയാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചിലവ്. നിലവിലെ കെ-റെയില്‍ പദ്ധതിയില്‍ നിന്ന് വ്യത്യസ്തമായി 20-25 കിലോമീറ്റര്‍ പരിധിയില്‍ സ്റ്റേഷനുകള്‍ ഉണ്ടാകുമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.
സ്ഥലമേറ്റെടുപ്പിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ എലവേറ്റഡ് പാതകള്‍ക്ക് 20 മീറ്റര്‍ വീതിയില്‍ മാത്രം ഭൂമി ഏറ്റെടുത്താല്‍ മതിയാകും. നിര്‍മ്മാണത്തിന് ശേഷം ഈ ഭൂമി നിബന്ധനകളോടെ കൃഷിക്കായി ഉടമകള്‍ക്ക് വിട്ടുനല്‍കാനും സാധിക്കും. റെയില്‍വേയുടെ 51 ശതമാനവും സംസ്ഥാനത്തിന്റെ 49 ശതമാനവും വിഹിതമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചാകും പദ്ധതി നടപ്പിലാക്കുക. കൊങ്കണ്‍ റെയില്‍വേ മാതൃകയില്‍ ധനസഹായം ഉറപ്പാക്കുന്ന പദ്ധതി അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.
എട്ട് കോച്ചില്‍ 560 പേര്‍ക്ക് യാത്ര ചെയ്യാം. 200 കിലോമീറ്ററായിരിക്കും പരമാവധി വേഗം. 20-25 കിലോമീറ്റര്‍ പരിധിയില്‍ സ്റ്റേഷനുകള്‍ വരും. കെ-റെയിലില്‍ ഇത് 40-80 കിലോമീറ്ററായിരുന്നു. ബിസിനസ്, ഫസ്റ്റ് ക്ലാസ്, ജനറല്‍ കോച്ചുകള്‍ ട്രെയിനിലുണ്ടാകും. നാല് വര്‍ഷത്തിനകം പദ്ധതി തീര്‍ക്കാനാകും. തുടക്കത്തില്‍ കണ്ണൂര്‍ വരെയാണെങ്കിലും ഭാവിയില്‍ കാസര്‍ഗോഡ്, മംഗളൂരു, മുംബൈ വരെ പാത നീട്ടാനാകും. കാസര്‍ഗോട്ടുനിന്ന് പ്രതീക്ഷിക്കുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം കുറവായതിനാലാണ് നിലവില്‍ കണ്ണൂര്‍ വരെയാക്കിയത്.
70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയുമാണ്. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാകും കടന്നുപോവുക. സ്റ്റാന്‍ഡേഡ് ഗേജിലാകും നിര്‍മാണം. അതേസമയം, ഗുഡ്‌സ് ട്രെയിനുകള്‍ക്ക് സര്‍വീസുണ്ടാകില്ല. ഇപ്പോഴുള്ള പാതയുമായി കണക്ഷന്‍ ഉണ്ടാകില്ല. അഞ്ചുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാകും.
കുറഞ്ഞ തോതിലേ ഭൂമി ഏറ്റെടുക്കേണ്ടതുള്ളൂ. തുരങ്കപാതയുള്ളയിടങ്ങളില്‍ ഭൂമി ഏറ്റെടുക്കേണ്ട. എലവേറ്റഡ് പാതയുള്ളയിടങ്ങളില്‍ 20 മീറ്റര്‍ വീതിയില്‍ ഭൂമി മതി. നിര്‍മാണത്തിനുശേഷം നിബന്ധനകളോടെ കൃഷിക്കോ മേച്ചില്‍പ്പുറത്തിനോവേണ്ടി ഉടമകള്‍ക്ക് പാട്ടത്തിന് ഭൂമി തിരികെ നല്‍കാം. അതിനാല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള എതിര്‍പ്പ് കുറയും. കൊങ്കണ്‍ റെയില്‍വേ മാതൃകയില്‍ പാതയ്ക്ക് ധനസഹായം ലഭിക്കും.
റെയില്‍വേയുടെ 51 ശതമാനം വിഹിതവും സംസ്ഥാനത്തിന്റെ 49 ശതമാനം വിഹിതവും ഉള്‍പ്പെടുന്ന ഒരു സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. ഭൂമിയുടെ ചെലവ് സബോര്‍ഡിനേറ്റ് കടം വഴിയായിരിക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു.
