സ്വര്‍ണ്ണം കൊള്ളയടിച്ചവനെ പിടിക്കാനാവില്ല; പിന്നെപ്പിടിക്കുന്നത് ദേവപ്രശ്‌നം നടത്തിയ ജോത്സ്യരെ! ശബരിമലയിലെ അന്വേഷണം വിചിത്രം; ഇതിനുപിന്നില്‍ പിണറായിയുടെ ഓഫീസ്? കുറ്റപത്രം വൈകിയത് പ്രതികളെ രക്ഷിക്കാന്‍; ബംഗ്ലൂരുവിലെ സ്വര്‍ണ്ണക്കട സേഫ് സോണില്‍

Update: 2026-01-25 02:47 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണം അതിവിചിത്രമായ വഴികളിലേക്ക്. യഥാര്‍ത്ഥ പ്രതികളെയും ഉന്നതരെയും തൊടാന്‍ മടിക്കുന്ന പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി), ഇപ്പോള്‍ തോക്കിന്‍മുനയില്‍ നിര്‍ത്തുന്നത് ശബരിമലയില്‍ ദേവപ്രശ്‌നം നടത്തിയവരെയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പിന്നില്‍ ബംഗ്ലൂരുവിലെ വമ്പന്‍ സ്വര്‍ണ്ണ കടയാണ്. കേരളത്തില്‍ വേരുകളുള്ള വമ്പന്‍ ഗ്രൂപ്പിനെ വെറുതെ വിടുന്നു. എന്നാല്‍ തന്ത്രിയേയും ദേവപ്രശ്‌നം നടത്തിയവരേയും വെറുതെ വിടുന്നുമില്ല.

2018-ല്‍ നടന്ന ദേവപ്രശ്‌നത്തിലെ കണ്ടെത്തലുകള്‍ സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് മറയാക്കിയോ എന്നാണ് പോലീസിന്റെ സംശയം. ഭഗവാന്റെ ശ്രീകോവില്‍ വാതിലിനും കട്ടിളയ്ക്കും വൈകല്യമുണ്ടെന്ന ദേവപ്രശ്‌ന വിധി വിശ്വസിച്ച് നവീകരണം നടത്തിയതിന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്നാണ് ആരോപണം. വിശ്വാസത്തിന്റെ ഭാഗമായി ദേവപ്രശ്‌നം നടത്തിയ ജ്യോത്സ്യന്മാരുടെ മൊഴിയെടുക്കാനുള്ള പോലീസിന്റെ നീക്കം ഭക്തര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ നടന്നത് വന്‍ ആസൂത്രണമാണെന്ന് വ്യക്തമാണ്. 1998-ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ വാതില്‍ 2019-ല്‍ മാറ്റിയതിന്റെ മറവിലാണ് വലിയ തോതില്‍ സ്വര്‍ണ്ണം കടത്തിയത്. എന്നാല്‍ കേസില്‍ മുഖ്യപ്രതിയായ മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാതെ 90 ദിവസം കാത്തിരുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് കുറ്റപത്രം വൈകാന്‍ കാരണമെന്ന് സതീശന്‍ ആരോപിക്കുന്നു.

ദ്വാരപാലക ശില്‍പം പോലും കടത്തിയ സംഭവത്തില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും സതീശന്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കള്ളന്മാരെ പിടിക്കുന്നതിന് പകരം ആചാരപരമായ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചവരെ പ്രതിക്കൂട്ടിലാക്കി കേസ് അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. ശബരിമലയിലെ സ്വര്‍ണ്ണം എങ്ങോട്ടുപോയി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ അന്വേഷണം വഴിതിരിച്ചുവിടുകയാണ് എസ്.ഐ.ടി ചെയ്യുന്നത്.

ബംഗ്ലൂരുവിലെ വമ്പന്‍ സ്വര്‍ണ്ണ കടയ്ക്ക് വേണ്ടി ശബരിമലയില്‍ സ്‌പോണ്‍സറായതും പോറ്റിയാണ്. ഈ ഗ്രൂപ്പിലെ പ്രധാനിക്കെതിരെ ബംഗ്ലൂരുവില്‍ നിരവധി കേസുകളുണ്ട്. എന്നിട്ടും ഈ ഗ്രൂപ്പിലെ ആരേയും പോലീസ് ചോദ്യം ചെയ്തിട്ടില്ല.

Tags:    

Similar News