രണ്ടര വയസ്സുള്ള മകളെയും നവജാത ശിശുവിനെയും തനിച്ചാക്കി ശിവ പ്രിയ മടങ്ങി; പ്രസവത്തിനു പിന്നാലെ യുവതി മരിച്ചതില്‍ ചികിത്സാ പിഴവെന്ന് കുടുംബം; എസ്എടി ആശുപത്രിക്ക് മുന്നില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ച് കുടുംബം

Update: 2025-11-09 11:01 GMT

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പ്രസവത്തിനു പിന്നാലെ യുവതി അണുബാധയേറ്റ് മരിച്ചതില്‍ ആശുപത്രിയുടെ ഭാഗത്തുനിന്ന് ചികിത്സാപ്പിഴവ് ഉണ്ടായതായി ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കൈക്കുഞ്ഞുമായി ബന്ധുക്കള്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയയാണ് (26) മരിച്ചത്. ആരോഗ്യവതിയായി ആശുപത്രിയില്‍ എത്തിയ ശിവപ്രിയയുടെ മരണത്തിനു കാരണം ആശുപത്രിയുടെ വീഴ്ചയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. വിഷയത്തെ നിയമപരമായി നേരിടുമെന്നും ശിവപ്രിയയുടെ ഭര്‍ത്താവ് പറഞ്ഞു.

ഒക്ടോബര്‍ 22നായിരുന്നു എസ്എടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവര്‍ പനിയെ തുടര്‍ന്ന് 26ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കള്‍ചറില്‍ അണുബാധ കണ്ടെത്തി. തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റിയ യുവതി ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. എസ്എടി ആശുപത്രിയില്‍ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവാണ് മരണത്തിനു കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുകയാണ്.

കൊല്ലത്തെ ഓട്ടോറിക്ഷാ തൊഴിലാളി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്കെതിരെ വലിയ ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് വീണ്ടും ചികിത്സാ പിഴവ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എസ്.എ.ടി ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് അണുബാധയുണ്ടായതെന്നും, വേണ്ട ചികിത്സ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. പ്രസവത്തിനുശേഷം ഡോക്ടര്‍ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയില്‍ നിന്നും ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതായും ഭര്‍ത്താവ് മനു പറഞ്ഞു. പിന്നാലെ പനി വരികയായിരുന്നു. അണുബാധയെത്തുടര്‍ന്നാണ് ശിവപ്രിയ മരിച്ചതെന്നാണ് ആശുപത്രിയുടെ വിശദീകരണം. വീട്ടുകാര്‍ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

മരണത്തിനു പിന്നാലെ, ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടര വയസ്സുള്ള മകളും, ദിവസങ്ങള്‍ മാത്രം പ്രായമുള്ള കൈകുഞ്ഞുമായാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം നടത്തുന്നത്. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായുണ്ട്.

Tags:    

Similar News