ചൂടായ പാനില്‍ നെയ്യും കറിവേപ്പിലയും താമര വിത്തും ചേര്‍ത്തു നല്ല ക്രിസ്പിയാകും വരെ ഏകദേശം 6-8 മിനിറ്റ് റോസ്റ്റ് ചെയ്യൂ; ഉപ്പും പഞ്ചസാരയും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്തു മസാല രണ്ടു മിനിറ്റോളം ചേര്‍ത്തിളക്കി യോജിപ്പിച്ചെടുത്താല്‍ സൂപ്പര്‍; രാജ്യത്ത് ഇനി കൂടുതല്‍ 'താമര' വിരിയും; താമര പ്രോട്ടീനില്‍ ബീഹാര്‍ വീണ്ടും പിടിക്കാന്‍ മോദി! എന്താണ് മഖാന?
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി കൂടുതല്‍ 'താമര' വിരിയും. താമരയുടെ പ്രോട്ടീനില്‍ ബീഹാര്‍ പിടിക്കാനാണ് ബിജെപിയുടെ നീക്കം. സസ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്ന പേരിലറിയപ്പെടുന്ന താമരവിത്ത്. താമര വിത്തുണ്ടാക്കാന്‍ പുതിയ പ്രത്യേക ബോര്‍ഡ് തന്നെ വരികയാണ്. താമരയുടെ പ്രസക്തി വരച്ചുകാട്ടുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വര്‍ധിപ്പിക്കുകയാണ് ഈ ബോര്‍ഡിന്റെ ലക്ഷ്യം. പല സംസ്ഥാനങ്ങളിലും താമരക്കുളങ്ങള്‍ സജീവമാണ്. തിരുവനന്തപുരത്തോട് ചേര്‍ന്ന് കിടക്കുന്ന കന്യാകുമാരിയില്‍ പോലും താമരക്കുളങ്ങള്‍ സജീവമാണ്. ആയിരക്കണക്കിന് താമരക്കുളങ്ങളാണ് കന്യാകുമാരിയിലുളളത്. താമര കര്‍ഷര്‍ക്കായി പുതിയൊരു ആശയം കൂടിയാവും മക്കാന ബോര്‍ഡ്.
'ഒരു വലിയ ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാനുള്ള അവസരം ഇവിടെ ഇന്ത്യയില്‍ തന്നെയുണ്ട്. ലോകവിപണിയില്‍ വില്‍ക്കാന്‍ സാധിക്കുന്ന ഒരു ഇന്ത്യന്‍ ബ്രാന്‍ഡ്. വ്യക്തിപരമായി എനിക്ക് പ്രിയപ്പെട്ടതാണ് മഖാന'- ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകവും സംരഭകനുമായ നിഖില്‍ കാമത്ത് അടുത്തിടെയാണ് മഖാനയുമായി ബന്ധപ്പെട്ട് എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചത്. ലോകവിപണിയില്‍ മഖാനയുടെ സാധ്യതകള്‍ വിവരിക്കുന്ന ചിത്രങ്ങളും നിഖില്‍ പങ്കുവെച്ചിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6000 കോടി മഖാനയിലൂടെ നേടാമെന്നും ഓരോ വര്‍ഷവും കയറ്റുമതിയില്‍ 25 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നും നിഖില്‍ ചൂണ്ടിക്കാട്ടി. ഈ സാധ്യതയാണ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ എടുത്തുപയോഗിക്കുന്നത്.
ശരീരവണ്ണം കൂടാതിരിക്കാനും, കൊളസ്‌ട്രോള്‍-ബിപി- പ്രമേഹം പോലുള്ള രോഗങ്ങള്‍ പിടിപെടാതിരിക്കാനും, ഇവ നേരത്തെ തന്നെയുണ്ടെങ്കില്‍ അത് വര്‍ധിക്കാതിരിക്കാനുമെല്ലാമുള്ള കരുതല്‍ ഭക്ഷണത്തില്‍ തന്നെ എടുക്കുന്നവര്‍. ഇത്തരക്കാരെ സംബന്ധിച്ച് അവര്‍ക്ക് അനുയോജ്യമായൊരു സ്‌നാക്ക് ആണ് മഖാന. ഫോക്‌സ് നട്ട്‌സ് എന്നും താമരവിത്ത് എന്നുമെല്ലാം അറിയപ്പെടുന്ന മഖാന ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ലഭ്യമാണ്. മഖാനയെ കുറിച്ച് അധികമൊന്നും അറിയാത്തതിനാല്‍ തന്നെ പലരും ഇത് വാങ്ങി കഴിക്കാറില്ല എന്നതാണ് സത്യം. ഈ കേന്ദ്ര ബജറ്റിലൂടെ മഖാനയും ജനപ്രിയമാകുകയാണ്. മഖാന, ഫൈബറിന്റെയും പ്രോട്ടീനിന്റെയും നല്ലൊരു ഉറവിടമാണ്. അതിനാല്‍ തന്നെ മഖാന കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കാനും, ദീര്‍ഘനേരത്തേക്ക് മറ്റെന്തെങ്കിലും കഴിക്കുന്നത് തടയാനുമെല്ലാം സഹായിക്കുന്നു. എന്നുവച്ചാല്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉചിതമായ സ്‌നാക്ക് ആണെന്ന് സാരം.
ലോകത്തിലെ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്ന ബിഹാര്‍ ഇതിനായി പ്രത്യേക ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് ഇപ്പോള്‍ ബജറ്റിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ബിഹാറിലെ മിഥിലാഞ്ചലിലെ പ്രശസ്തമായ മധുബനിയിലാണ് മഖാന കൃഷി തുടങ്ങിയത്. പരമ്പരാഗത രീതികളുപയോഗിച്ചുള്ള ഈ കൃഷി പിന്നീട് പാകിസ്താന്‍, ചൈന, മലേഷ്യ, ബംഗ്ലാദേശ്, കാനഡ എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ആരോഗ്യം നിലനിര്‍ത്താനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം മഖാന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
മഖാനയില്‍ കാത്സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറവാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മഖാന കഴിക്കാം. ഇതിലെ ഫൈബര്‍ വിശപ്പ് നിയന്ത്രിക്കും. അത്തരത്തില്‍ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും. ബീഹാറില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ്. ബീഹാറില്‍ താമര വിരിയണമെന്ന ആഗ്രഹം ബിജെപിക്കുണ്ട്. എന്നാല്‍ നിതീഷ് കുമാറിനെ പിണക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ എന്‍ഡിഎ ഭരണമെങ്കിലും ഉണ്ടാകണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതായത് ബീഹാറിനെ വീണ്ടും ചേര്‍ത്ത് പിടിക്കാന്‍ മഖാനയെ ഉപയോഗിക്കുകായണ് മോദിയും കൂട്ടരും.
മഖാനയില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. മഖാനയിലെ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. പ്രോട്ടീന്‍, നാരുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ആവശ്യ പോഷകങ്ങളുണ്ട്. എല്ലുകളുടെ ആരോഗ്യം, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തല്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇവ അത്യന്താപേക്ഷികമാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഭക്ഷണമാണിത്. ഫ്‌ളേവനോയിഡുകളും പോളിഫെനോളുകളും പോലുള്ള ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. അങ്ങനെ ശരീര ആരോഗ്യത്തിന് ഗുണകരമാകുന്ന മഖാനയെ രാഷ്ട്രീയ ആരോഗ്യം ബീഹാറില്‍ നിലനിര്‍ത്താന്‍ ബിജെപി പ്രയോഗിക്കുന്ന വജ്രായുധം കൂടിയായി മാറുകയാണ്.
ഫ്ളേവേഡ് മഖാന സ്നാക്കിന് ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലഭിക്കുന്നത് 150 കോടി രൂപയാണ്. തൊട്ടടുത്ത വര്‍ഷങ്ങളായി ഇതില്‍ 30 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. ചൈന, കൊറിയ, തായ്ലന്‍ഡ്, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മഖാനയ്ക്കുള്ള ഡിമാന്‍ഡ് ദിനം പ്രതികൂടുകയാണ്.
താമര വിത്ത് മസാല എങ്ങനെ ഉണ്ടാക്കാം.....
ചേരുവകള്‍
മഖാന (താമര വിത്ത്) - 2 കപ്പ്
നെയ്യ് - 2 ടീസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - 1/4 ടീസ്പൂണ്‍
പഞ്ചസാര - 1/8 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - 1/8 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി - 1/4 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള പാന്‍ അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ നെയ്യും കറിവേപ്പിലയും താമര വിത്തും ചേര്‍ത്തു നല്ല ക്രിസ്പിയാകുന്നതുവരെ ഏകദേശം 6 - 8 മിനിറ്റ് റോസ്റ്റ് ചെയ്‌തെടുക്കണം. ശേഷം ഇതിലേക്ക് ഉപ്പ്, പഞ്ചസാര, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്തു മസാല മഖാനയില്‍ നന്നായി പിടിക്കാനായി രണ്ടു മിനിറ്റോളം ചേര്‍ത്തിളക്കി യോജിപ്പിച്ചെടുക്കുക. നന്നായി തണുത്തതിനു ശേഷം വായുകടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ചാല്‍ ഒരു ആഴ്ചയോളം കേടാകില്ല.