പരിചയ സമ്പന്നരല്ലാത്ത മലയാളി ട്രക്ക് ഡ്രൈവർമാരെ നോട്ടമിടും; കാലതാമസമില്ലാതെ ജോലി തരപ്പെടുത്തി നൽകി വിശ്വാസ്യത പിടിച്ചു പറ്റും; ശമ്പളം ആവശ്യപ്പെടുമ്പോൾ നൽകുന്ന ചെക്കുകൾ മടങ്ങുന്നതോടെ ബാങ്കിന്റെ ബ്ളാക്ക് ലിസ്റ്റിലാകും; അക്കൗണ്ടും മരവിപ്പിക്കുന്നതോടെ കടക്കെണിയിലായവർ നിരവധി; തട്ടിപ്പുമായി വിദേശത്തും സജീവമായി മലയാളികളുടെ റിക്രൂട്ടിംഗ് ഏജൻസികൾ

Update: 2025-04-03 12:24 GMT

തിരുവനന്തപുരം: മികച്ച വേതനമുള്ള ജോലിയും സ്ഥിരതാമസവും സ്വപ്‌നം കണ്ട് കാനഡയിലെത്തുന്ന മലയാളികളെ ചൂഷണം ചെയ്ത് പണം തട്ടുന്ന റിക്രൂട്ടിംഗ് ഏജൻസികൾ സജീവമാകുന്നതായി സൂചന. കാനഡയിൽ ട്രക്ക് ഡ്രൈവർ ജോലിക്കായി എത്തുന്നവരെയാണ് മലയാളികൾ നടത്തുന്ന കമ്പനികൾ വഞ്ചിക്കുന്നത്. ട്രക്ക് ഡ്രൈവറായി ജോലി നൽകി ശമ്പളം നൽകാതെ കബളിപ്പിക്കപ്പെട്ട കോട്ടയം സ്വദേശിയായ യുവാവ് തനിക്ക് സംഭവിച്ച ദുരവസ്ഥ തുറന്ന് പറയുന്നത്. ഒന്നര മാസത്തോളമാണ് പരാതിക്കാരൻ പ്രമുഖ ലോജിസ്‌ടിക്സ് കമ്പനിയുടെ കീഴിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തത്. ശമ്പളം വൈകിയതോടെയാണ് ഇയാൾ ജോലി നിർത്തുന്നത്. കമ്പനിയിൽ നിന്നും നൽകിയ ചെക്ക് മടങ്ങിയതോടെ തന്റെ ബാങ്ക് അക്കൗണ്ട് അധികൃതർ മരവിപ്പിച്ചതായും തട്ടിപ്പിനിരയായ യുവാവ് പറയുന്നു.

കഴിഞ്ഞ ഡിസംബർ മാസത്തിലാണ് യുവാവ് കമ്പനിയുടെ കീഴിൽ ട്രക്ക് ഡ്രൈവറായി ജോലി ആരംഭിക്കുന്നത്. എട്ടോളം ദിവസം വരെ നീളുന്ന ട്രിപ്പുകൾക്ക് പോകുമ്പോൾ വരുന്ന ചെലവുകൾ സ്വയം നോക്കേണ്ടി വന്നതോടെയാണ് ജോലി നിർത്താൻ നിർബന്ധിതനായതെന്ന് സന്തോഷ് പറയുന്നു. ഒരു മാസം കഴിഞ്ഞിട്ടും സന്തോഷിന് ശമ്പളം ലഭിച്ചിരുന്നില്ല. ജോലി നിർത്തിയതോടെ കമ്പനിയിൽ നിന്നും പോസ്റ്റ്-ഡേറ്റഡ് ചെക്ക് ലഭിച്ചു. മൂന്ന് മാസത്തെ കാലാവധിയായിരുന്നു ചെക്കിനുണ്ടായിരുന്നത്. എന്നാൽ മൂന്ന് മാസം കഴിഞ്ഞ് ചെക്ക് മാറാനെത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് മനസ്സിലാകുന്നത്. 5000 ഡോളറിന്റെ ചെക്കാണ് കമ്പനിയിൽ നിന്നും നൽകിയത്, അതായത് ഏകദേശം 3 ലക്ഷത്തോളം രൂപ. 4 ട്രിപ്പിന്റെ പ്രതിഫലമായിരുന്നു ഇത്.

ചെക്ക് മടങ്ങിയതോടെ യുവാവ് ബാങ്കിന്റെ ബ്ളാക്ക് ലിസ്റ്റിലായി. ഇതോടെ തന്റെ അക്കൗണ്ടും ബാങ്ക് മരവിപ്പിച്ചതായും തട്ടിപ്പിനിരയായ ആൾ പറയുന്നു. പണം ആവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ലെന്നുമാണ് ആരോപണം. സമാനമായ രീതിയിൽ നിരവധി പേർ തട്ടിപ്പിനിരയായതായാണ് സൂചന. കാനേഡിയൻ പൗരത്വമുള്ള മലയാളികളായിരിക്കും ഇത്തരം കമ്പനികൾ നടത്തുന്നവരിൽ ഏറെയും. ഇവർക്കെതിരെ പരാതി നൽകിയാൽ തങ്ങളുടെ വർക്ക് വിസയെ തന്നെ ബാധിക്കുമെന്ന ഭീതിയിലാണ് ഇവർ. ഇതിനാൽ പരാതി നൽകാനോ നിയമ നടപടികൾ സ്വീകരിക്കാനോ തട്ടിപ്പിനിരയായവർ മുന്നോട്ട് വരുന്നുമില്ല. ഇതൊരു അവസരമായി കണ്ട് മലയാളികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം കമ്പനികൾ വർധിച്ചു വരുന്നതായാണ് സൂചന.

വിദേശത്ത് ജോലിയും സ്ഥിരതാമസവും സ്വപ്‍നം കാണുന്നവരെ പ്രധാനമായും ആകർഷിക്കുന്ന രാജ്യമാണ് കാനഡ. പല മേഖലകളിലായി ധാരാളം മലയാളികളും ജോലി ചെയ്യുന്ന രാജ്യം കൂടിയാണിത്. മികച്ച വേതനവും, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ലക്ഷ്യമിട്ടാണ് വലിയൊരു ശതമാനം പേരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി പാർക്കുന്നത്. കാനഡയിൽ സ്ഥിരതാമസം ആഗ്രഹിച്ച് എത്തുന്ന മലയാളികളെ ചൂഷണം ചെയ്യുന്ന കമ്പനികൾ വർധിച്ചു വരുന്നതായുള്ള വാർത്തകൾ ചർച്ചയാവുകയാണ്. നിരവധി അവസരങ്ങളാണ് കാനഡയിൽ ട്രക്ക് ഡ്രൈവർമാർക്കുള്ളത്. കാനഡയിൽ ട്രക്ക് ഡ്രൈവിങ്ങിനായുള്ള ലൈസൻസിനായി 6 ലക്ഷത്തോളം രൂപയാണ് ചിലവാകുന്നത്.

ചിന്തിക്കാവുന്നതിനും അപ്പുറത്താണ് ഈ ജോലിക്ക് ലഭിക്കുന്ന പ്രതിഫലം എന്നതാണ് ട്രക്ക് ഡ്രൈവർമാരെ വിദേശത്തേക്ക് ആകർഷിക്കുന്നതും. എന്നാൽ മികച്ച കമ്പനികളിൽ ജോലി ലഭിക്കുന്നതിന് പരിചയസമ്പന്നരായ ഡ്രൈവർമാരെയാണ് മിക്ക കമ്പനികളും പരിഗണിക്കുന്നത്. ഇതിനാൽ പുതുതായി ജോലിക്ക് ശ്രമിക്കുന്നവർ ചെറിയ കമ്പനികളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നു. ഈ അവസരം മുതലെടുത്ത് കമ്പനികൾ നടത്തുന്ന തട്ടിപ്പിനിരയായത് നിരവധി പേരാണ്. വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ ജോലി നൽകിയാണ് കമ്പനികൾ ഡ്രൈവർമാരുടെ വിശ്വസ്തത പിടിച്ച് പറ്റുന്നത്.

പിന്നീട് ജോലി ചെയ്ത ശമ്പളമോ ആനുകൂല്യങ്ങളോ നൽകാതെയാണ് ഇവരെ കബളിപ്പിക്കുന്നത്. ചൂഷണത്തിന് കേരളത്തിൽ നിന്നുള്ള ഡ്രൈവർമാരെയാണ് ഇത്തരം കമ്പനികൾ ലക്ഷ്യമിടുന്നതെന്നുമാണ് സൂചന. വർക്ക് പെർമിറ്റ് വിസയിലെത്തുന്നവരാണ് വഞ്ചിക്കപ്പെട്ടുന്നവരിൽ ഏറെയും. ജോലിയും, സ്ഥിരതാമസവും ആഗ്രഹിച്ച് വരുന്നവരാണ് ഏറെയും. അതിനാൽ പോലീസ് കേസുകളിലോ മറ്റ് നിയമ നടപടികളിലേക്കോ ചെന്ന്പെടാൻ ഇവർ ആഗ്രഹിക്കുന്നുമില്ല. ഇതാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ വർധിച്ച് വരുന്നതിന്റെ പ്രധാന കാരണമെന്നും ട്രക്ക് ഡ്രൈവർ ജോലിക്കായി എത്തിയവർ പറയുന്നു.

Tags:    

Similar News