ഇന്ത്യയിലെത്തിയത് അനധികൃതമായി; താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളിയായി; ജോലി കുറഞ്ഞതോടെ മോഷണം നടത്താന്‍ നീക്കം; സെയ്ഫ് അലി ഖാന്റെ വീടാണ് എന്നറിയാതെയെത്തി; എ.സി. ദ്വാരം വഴിയാണ് വീട്ടിനുള്ളില്‍ കടന്നതെന്നും പ്രതി; അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; സെയ്ഫ് ഉടന്‍ ആശുപത്രി വിടും

സെയ്ഫ് അലിഖാന്റെ വീടാണെന്ന് അറിയാതെ മോഷണത്തിന് എത്തി

Update: 2025-01-19 10:24 GMT

മുംബൈ: ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ മുംബൈ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാം ഷെഹ്സാദിനെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മുഹമ്മദ് സജാദ്, വിജയ് ദാസ് തുടങ്ങിയ പേരുകളില്‍ അതിഥി തൊഴിലാളികള്‍ക്ക് ഒപ്പം ഒളിച്ച് താമസിച്ചിരുന്ന ഇയാളെ താനെയില്‍ നിന്നാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

മുംബൈ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെയ്ഫ് അലി ഖാന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള അന്വേഷണമാണ് ഇയാളെ കുടുക്കിയത്. ഇയാള്‍ കുറേക്കാലമായി മുംബൈയിലെ ഒരു ബാറിലെ ജീവനക്കാരനായിരുന്നു. പിന്നീട് താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ജോലി ചെയ്തിരുന്നത്. ജോലി കുറഞ്ഞതോടെ മോഷണം നടത്താന്‍ പദ്ധതിയിടുകയായിരുന്നുവെന്നും സെയ്ഫ് അലി ഖാന്റെ വീടാണ് എന്നറിയാതെയാണ് ബാന്ദ്രയിലെ വീട്ടില്‍ കയറിയതെന്നും ഇയാള്‍ പോലീസിന്‍ മൊഴി നല്‍കിയിട്ടുണ്ട്.

എ.സി. ദ്വാരം വഴിയാണ് വീട്ടിനുള്ളിലേക്ക് കടന്നതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. പ്രതിയെ സെയ്ഫ് അലി ഖാന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢില്‍നിന്ന് ഒരാളെ പോലീസ് പിടികൂടിയിരുന്നു. മുംബൈ പോലീസ് അയച്ച ഫോട്ടോയുമായി സാമ്യമുള്ളതിനെത്തുടര്‍ന്നാണ് ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തത്. എന്നാലിയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പിന്നീട് തെളിഞ്ഞതോടെ വിട്ടയച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.

കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.

മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനുള്ളില്‍ താരം ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന. മക്കളായ തൈമൂറും ജേയും ഞായറാഴ്ച സെയ്ഫിനെ കാണാന്‍ ആശുപത്രിയിലെത്തി. അമ്മ കരീനയ്‌ക്കൊപ്പമാണ് ഇരുവരും എത്തിയത്.

സെയ്ഫിന്റെ സഹോദരി സോഹ അലി ഖാനും ഭര്‍ത്താവ് കുണാല്‍ ഖെമുവും ഇന്ന് താരത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. കരീനയും മക്കളും എത്തുന്നതിന് തൊട്ടുമുമ്പാണ് സോഹയും കുണാലും എത്തിയത്. സെയ്ഫിന്റെ ആദ്യഭാര്യയിലെ മക്കളായ സാറയും ഇബ്രാഹിമും എല്ലാദിവസവും താരത്തെ കാണാന്‍ എത്തിയിരുന്നു.

Similar News