നീതി പൂര്‍ണ്ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല; കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ; ആസൂത്രണം ചെയ്തവര്‍, പുറത്ത് പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ്; അവര്‍ കൂടി ശിക്ഷിക്കപ്പെടണം; നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് ആവര്‍ത്തിച്ച് നടി മഞ്ജു വാര്യര്‍

നീതി പൂര്‍ണ്ണമായി നടപ്പായായി എന്ന് പറയാന്‍ ആവില്ല

Update: 2025-12-14 12:29 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് ആവര്‍ത്തിച്ച് നടി മഞ്ജു വാര്യര്‍. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. കോടതിയോട് ബഹുമാനമുണ്ട്.എന്നാല്‍, ഇക്കാര്യത്തില്‍ നീതി പൂര്‍ണ്ണമായി നടപ്പിലായി എന്ന് പറയാന്‍ സാധിക്കില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. അത് ആസൂത്രണം ചെയ്തവര്‍ അവര്‍ ആരു തന്നെയാണെങ്കിലും അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതകള്‍ക്കുള്ള നീതി പൂര്‍ണമാകൂവെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി.

അന്നും, ഇന്നും, എന്നും അവര്‍ക്കൊപ്പമാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് മഞ്ജു പോസ്റ്റ് അവസാനിപ്പിക്കുന്നത്. എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ തുറന്നടിച്ചുകൊണ്ട് അതിജീവിതയായ നടി രംഗത്ത് എത്തിയതിന് തൊട്ടുപിന്നാലെയാണ് മഞ്ജവാര്യറും വിമര്‍ശനം ഉന്നയിക്കുന്നത്. ആസൂത്രണം ചെയ്തവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലെ പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകുകയുള്ളുവെന്നും മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടുന്നു.

'ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ.' മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരു. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം - എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, എട്ടു വര്‍ഷം ഒമ്പത് മാസം 23 ദിവസങ്ങള്‍ ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നുവെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം. പ്രതികളില്‍ ആറുപേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു!. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ അല്പം ആശ്വാസം കിട്ടിയിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നുവെന്നും നടി കുറിക്കുന്നു.

അതുപോലെ ഒന്നാം പ്രതി എന്റെ പേഴ്സണല്‍ ഡ്രൈവര്‍ ആയിരുന്നുവെന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാള്‍ എന്റഎ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയില്‍ പരിചയമുള്ള വ്യക്തിയോ അല്ല. 2016ല്‍ ഞാന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനില്‍നിന്നും നിയോഗിക്കപ്പെട്ട ഒരാള്‍ മാത്രമാണ് അയാള്‍ ഈ ക്രൈം നടക്കുന്നതിന് മുന്‍പ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാന്‍ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങള്‍ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകള്‍ പറയുന്നത് നിര്‍ത്തുമെന്ന് കരുതുന്നു.

ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാല്‍ എനിക്കിതില്‍ അത്ഭുതമില്ല. 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയില്‍ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് ഈ കോടതിയില്‍ തീര്‍ത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്തുത ജഡ്ജില്‍നിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹര്‍ജികളും പക്ഷേ നിഷേധിക്കുകയായിരുന്നുവെന്നും അതിജീവിതകൂട്ടിച്ചേര്‍ത്തു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ പ്രോസിക്യൂഷന്‍ രൂക്ഷമായ വിമര്‍ശനമാണ് കേട്ടത്. പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നും മാഡത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി വിധിന്യായത്തില്‍ ആരാഞ്ഞിട്ടുണ്ട്. സ്വകാര്യദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ സുരക്ഷ സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള ആരോപണങ്ങള്‍ വിചാരണയുടെ പല ഘട്ടങ്ങളില്‍ ഉയരുകയും ചെയ്തു.

കോടതിയില്‍ തെളിവായി ഹാജരാക്കിയ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളടങ്ങിയ എട്ട് ഫയലുകളുടെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടില്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി വിധിന്യായത്തില്‍ പറയുന്നു. പരാതിക്കാരിയുടെ സ്വകാര്യത ഒരു ഘട്ടത്തിലും ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഇക്കാര്യം വാദത്തിന്റെ അവസാനഘട്ടത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും സമ്മതിച്ചിട്ടുണ്ടെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കിയിരിക്കുന്നു.

പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കാണാതായതിനെ കുറിച്ചും വിധിന്യായത്തില്‍ പറയുന്നു. ആ ഫോണ്‍ കണ്ടെത്താനുള്ള കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടിയോട് ദിലീപിന് വിരോധമുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ തക്കവിധത്തിലുള്ള യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിധിന്യായത്തില്‍ കോടതി പറയുന്നു. ഗൂഢാലോചനയുമായും പള്‍സര്‍ സുനി ദിലീപുമായി നടത്തിയ കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ട് ഹാജരാക്കിയ സാക്ഷികളും തെളിവുകളും പര്യാപ്തമല്ല എന്നും വിധിന്യായത്തില്‍ കോടതി എടുത്തുപറയുന്നു.

Tags:    

Similar News