പതിനെട്ടരക്കമ്പനിക്കും കുണ്ടന്നൂര്‍ തമ്പിക്കും ബദലായ ഭായി നസീര്‍; ശിഷ്യനായ മരട് അനീഷ് വളര്‍ന്ന് വലുതായി ഗുരുവിന് ഭീഷണിയായി; ചേട്ടന്റെ വഴിയേ അനുജനും; കൂട്ടിന് ഭാര്യയും കാമുകിയും; കോള്‍ ഗേളാക്കിയ സുറുമിയും അമ്പൂരിക്കാരി ജിജിയും; ഹണിട്രാപ്പില്‍ അകത്തായത് മരട് അനീഷിന്റെ സഹോദരനും സംഘവും; തേന്‍കണി പൊളിഞ്ഞത് ഇങ്ങനെ
തൃപ്പൂണിത്തുറ: ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരന്‍ ഉള്‍പ്പെടെ 5 പേരെ ഹണിട്രാപ്പ് കേസില്‍ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പുറത്തു വരുന്നത് കൊച്ചിയില്‍ ഗുണ്ടാ സംഘങ്ങള്‍ സജീവം എന്നതിന്റെ സൂചന. വിഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പല തവണകളിലായി 13,500 രൂപയും മൊബൈല്‍ ഫോണ്‍, ബൈക്ക് എന്നിവയും തട്ടിയെടുത്തെന്ന വൈക്കം സ്വദേശിയായ യുവാവിന്റെ പരാതിയിലായിരുന്നു കേസ്.
മരട് അനീഷിന്റെ സഹോദരന്‍ മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (33), ഇയാളുടെ കൂടെയുള്ള സുറുമി (29), തൊടുപുഴ പൈങ്കുളം മൈലംകൊമ്പ് സ്വദേശിയും ഇപ്പോള്‍ നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ തോമസ് (24), പത്തനംതിട്ട മൈലംപാറ കൊല്ലംപറമ്പില്‍ സ്വദേശിയും ഇപ്പോള്‍ മരട് നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ നേഹ ആഷിക് (35), തിരുവനന്തപുരം അമ്പൂരി പുത്തന്‍വീട്ടില്‍ സ്വദേശിയും ഇപ്പോള്‍ നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ജിജി (19) എന്നിവരെയാണ് കേസില്‍ ഹില്‍പ്പാലസ് പോലീസ് ഇന്‍സ്‌പെക്ടര്‍ എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. അനില, യു.വി. വിഷ്ണു, ആര്‍. സന്തോഷ് എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു. അഷികിന്റെ ഭാര്യയാണ് നേഹ.
ലൈംഗിക തൊഴിലാളിയാണെന്നു തെറ്റിദ്ധരിപ്പിച്ചു സുറുമിയുടെ ഫോണ്‍ നമ്പര്‍ വൈക്കം സ്വദേശിയായ യുവാവിന് ആഷിക്ക് ആന്റണിയും സുറുമിയും ചേര്‍ന്നു നല്‍കി. തുടര്‍ന്നു യുവാവുമായി ഇവര്‍ സൗഹൃദം സ്ഥാപിച്ചു. കഴിഞ്ഞ നവംബറില്‍ തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപമുള്ള ലോഡ്ജിലേക്കു യുവാവിനെ വിളിച്ചുവരുത്തി. യുവാവ് മുറിയില്‍ എത്തി ശേഷം സുറുമി വാതില്‍ അടച്ചപ്പോള്‍ പുറത്തു കാത്തുനിന്ന ആഷിക്കും തോമസും വാതില്‍ തുറന്ന് അകത്തു കയറി ഇവരുടെ വിഡിയോ ചിത്രീകരിച്ചു. തുടര്‍ന്നു വിഡിയോ പ്രചരിപ്പിക്കുമെന്നു യുവാവിനെ ഇവര്‍ ഭീഷണിപ്പെടുത്തി. മറ്റു പ്രതികള്‍ക്കൊപ്പം നേഹയും യുവാവിനെ ഭീഷണിപ്പെടുത്തി. ഇവര്‍ തട്ടിയെടുത്ത ബൈക്ക് പണയം വച്ച പണത്തില്‍ ഒരു വിഹിതം ജിജിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്നു പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ 3 പ്രതികളെ നെട്ടൂരിനു സമീപമുള്ള വാടകവീട്ടില്‍ നിന്നും ഒരാളെ പനമ്പിള്ളിനഗറില്‍ നിന്നും ഒരാളെ മൂന്നാര്‍ റിസോര്‍ട്ടില്‍ നിന്നുമാണു പിടികൂടിയത്.
ഒക്ടോബറില്‍ തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപമുള്ള ചാലില്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത ആഷിക് ആന്റണിയും സുറുമിയുമൊന്നിച്ച് പരാതിക്കാരന്റെ വാട്‌സാപ്പ് നമ്പറിലേക്ക് കോള്‍ ഗേള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് സുറുമിയുടെ നമ്പര്‍ അയച്ചുകൊടുത്ത് പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. ഇങ്ങനെയാണ് തന്ത്രപൂര്‍വം ആളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയത്. പിന്നീട് ബ്ലാക് മെയിലും. മറ്റു കൂട്ടുപ്രതികളും കൂടി ചേര്‍ന്ന് പരാതിക്കാരന്റെ കൈയില്‍നിന്ന് പല തവണകളിലായി 13,500 രൂപ, മൊബൈല്‍ ഫോണ്‍, ബൈക്ക് എന്നിവ തട്ടിയെടുക്കുകയും ചെയ്തു. ബൈക്ക് പണയം വയ്ക്കുകയുമുണ്ടായി. കേസില്‍ ഒന്നാം പ്രതിയായ ആഷിക് ആന്റണി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ മോഷണക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ അഞ്ചു പേരേയും റിമാന്‍ഡ് ചെയ്തു.
കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആനക്കാട്ട് വീട്ടില്‍ അനീഷ് ആന്റണി എന്ന മരട് അനീഷ്. കൊച്ചി കേന്ദ്രീകരിച്ച് വന്‍ഗുണ്ടാസംഘവും ഇയാള്‍ക്കുണ്ട്. നേരത്തെ പലതവണ മരട് അനീഷിനെ പൊലീസ് പിടികൂടിയിരുന്നു. കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രണം തുടങ്ങിയ കേസുകളിലാണ് മരട് അനീഷ് നേരത്തെ ഉള്‍പ്പെട്ടിരുന്നത്. ഇയാളെ വാളയാര്‍ അതിര്‍ത്തിക്ക് സമീപം പൊലീസ് സിനിമാസ്റ്റൈലില്‍ പിടികൂടിയതും വാര്‍ത്തയായിരുന്നു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കൂടാതെ, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും വിവിധ കേസുകളില്‍ പ്രതിയാണ്. കേരളത്തില്‍ മാത്രം കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, വധശ്രമം, ഗൂണ്ടാപ്പിരിവ് തുടങ്ങി 45 ഓളം കേസുകളില്‍ പ്രതിയാണ്.
മരട് അനീഷ് കേരള പൊലീസ് ഗുണ്ടാ ലിസ്റ്റിലെ പ്രധാനികളിലൊരാളാണ്. കുറ്റകൃത്യങ്ങള്‍ക്കു ശേഷം ഇതര സംസ്ഥാനങ്ങളിലേക്കു കടക്കുന്ന പ്രതിയെ ചില കേസുകളില്‍ മാത്രമാണു അറസ്റ്റ് ചെയ്യാനായത്. ഇതേ ചേട്ടന്റെ വഴിയിലാണ് അനുജനുമെന്നതാണ് ഇപ്പോള്‍ പുറത്തു വന്ന കേസ് വ്യക്തമാക്കുന്നതും. 17 വര്‍ഷം മുന്‍പു കുണ്ടന്നൂരിലെ വ്യാപാരിയെ രാത്രി വഴിയില്‍ തടഞ്ഞു നിര്‍ത്തി കഴുത്തില്‍ കത്തിവച്ചു പണം തട്ടിയ കേസിലാണ് അനീഷ് ആദ്യം പിടിയിലാകുന്നത്. നെട്ടൂരിലെ ഭായി നസീറിന്റെ ക്വട്ടേഷന്‍ സംഘത്തിലൂടെ വളര്‍ന്ന അനീഷ് പിന്നീട് ഇതേ സംഘത്തിന് എതിരായി. ഭായി നസീറും അനീഷും തമ്മിലുള്ള ഗുണ്ടാ കുടിപ്പക കത്തിനിന്ന കാലത്തു കൊച്ചിയെ നടുക്കിയ ഇംതിയാസ് വധക്കേസില്‍ തെളിവുകളുടെ അഭാവത്തില്‍ അനീഷിനെ കോടതി വെറുതേ വിട്ടതു പൊലീസിനു നാണക്കേടായിരുന്നു. സാന്താക്ലോസ് വേഷം ധരിച്ച കൊലയാളികള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഇംതിയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഓരോ പ്രദേശവും ഓരോ ഗുണ്ടാസംഘവും നിയന്ത്രിച്ചിരുന്ന ഒരു കാലം എറണാകുളത്തിനുണ്ടായിരുന്നു. കുണ്ടന്നൂരില്‍ തമ്പിയും വൈറ്റിലയില്‍ വെട്ടില്‍ സുരേഷും തമ്മനത്ത് ഷാജിയും തേവരയില്‍ മകിടി കുട്ടനും ഏലൂരില്‍ ചൗക്ക സാജുവും അടക്കിവാണിരുന്ന കാലം. അക്കാലത്ത് ഗുണ്ടാപ്പടകളും ധാരാളമായിരുന്നു. ഇതിലൊരു ഗുണ്ടാപ്പടയായിരുന്നു പതിനെട്ടര കമ്പനി. 19 ഗുണ്ടകള്‍ ഉണ്ടെങ്കിലും അവരില്‍ ഒരാള്‍ക്ക് പൊക്കം കുറഞ്ഞതിനാലാണ് ഈ പേര് വന്നത്. ചമ്പക്കര ചന്ത നിയന്ത്രണവും കപ്പം പിരിക്കലും പാര്‍ട്ടിക്ക് വേണ്ടിയുള്ള പണം വാങ്ങാതെയുള്ള കണ്ണൂര്‍ മോഡല്‍ ക്വട്ടേഷനുമായിരുന്നു ഇവരുടെ പണി. ഗുണ്ടാപ്പടയുടെ നേതാവ് സുനിയുടെ കൊലപാതകം കഴിഞ്ഞതോടെ ചമ്പക്കര സതീശന്‍ ലീഡറായി.
മറ്റൊരു കൊലക്കേസില്‍ സതീശന്‍ ജയിലില്‍ ആയതോടെ പതിനെട്ടര കൂട്ടം പൊളിഞ്ഞു. തമ്മനം ഷാജി ഉള്‍പ്പെടെയുള്ള ഗുണ്ടകള്‍ ക്വട്ടേഷന്‍വര്‍ക്കിനൊപ്പം വലതുപക്ഷ രാഷ്ട്രീയത്തിലെ നേതാക്കള്‍ക്കു വേണ്ടി ഇടയ്ക്കു പ്രവര്‍ത്തിക്കും എന്നല്ലാതെ ഒരു നേതാവിനും വേണ്ടിയുള്ള ഓപ്പറേഷനുകളില്‍ പങ്കാളി ആയിരുന്നില്ല. കുണ്ടന്നൂര്‍ തമ്പിയുടെ കാലം വരെ ഈ നീക്കുപോക്കു തുടര്‍ന്നു. പരസ്പര സഹായം എന്നല്ലാതെ ഗുണ്ടകള്‍ ഒഴുക്കുന്ന രക്തത്തിന് രാഷ്ട്രീയക്കാര്‍ ഒരുപരിധിവരെ കാരണക്കാര്‍ ആയിരുന്നുമില്ല. ഇക്കാലത്താണ് ഭായ് നസീര്‍ കളത്തിലിറങ്ങി തുടങ്ങുന്നത്.
കുണ്ടന്നൂര്‍ തമ്പിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഭായ് നസീര്‍ സ്വന്തമായി ഗാങ് ആരംഭിച്ചു. പിന്നീട് 2004 വരെ ഭായിയുടെ സന്തതസഹചാരിയായിരുന്ന മരട് അനീഷും സ്വന്തമായി ഗാംഗിനെ ഇറക്കി. വളരെപ്പെട്ടെന്ന് തന്നെ മരട് അനീഷും ഭായ് നസീറും ശത്രുക്കളായി. 2007 ജനവരി 10 ന് രാത്രിയില്‍ ഭായ് നസീറിനു നേരെ അനീഷും സംഘവും ആക്രമണം നടത്തി. ബൈക്കില്‍ വരികയായിരുന്ന നസീറിനെ വൈറ്റില തൈക്കൂടത്തുവച്ച് അനീഷും സംഘവും തടഞ്ഞുനിര്‍ത്തുകയായിരുന്നു. തോക്കും വടിവാളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നസീറിന്റെ ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിന്റെ പകരംവീട്ടലും മണിക്കൂറുകള്‍ക്കുള്ളില്‍ നടന്നു. തട്ടിപ്പുകള്‍ക്കു മറയിടാന്‍ ഇടക്കാലത്ത് ഹോട്ടല്‍ ബിസിനസിലേക്കു ചുവടു മാറിയിരുന്നു അനീഷ്. കൊച്ചിയിലും പരിസരത്തും ചില ഹോട്ടലുകളില്‍ അനീഷിനു രഹസ്യ നിക്ഷേപം ഉണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എങ്കിലും കൊള്ളയും ക്വട്ടേഷനും തുടര്‍ന്നു. 2019ല്‍ പാലക്കാട് ദേശീയപാത മുണ്ടൂര്‍ പന്നിടംപായം വളവില്‍ കാറില്‍ കൊണ്ടുപോയ 96 ലക്ഷം രൂപ കുഴല്‍പണം കവര്‍ന്ന കേസിലും മുഖ്യ പ്രതിയാണ് അനീഷ്.