ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് മരിച്ചത് ഏഴു പേര്‍; അപകടം പൊള്ളലേറ്റ രോഗിയമായി റാഞ്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെ: മരിച്ചത് ഡോക്ടറടക്കം അഞ്ച് യാത്രക്കാരും രണ്ട് ജീവനക്കാരും
ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് ഏഴു പേര്‍ മരിച്ചു
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് ഏഴു പേര്‍ മരിച്ചു. റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം. ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീഴുകയായിരുന്നു. ഛത്ര ഡെപ്യൂട്ടി കമ്മീഷണര്‍ കീര്‍ത്തിശ്രീ ജി ആണ് മരണം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. രണ്ടു ജീവനക്കാരും അഞ്ചു യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാത്രി ഏഴരയോടെയാണ് സംഭവം.
രോഗിയായ സഞ്ജയ് കുമാര്‍, ഡോക്ടര്‍ വികാസ് കുമാര്‍ ഗുപ്ത, പാരാമെഡിക് സച്ചിന്‍ കുമാര്‍ മിശ്ര, സഹായികളായ അര്‍ച്ചന ദേവി, ധുരു കുമാര്‍, പൈലറ്റുമാരായ ക്യാപ്റ്റന്‍ വിവേക് വികാസ് ഭഗത്, സവരാജ്ദീപ് സിങ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരും മരിച്ചു. 41-കാരനായ സഞ്ജയ് കുമാറിന് പൊള്ളലേറ്റതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകവേയാണ് വിമാനം തകര്‍ന്ന് വീണത്. ചത്ര ജില്ലയിലെ സിമരിയക്ക് സമീപമുള്ള കസാരിയ പഞ്ചായത്തിലാണ് വിമാനം തകര്‍ന്നു വീണതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കീര്‍ത്തിശ്രീ ജി അറിയിച്ചു.
റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മെഡിക്കല്‍ എമര്‍ജന്‍സി ഫ്‌ലൈറ്റായിരുന്നു വിമാനം. റാഞ്ചിയില്‍ നിന്ന് രാത്രി 07:11-ന് വിമാനം പറന്നുയര്‍ന്നു. പിന്നാലെ തകര്‍ന്ന് വീഴുകയായിരുന്നു. കൊല്‍ക്കത്തയുമായി റഡാര്‍ ബന്ധം സ്ഥാപിച്ചശേഷം മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടാന്‍ ആവശ്യപ്പെട്ടിരുന്നു. 07:34-ഓടെ വാരാണസിയില്‍നിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്കായി കൊല്‍ക്കത്തയുമായുള്ള ആശയവിനിമയവും റഡാര്‍ ബന്ധവും നഷ്ടപ്പെട്ടു. രാത്രി 10 മണിക്ക് ഡല്‍ഹിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (അഅകആ) സംഘം സ്ഥലത്തേക്ക് തിരിച്ചു. രാജ്യത്ത് ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ചെറിയ വിമാനാപകടമാണിത്. ജനുവരി 28-ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനാപകടത്തില്‍ മരിച്ചിരുന്നു.
