പൊതുസ്ഥലത്ത് ഇനി ആരും മുഖം മറയ്‌ക്കേണ്ട; ബുര്‍ഖയ്ക്കും ഹൂഡുകള്‍ക്കും നിരോധനം! കുടിയേറ്റക്കാരെ തൂക്കിയെടുത്ത് നാടുകടത്തും; ക്രിസ്ത്യന്‍ പൈതൃകം കാക്കാന്‍ പള്ളികള്‍ക്ക് സംരക്ഷണം; യുകെയില്‍ വലതുപക്ഷ തരംഗം ആഞ്ഞടിക്കുമോ? യുകെയില്‍ 'ദേശീയ സുരക്ഷാ' ഉറപ്പാക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി റീഫോം യുകെ; സിയ യൂസഫിന്റെ നയങ്ങള്‍ക്ക് പിന്തുണയേറുന്നു

Update: 2026-02-23 16:34 GMT

ലണ്ടന്‍: ബ്രിട്ടനിലെ വലതുപക്ഷ പാര്‍ട്ടിയായ റീഫോം യുകെ (Reform UK) അധികാരത്തില്‍ വന്നാല്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കുമെന്ന പ്രഖ്യാപനവുമായി പാര്‍ട്ടിയുടെ ആഭ്യന്തര മേധാവി സിയ യൂസഫ്. സുരക്ഷാ പ്രശ്‌നങ്ങളും സാമൂഹികമായ ഒത്തുചേരലും മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ മുതല്‍ ഹുഡുകള്‍ വരെയുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് റീഫോം യുകെ പ്രഖ്യാപിച്ചത്. കുറ്റവാളികള്‍ മുഖം മറച്ച് സിസിടിവികളില്‍ നിന്ന് രക്ഷപ്പെടുന്നത് തടയാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഈ നീക്കം അനിവാര്യമാണെന്ന് പാര്‍ട്ടിയുടെ ആഭ്യന്തര മേധാവി സിയ യൂസഫ് പറഞ്ഞു.

ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങളും പൊതുസ്ഥലങ്ങളില്‍ നിരോധിക്കണമെന്ന നിലപാടിനെ സിയ യൂസഫ് വ്യക്തിപരമായി പിന്തുണച്ചു. ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നയമാക്കുന്നതിനെക്കുറിച്ച് ഉടന്‍ വ്യക്തത വരുത്തും. മുന്‍ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവര്‍മാനും ഈ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ അമേരിക്കയിലെ ഐസിഇ (ICE) മാതൃകയില്‍ 'യുകെ ഡിപ്പോര്‍ട്ടേഷന്‍ കമാന്‍ഡ്' രൂപീകരിക്കും. പ്രതിദിനം അഞ്ച് വിമാനങ്ങളിലായി 6 ലക്ഷത്തോളം പേരെ നാടുകടത്താനാണ് പാര്‍ട്ടിയുടെ പദ്ധതി. വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം കണക്കിലെടുത്ത് രാജ്യത്ത് 'ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ' പ്രഖ്യാപിക്കുമെന്ന് സിയ യൂസഫ് പറഞ്ഞു. മുസ്ലീം ബ്രദര്‍ഹുഡ്, ഇറാന്റെ ഐആര്‍ജിസി (IRGC) എന്നീ സംഘടനകളെ നിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്റെ ക്രിസ്ത്യന്‍ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചരിത്രപരമായ പള്ളികള്‍ മോസ്‌ക്കുകളായി മാറ്റുന്നത് തടയാന്‍ നിയമം കൊണ്ടുവരും. പള്ളികളെ സ്വയമേവ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തും. നാടുകടത്തല്‍ നടപടികള്‍ സുഗമമാക്കുന്നതിന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ (ECHR) നിന്ന് ബ്രിട്ടന്‍ പിന്മാറണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നു. പാര്‍ട്ടി നേതാവ് നൈജല്‍ ഫരാഷും ഈ നീക്കങ്ങളെ പിന്തുണച്ചു. മുഖംമൂടി ധരിച്ചെത്തുന്ന ജനക്കൂട്ടം നഗരങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് തടയാന്‍ ഇത്തരം കര്‍ശന നിയമങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മുന്‍പ് ബുര്‍ഖ നിരോധനത്തെ എതിര്‍ത്തിരുന്ന സിയ യൂസഫ് ഇപ്പോള്‍ നിലപാട് മാറ്റിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഡോവറില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കുടിയേറ്റം, പോലീസ് സേവനം, തീവ്രവാദം, ബ്രിട്ടന്റെ ക്രിസ്ത്യന്‍ പൈതൃകം സംരക്ഷിക്കല്‍ എന്നിവയെക്കുറിച്ചുള്ള റീഫോം പാര്‍ട്ടിയുടെ നയരേഖ അദ്ദേഹം അവിടെ അവതരിപ്പിച്ചു. പല കുറ്റവാളികളും തങ്ങളുടെ മുഖം മറച്ചുകൊണ്ട് സിസിടിവി നിരീക്ഷണത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞുമാറുന്നുണ്ടെന്നും, ഇത് അക്രമികളെ തിരിച്ചറിയുന്നതില്‍ പോലീസിനെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും സിയ യൂസഫ് പറഞ്ഞു. സന്ധ്യാസമയത്ത് തെരുവുകളില്‍ മുഖംമൂടി ധരിച്ച അപരിചിതരെ കാണുമ്പോള്‍ പൊതുജനങ്ങള്‍ക്ക് സ്വാഭാവികമായും ആശങ്ക അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബുര്‍ഖ നിരോധനത്തെ പിന്തുണയ്ക്കുമോ എന്ന് 'ദ സണ്‍' പത്രം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍, 'പൊതുസ്ഥലങ്ങളില്‍ എല്ലാത്തരം മുഖാവരണങ്ങളും നിരോധിക്കുന്നതിനെ ഞാന്‍ വ്യക്തിപരമായി പിന്തുണയ്ക്കുന്നു,' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ നിര്‍ദ്ദേശം പാര്‍ട്ടിയുടെ ഔദ്യോഗിക നയമാക്കി മാറ്റുന്നതിനെക്കുറിച്ച് റീഫോം പാര്‍ട്ടിക്ക് 'കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടാകുമെന്നും' സിയ യൂസഫ് കൂട്ടിച്ചേര്‍ത്തു. റീഫോം യുകെ നേതാവ് നൈജല്‍ ഫരാഷും ഈ നീക്കത്തെ പിന്തുണച്ചു. ന്യൂകാസില്‍ പോലുള്ള നഗരങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇന്ധനം പകര്‍ന്നത് മുഖംമൂടി ധരിച്ചെത്തിയ ജനക്കൂട്ടമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നത് പല കാരണങ്ങളാല്‍ പ്രശ്‌നകരമാണെന്ന് ഞാന്‍ കരുതുന്നു. അത് വെറും മതപരമായ കാരണങ്ങള്‍ മാത്രമല്ല,' അദ്ദേഹം പറഞ്ഞു.

നേരത്തെ, ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട റീഫോം എംപി സാറ പോച്ചിന്റെ നിലപാടിനെ 'വിഡ്ഢിത്തം' എന്ന് വിളിച്ചതിനെത്തുടര്‍ന്ന് സിയ യൂസഫിന് കഴിഞ്ഞ വര്‍ഷം തല്‍സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കേണ്ടി വന്നിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ ഇത്തരമൊരു പരാമര്‍ശവുമായി അദ്ദേഹം രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം റീഫോം പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവര്‍മാനും, മുഖം മറയ്ക്കുന്നതിനെതിരെ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യത്തിന് ആക്കം കൂട്ടി. ബുര്‍ഖ 'പൊതുസ്ഥലങ്ങളില്‍ നിരോധിക്കണം' എന്നും പ്രത്യേകിച്ച് ക്ലാസ് മുറികളില്‍ ഇതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും അവര്‍ 'ദ സണ്‍ ഓണ്‍ സണ്‍ഡേ'യോട് പറഞ്ഞു. തന്റെ പ്രസംഗത്തില്‍, കുതിച്ചുയരുന്ന കുടിയേറ്റം കണക്കിലെടുത്ത് സിയ യൂസഫ് രാജ്യത്ത് 'ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചു. അധികാരത്തിലേറി ആദ്യ ഘട്ടത്തില്‍ തന്നെ 6 ലക്ഷത്തിലധികം ആളുകളെ നാടുകടത്തിക്കൊണ്ട് 'അനതികൃത കുടിയേറ്റം'നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ഐസിഇയുടെ (ICE) ബ്രിട്ടീഷ് പതിപ്പായി വിശേഷിപ്പിക്കപ്പെടുന്ന 'യുകെ ഡിപ്പോര്‍ട്ടേഷന്‍ കമാന്‍ഡ്' എന്ന പുതിയ വിഭാഗം രൂപീകരിക്കും. നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തുക, ഒരേസമയം 24,000 പേരെ വരെ തടങ്കലില്‍ വയ്ക്കുക, പ്രതിദിനം അഞ്ച് വിമാനങ്ങളിലായി ഇവരെ നാടുകടത്തുക എന്നിവയായിരിക്കും ഇതിന്റെ ചുമതല. റീഫോം പാര്‍ട്ടി യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ നിന്ന് പിന്മാറുമെന്നും, നാടുകടത്തല്‍ തടയുന്ന ഉടമ്പടികള്‍ റദ്ദാക്കുമെന്നും 'ഓപ്പറേഷന്‍ റീസ്റ്റോറിംഗ് ജസ്റ്റിസ്' ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തീവ്രവാദം പടരുന്നത് തടയാനായി മുസ്ലീം ബ്രദര്‍ഹുഡിനെയും ഇറാന്റെ ഐആര്‍ജിസിയെയും (IRGC) നിരോധിക്കുമെന്ന് സിയ യൂസഫ് ഉറപ്പുനല്‍കി.

ചരിത്രപരമായ ക്രിസ്ത്യന്‍ കെട്ടിടങ്ങളെ സ്വയമേവ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തി പള്ളികള്‍ മോസ്‌ക്കുകളായി മാറ്റുന്നത് തടയുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി, കത്തിമുനയിലുള്ള ആക്രമണങ്ങള്‍ പതിവായ ഇടങ്ങളില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശോധനാ മേഖലകള്‍ ഏര്‍പ്പെടുത്തുമെന്നും, നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരുമെന്നും സിയ യൂസഫ് വ്യക്തമാക്കി.

Similar News