'ട്രംപ് പറഞ്ഞാല്‍ അത് ചെയ്യും, കാത്തിരുന്നു കാണുക!'; ഇറാന്റെ മണ്ണില്‍ യുദ്ധഭീതി വിതച്ച് അജ്ഞാത സന്ദേശങ്ങള്‍! ആയിരക്കണക്കിന് മൊബൈലുകളിലേക്ക് എത്തിയ ആ സന്ദേശം ആരുടേത്? മിസൈല്‍ വര്‍ഷത്തിന് മുന്‍പുള്ള സൈക്കോളജിക്കല്‍ മൂവോ? ആഭ്യന്തര ലഹളയും വിദേശ ഭീഷണിയും ഒന്നിച്ച്; ലബനനില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു; ഇന്ത്യന്‍ പൗരന്മാരോടും ഉടന്‍ മടങ്ങാന്‍ നിര്‍ദ്ദേശം; പശ്ചിമേഷ്യ യുദ്ധഭീതിയില്‍
ടെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇറാന്റെ മണ്ണില്‍ യുദ്ധഭീതി വിതച്ച് അജ്ഞാത സന്ദേശങ്ങള്‍. 'അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാല്‍ അത് പ്രവര്‍ത്തിക്കുന്ന ആളാണ്. കാത്തിരുന്നു കാണുക' എന്ന ഭീഷണി സന്ദേശമാണ് ആയിരക്കണക്കിന് ഇറാനിയന്‍ പൗരന്മാരുടെ മൊബൈലുകളിലേക്ക് എത്തിയത്. ഇറാന്‍ ഭരണകൂടത്തിന് നേരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണ ഭീഷണി മുഴക്കുന്നതിനിടെയാണ്, ഇറാന്റെ മണ്ണില്‍ പരിഭ്രാന്തി പരത്തി അജ്ഞാത മൊബൈല്‍ സന്ദേശങ്ങള്‍. ട്രംപിന്റെ വാക്കുകള്‍ വെറും വാക്കല്ലെന്നും അദ്ദേഹം അത് പ്രവര്‍ത്തിച്ചു കാണിക്കുമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. 'ഇറാന്‍ ഇന്റര്‍നാഷണല്‍' ആണ് ഈ അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മേഖലയില്‍ ഒരു മിസൈല്‍ ആക്രമണത്തിനുള്ള സാധ്യത പ്രവചിച്ചുകൊണ്ട് ഊഹാപോഹങ്ങള്‍ ശക്തമായി.
'അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാല്‍ അത് പ്രവര്‍ത്തിക്കുന്ന ആളാണ്. കാത്തിരുന്നു കാണുക' ഇതൊരു സിനിമാ ഡയലോ ഗോ, താന്‍ വലിയ സംഭവമാണെന്ന് തെളിയിക്കാന്‍ ട്രംപ് പ്രസം ഗത്തില്‍ പറഞ്ഞ മാസ് ഡയലോ ഗോ ഒന്നുമല്ല. ഇന്ന് ഇറാനിലെ ആയിരക്കണക്കിന് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ലഭിച്ച അജ്ഞാത സന്ദേശമാണിത്. അജ്ഞാത നമ്പറില്‍ നിന്ന് ലഭിച്ച ആ സന്ദേശം. ഡൊണാള്‍ഡ് ട്രംപും ഇറാനും തമ്മിലുള്ള സംഘര്‍ഷം മുറുകുന്നതിനിടെയാണ് ഈ സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇറാന്റെ നേതൃത്വത്തിനെതിരെയുള്ള വാക്‌പോരാട്ടം ശക്തമാക്കിയ യുഎസ് പ്രസിഡന്റ്, മിഡില്‍ ഈസ്റ്റിലുടനീളം അമേരിക്കന്‍ സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു ഭീഷണി സന്ദേശം കൂടി ലഭിച്ചതോടെ ഇറാനെതിരെയുള്ള ഒരു മിസൈല്‍ ആക്രമണത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ഇറാന്‍ ഭരണകൂടത്തിന് നേരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണ ഭീഷണി മുഴക്കുന്നതിനിടെയാണ് ഈ സന്ദേശങ്ങള്‍ എത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ ആസന്നമായൊരു സൈനികനീക്കത്തിന്റെ പ്രതീതി ഇറാനിലെങ്ങും പരന്നുതുടങ്ങി.
ഇറാനെതിരെ ഒരു പരിമിതമായ സൈനിക ആക്രമണം നടത്തുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുന്നുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. വ്യാഴാഴ്ച ജനീവയില്‍ നടക്കാനിരിക്കുന്ന പുതിയ ഘട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം പുറത്തുവന്നത്. എന്നാല്‍ ഇതേക്കുറിച്ച് സിബിഎസ് ചാനലിനോട് സംസാരിക്കവെ, ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തര്‍ക്കം നയതന്ത്രപരമായി പരിഹരിക്കാന്‍ ഇപ്പോഴും നല്ല സാധ്യതയുണ്ട് എന്നായിരുന്നു പറഞ്ഞഥ്. എന്നാല്‍, സൈനിക സമ്മര്‍ദ്ദത്തിന് വഴങ്ങി ഇറാന്‍ ചര്‍ച്ചകള്‍ക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതേസമയം, മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ലെബനനിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് ഡസന്‍ കണക്കിന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചതായി ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധസാധ്യത കണക്കിലെടുത്ത് ഇന്ത്യ, സ്വീഡന്‍, സെര്‍ബിയ, പോളണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ഇറാന്‍ വിടാന്‍ ആവശ്യപ്പെട്ടു. ഇറാനിലെ സര്‍വകലാശാലകളില്‍ വീണ്ടും ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ ഇറാനിയന്‍ പതാക കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഏതൊരു സൈനിക നീക്കത്തിനും അതിശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ മധ്യസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതിനായി ഒരു ആണവ കരാര്‍ നിര്‍ദ്ദേശം തയ്യാറാക്കി വരികയാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. തങ്ങളുടെ ആണവ പദ്ധതി പൂര്‍ണ്ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോഴും, അവര്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി കൈവരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ സംശയിക്കുന്നത്.
ഒരു കരാറിലെത്താന്‍ ഇറാന് ഇനി 15 ദിവസത്തില്‍ കൂടുതല്‍ സമയമില്ലെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി ഉണ്ടായേക്കാം എന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നല്‍കിയത്. ചര്‍ച്ചകള്‍ തങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങളില്‍ മാത്രം പരിമിതപ്പെടുത്തണമെന്ന് ടെഹ്റാന്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍, ഇറാന്റെ മിസൈല്‍ വികസനവും പ്രാദേശിക സായുധ ഗ്രൂപ്പുകള്‍ക്ക് അവര്‍ നല്‍കുന്ന പിന്തുണയും കൂടി ചര്‍ച്ചാവിഷയമാക്കണമെന്നാണ് യുഎസിന്റെ ആവശ്യം. ഒമാന്റെ മധ്യസ്ഥതയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് നേരത്തെ രണ്ട് ഘട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ആഴ്ച മറ്റൊരു കൂടിക്കാഴ്ച കൂടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാനും ഒമാനും ചര്‍ച്ചകളുടെ സമയക്രമം സ്ഥിരീകരിച്ചെങ്കിലും, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ ഔദ്യോഗികമായി അതിന് തയ്യാറായിട്ടില്ല. കഴിഞ്ഞ വാരാന്ത്യത്തില്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, അമേരിക്കന്‍ സൈനിക സന്നാഹം വര്‍ദ്ധിപ്പിച്ചിട്ടും ഇറാന്‍ എന്തുകൊണ്ടാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതെന്ന് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ചോദിച്ചു.
അതേസമയം, ഇരുപക്ഷവും നയതന്ത്രപരമായ നീക്കങ്ങള്‍ നടത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. മേഖലയില്‍ മറ്റൊരു യുദ്ധം കൂടി ഒഴിവാക്കേണ്ടതുണ്ടെന്ന് ഇയു വിദേശനയ മേധാവി കാജ കല്ലാസ് ഊന്നിപ്പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിന് ഒരു അവസരം നല്‍കിയേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദങ്ങളെ ഇറാന്‍ നേതൃത്വം നേരിട്ടുകൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍, കഴിഞ്ഞ വര്‍ഷം ഇസ്രായേലുമായി ഉണ്ടായ ഹ്രസ്വമായ സംഘര്‍ഷം, മേഖലയിലെ ഇറാന്റെ സഖ്യകക്ഷികളുടെ ശക്തിക്ഷയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സാഹചര്യങ്ങള്‍ വഷളാകുമെന്ന ഭയത്തെത്തുടര്‍ന്ന് പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഇറാന്‍ വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വീഡന്‍, സെര്‍ബിയ, പോളണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയും തങ്ങളുടെ പൗരന്മാര്‍ക്ക് ഇറാന്‍ വിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
