പത്തനംതിട്ടയില്‍ വിവാഹ പാര്‍ട്ടിയെ ആക്രമിച്ച പൊലീസ് നരനായാട്ട് വച്ചുപൊറുപ്പിക്കാനാവില്ല; പൊലീസിനെ ആക്രമിക്കുന്നതും ആശങ്കാജനകം; പാലക്കാട് ബ്രുവറി തുടങ്ങുന്നത് മദ്യത്തില്‍ മുങ്ങിയ ഈ നാടിനെ സര്‍വ്വനാശത്തിലേക്ക് നയിക്കും: മാരാമണ്‍ കണ്‍വന്‍ഷനില്‍ മാര്‍ത്തോമാ സഭാ അദ്ധ്യക്ഷന്‍
പത്തനംതിട്ടയില്‍ വിവാഹ പാര്‍ട്ടിയെ ആക്രമിച്ച പൊലീസ് നരനായാട്ട് വച്ചുപൊറുപ്പിക്കാനാവില്ല
മാരാമണ്‍: സംസ്ഥാനത്ത് പൊലീസിനെപ്പോലും ആക്രമിക്കുന്ന സ്ഥിതിവിശേഷം ആശങ്കാജനകമാണെന്ന് മാര്‍ത്തോമാ സഭാ അദ്ധ്യക്ഷന്‍ ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലിത്ത. ഇത്തരം സംഭവങ്ങള്‍ പോലീസിന്റെ മനോവീര്യം കെടുത്താതിരിക്കട്ടെ. പത്തനംതിട്ടയില്‍, വിവാഹ പാര്‍ട്ടിയെ ആക്രമിച്ച സംഭവം പോലെയുള്ള പൊലീസ് നരനായാട്ടിനെയും വെച്ച് പൊറുപ്പിക്കാനാവില്ല. നൂറ്റിമുപ്പതാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പമ്പയുടെ പാരിസ്ഥിതിക ദുരന്തം മാരാമണ്‍ കണ്‍വെന്‍ഷന്റെയും വേദനയാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. പമ്പാനദിയുടെ നിലനില്‍പ്പിനായി ഗംഗാനദിയുടെ മാതൃകയില്‍ വരാനിരിക്കുന്ന കേന്ദ്ര പദ്ധതികളില്‍ മാരാമണ്ണിനും പമ്പാനദീ തീരത്തു നടക്കുന്ന മറ്റ് കണ്‍വെന്‍ഷനുകള്‍ക്കും അര്‍ഹമായ പരിഗണ ലഭ്യമാകണമെന്നും അദേഹം പറഞ്ഞു.
എ ഐ മുതല്‍ പ്രകൃതി ദുരന്തങ്ങളും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉള്‍പ്പടെ ആഗോള വിഷയങ്ങളെയും പ്രതിപാദിച്ചു കൊണ്ടുള്ളതായിരുന്നു ഡോ. തിയൊഡൊഷ്യസ് മാര്‍ത്തോമാ മെത്രപ്പൊലിത്തയുടെ ഉദ്ഘാടന പ്രസംഗം. പാലക്കാട് ബ്രുവറി തുടങ്ങാനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ മദ്യത്തില്‍ മുങ്ങിയ ഈ നാടിനെ സര്‍വ്വനാശത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം ചെറുകോല്‍പ്പുഴ കണ്‍വെന്‍ഷനില്‍ സംസാരിച്ച ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗത് കുട്ടികളുടെയും യുവാക്കളുടെയും മദ്യ ഉപഭോഗത്തെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലഹരിക്കെതിരെയുള്ള പോരാട്ടം ആരംഭിക്കേണ്ടത് കുടുംബങ്ങളിലെ സ്‌നേഹാന്തരീക്ഷത്തില്‍ നിന്നാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിവിധ സമുദായിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് മാര്‍ത്തോമാ സഭ ഒരുക്കമാണ്. ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും ജനിച്ച നാട്ടില്‍ അന്ധ വിശ്വാസങ്ങളുടെ പേരില്‍ കൊലപാതകങ്ങള്‍ വരെ നടക്കുന്നു. അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കണം. നവീന്‍ ബാബുവിന്റെ മരണം കേരള സമുഹത്തെ ഏറെ വിഷമിപ്പിച്ചു. കുടുംബത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഭരണഘടനയെ കാപട്യത്തിനായുള്ള നാട്യ വസ്തു ആക്കരുത്.
അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റ് നടപടികള്‍ ലോകം ഉറ്റുനോക്കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാക്കാനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.