കാര്യം കൈരളിയുടെ അംബാസിഡറും ഇടതുപക്ഷ അനുഭാവിയുമൊക്കെ തന്നെ എങ്കിലും ആള്‍ക്കാരോട് പെരുമാറുമ്പോള്‍ ഒരു കലാകാരന് ഉണ്ടാവേണ്ടുന്ന വിനയവും ബഹുമാനവും ഒന്നും ഈ പ്രായത്തിലും സ്വായത്തമാക്കാന്‍ കഴിയാത്ത ഒരു അഹങ്കാരിയാണ് മമ്മൂട്ടി! എവിടെ എന്ത് പറയണം, എങ്ങനെ പറയണം എന്ന ബോധമില്ലാത്ത ഒരു അപ്‌ഡേറ്റഡ് സുരേഷ്‌ഗോപി! മമ്മൂട്ടിയുടെ കുറ്റവും കുറവും കണ്ടെത്തി അര്‍ജുന്‍ ആയങ്കിയും; കേരളം എങ്ങോട്ട്?

Update: 2026-03-08 03:26 GMT

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ ഇടത് സൈബര്‍ ഇടങ്ങളില്‍ നടക്കുന്നത് സമാനതകളില്ലാത്ത ആക്രമണം. പാര്‍ട്ടി പോലും തള്ളിപ്പറഞ്ഞ കുപ്രസിദ്ധ ക്രിമിനലുകള്‍ വരെ മമ്മൂട്ടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിക്ക് വിനയമില്ലെന്നും പ്രായമായിട്ടും ബഹുമാനിക്കാന്‍ പഠിക്കാത്ത അഹങ്കാരിയാണെന്നുമാണ് സൈബര്‍ സഖാക്കളുടെ പരിഹാസം. താരത്തെ 'അപ്ഡേറ്റഡ് സുരേഷ് ഗോപി' എന്ന് വിളിച്ച് ആക്ഷേപിക്കുന്ന പോസ്റ്റുകളും ഇടത് പ്രൊഫൈലുകളില്‍ വ്യാപകമാണ്.

കേരളം ചര്‍ച്ച ചെയ്ത ഏറ്റവും പ്രധാനപ്പെട്ട ക്രിമിനലുകളില്‍ ഒരാളായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെയുള്ളവര്‍ മമ്മൂട്ടിക്കെതിരെ രംഗത്തെത്തിയത് വലിയ ചര്‍ച്ചയാകുന്നു. സി.പി.എം ഔദ്യോഗികമായി തള്ളിപ്പറഞ്ഞ വ്യക്തികള്‍ പോലും ഇപ്പോള്‍ പാര്‍ട്ടിക്കാരനായി ചമഞ്ഞ് മമ്മൂട്ടിയെ വിചാരണ ചെയ്യുകയാണ്. ഒരു വിവാദത്തിലും പെടാതെ തന്റെ തൊഴിലുമായി മുന്നോട്ടുപോകുന്ന അഭിനയ പ്രതിഭയെ, തികച്ചും സ്വാഭാവികമായ ഒരു പ്രതികരണത്തിന്റെ പേരില്‍ വേട്ടയാടുന്നത് സൈബര്‍ സഖാക്കളുടെ അസഹിഷ്ണുതയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതാണ് അര്‍ജുന്‍ ആയങ്കിയുടെ പോസ്റ്റിന്റെ രൂപം

കാര്യം കൈരളിയുടെ അംബാസിഡറും ഇടതുപക്ഷ അനുഭാവിയുമൊക്കെ തന്നെ എങ്കിലും ആള്‍ക്കാരോട് പെരുമാറുമ്പോള്‍ ഒരു കലാകാരന് ഉണ്ടാവേണ്ടുന്ന വിനയവും ബഹുമാനവും ഒന്നും ഈ പ്രായത്തിലും സ്വായത്തമാക്കാന്‍ കഴിയാത്ത ഒരു അഹങ്കാരിയാണ് മമ്മൂട്ടി, എവിടെ എന്ത് പറയണം, എങ്ങനെ പറയണം എന്ന ബോധമില്ലാത്ത ഒരു അപ്‌ഡേറ്റഡ് സുരേഷ്‌ഗോപി

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. സ്വര്‍ണ്ണ കൊള്ളയടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അര്‍ജുന്‍ ആയങ്കി. ആകാശ് തില്ലങ്കേരിയുടെ അടുത്ത അനുയായി. ടിപി വധക്കേസ് പ്രതികളുടെ അടുത്ത കൂട്ടുകാരന്‍. അത്തരമൊരു വ്യക്തിയാണ് മമ്മൂട്ടിയെ ഉപദേശിക്കുന്നത്. കണ്ണൂരിലെ അക്രമ രാഷ്ട്രീയവും മയക്കു മരുന്ന് മാഫിയയുമെല്ലാം കേരളത്തെ നടുക്കുന്നതാണ്. ഈ കൂട്ടായ്മയുടെ ഭാഗമാണ് അര്‍ജുന്‍ എന്നും വ്യക്തം. അഭിനയത്തിലൂടെ മലയാളിയെ വിസ്മയിപ്പിച്ച അതുല്യ കലാകാരനെ ആയങ്കിയും ഉപദേശിക്കുന്നുവെന്നതാണ് വിരോധാഭാസം.

ആരാണ് അര്‍ജുന്‍ ആയങ്കി?

1. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസ്

2021-ല്‍ കോഴിക്കോട് രാമനാട്ടുകരയില്‍ ഉണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് പുറത്തുവന്ന വന്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രധാന പ്രതിയാണ് അര്‍ജുന്‍ ആയങ്കി. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ (സ്വര്‍ണ്ണം പൊട്ടിക്കല്‍) എത്തിയ സംഘത്തിന് നേതൃത്വം നല്‍കിയത് ഇയാളാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇയാള്‍ മാസങ്ങളോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

2. സൈബര്‍ സഖാവ് എന്ന ലേബല്‍

ആദ്യകാലത്ത് സോഷ്യല്‍ മീഡിയയില്‍ സി.പി.എം. അനുകൂല പോസ്റ്റുകളിലൂടെയും നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളിലൂടെയും ഇയാള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ക്വട്ടേഷന്‍ ബന്ധങ്ങള്‍ പുറത്തുവന്നതോടെ 'പാര്‍ട്ടിയുടെ പേരും ചെങ്കൊടിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ ദുരുപയോഗം ചെയ്യുകയാണെന്ന്' സി.പി.എം. വ്യക്തമാക്കി. പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇയാള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

3. ക്വട്ടേഷന്‍ - 'സ്വര്‍ണ്ണം പൊട്ടിക്കല്‍' സംഘം

വിദേശത്തുനിന്ന് സ്വര്‍ണ്ണം കടത്തുന്ന കാരിയര്‍മാരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും സ്വര്‍ണ്ണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ഇയാള്‍ക്ക് കള്ളക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

4. ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധം

മറ്റൊരു കുപ്രസിദ്ധ ക്രിമിനല്‍ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുമായി അര്‍ജുന്‍ ആയങ്കിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്നുള്ള ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയിലെ വെല്ലുവിളികളും കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

കൈരളി ചാനല്‍ ചെയര്‍മാനും ഇടതുപക്ഷ അനുഭാവിയുമായ മമ്മൂട്ടിക്ക് എവിടെ എന്ത് പറയണമെന്ന് ബോധമില്ലെന്നാണ് സൈബര്‍ ആക്രമണകാരികളുടെ വാദം. 'നിങ്ങള്‍ എന്തിനാണ് എന്റെ കൂടെ നില്‍ക്കുന്നത്, മാറി നിന്നാല്‍ മതി' എന്ന് ജില്ലാ സെക്രട്ടറിയോട് പറഞ്ഞത് താരത്തിന്റെ അഹങ്കാരമാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. എന്നാല്‍ സന്ദര്‍ശനം രാഷ്ട്രീയവത്കരിക്കപ്പെടാതിരിക്കാന്‍ മമ്മൂട്ടി കാണിച്ച ജാഗ്രതയെയാണ് ഇത്തരത്തില്‍ വളച്ചൊടിച്ച് അധിക്ഷേപമായി മാറ്റുന്നത്. പിഷാരടിയും ആന്റോ ജോസഫും കൂടെ നടക്കാമെങ്കില്‍ റഫീഖിനോട് എന്തിനാണ് അയിത്തം എന്ന ചോദ്യമുയര്‍ത്തി താരത്തെ വ്യക്തിപരമായി തകര്‍ക്കാനാണ് സൈബര്‍ പോരാളികളുടെ നീക്കം.

തന്റെ കരിയറില്‍ ഇതാദ്യമായാണ് ഇത്രയും രൂക്ഷമായ സൈബര്‍ ആക്രമണം സ്വന്തം പാര്‍ട്ടിക്കാരെന്ന് അവകാശപ്പെടുന്നവരില്‍ നിന്ന് മമ്മൂട്ടി നേരിടുന്നത്. ഇതില്‍ താരം കടുത്ത അതൃപ്തിയിലാണ്. ഒരു പുനരധിവാസ ഗ്രാമത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പോയ മമ്മൂട്ടിയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിലൂടെ പലവിധ വിവാദങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സൈബര്‍ ലോകം ശ്രമിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

Tags:    

Similar News