പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉടന്‍ അവസാനിക്കില്ല? എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഗാര്‍ഹിക ഇന്ധന മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് നീക്കം; 50 ലക്ഷം പുതിയ പിഎന്‍ജി കണക്ഷന്‍ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ രാജ്യം
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഗാര്‍ഹിക ഇന്ധന മേഖലയില്‍ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. രാജ്യത്തുടനീളം 50 ലക്ഷം പുതിയ പിഎന്‍ജി കണക്ഷനുകള്‍ നല്‍കുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. നിലവില്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന എല്‍പിജിയില്‍ നിന്ന് പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിലേക്ക് മാറാന്‍ അവരെ പ്രോത്സാഹിപ്പിക്കണമെന്നും ഇതിനായി പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് അന്തര്‍മന്ത്രാലയ സമിതി അറിയിച്ചു. 50 ലക്ഷം പുതിയ പിഎന്‍ജി കണക്ഷന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തണമെന്നും നിര്‍ദേശം. ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധി മറികടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉടന്‍ അവസാനിക്കില്ല എന്ന് സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നാണ് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിന്റെ നിര്‍ദേശം. തീരുമാനങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കണം.വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ മന്ത്രാലയങ്ങള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അന്തര്‍ മന്ത്രാലയ സമിതി നിര്‍ദ്ദേശം നല്‍കി.ഇതിന് പുറമെ രാജ്യത്ത് പിഎന്‍ജി ശൃംഖല വിപുലീകരിക്കാന്‍ കേന്ദ്രം നീക്കങ്ങള്‍ ആരംഭിച്ചു. പിഎന്‍ജി കണക്ഷനുകള്‍ക്ക് അനുമതി വേഗത്തിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.നിലവിലെ പ്രതിസന്ധി രാജ്യം തരണം ചെയ്യുമെന്നും പ്രതിസന്ധിയില്‍ രാഷ്ട്രീയം കളിക്കുന്നവരെ തിരിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പറഞ്ഞു.
ആഗോളതലത്തില്‍ നിലനില്‍ക്കുന്ന യുദ്ധസാഹചര്യങ്ങള്‍ എല്‍പിജി ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് ഈ സുപ്രധാന നീക്കം. എല്‍പിജി ഇറക്കുമതിക്കായി കപ്പലുകളെ ആശ്രയിക്കുന്നത് പലപ്പോഴും അനിശ്ചിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത്തരത്തില്‍ എല്‍പിജി വിതരണ ശൃംഖലയില്‍ എന്തെങ്കിലും തരത്തിലുള്ള ഉലച്ചിലുകള്‍ സംഭവിച്ചാല്‍ പോലും അത് സാധാരണ ജനങ്ങളെ ബാധിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് പിഎന്‍ജി ശൃംഖല വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ മുതിര്‍ന്ന മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിര്‍ണ്ണായകമായ ഒരു യോഗം ചേര്‍ന്നിരുന്നു. ഗെയില്‍ ഉള്‍പ്പെടെയുള്ള പ്രമുഖ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുത്തു. 50 ലക്ഷം വീടുകളിലേക്ക് പൈപ്പ് വഴി ഇന്ധനം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് യോഗത്തില്‍ വെച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും ഗുണപ്രദവും ചെലവ് കുറഞ്ഞതുമായ ഇന്ധനമായി പിഎന്‍ജിയെ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. എല്‍പിജിയുടെ ഗതാഗതത്തിനും കൈമാറ്റത്തിനുമുള്ള വലിയ ചിലവ് ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. പ്രത്യേകിച്ച് യുദ്ധസമാനമായ സാഹചര്യങ്ങളില്‍ യാതൊരു തടസ്സവുമില്ലാതെ ജനങ്ങള്‍ക്ക് ഇന്ധനം എത്തിക്കാന്‍ കഴിയുന്ന ഒരു വിശ്വസ്ത ഊര്‍ജ്ജ സ്രോതസ്സായിട്ടാണ് നാച്ചുറല്‍ ഗ്യാസ് കണക്കാക്കപ്പെടുന്നത്. ഫോസില്‍ ഇന്ധനങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. പിഎന്‍ജി എന്നത് എല്‍പിജിക്ക് ഒരു പൂര്‍ണ്ണമായ ബദലല്ലെങ്കിലും എല്‍പിജിയുടെ ക്ഷാമത്തെ താല്‍ക്കാലികമായെങ്കിലും തടയാന്‍ ഈ വിപുലീകരണം വഴി സാധിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
