അമേരിക്കയെ ലക്ഷ്യമിട്ട് കിമ്മിന്റെ 'അഗ്‌നിപരീക്ഷണം!'; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ അത്യാധുനിക മിസൈല്‍ എന്‍ജിന്‍ പരീക്ഷിച്ച് ഉത്തര കൊറിയ! പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ റഷ്യ ഇറാന് കൈമാറിയെന്ന് സെലന്‍സ്‌കി

Update: 2026-03-29 09:03 GMT

സോള്‍/വാഷിംഗ്ടണ്‍: ലോകം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍, അമേരിക്കയെ നേരിട്ട് ലക്ഷ്യം വയ്ക്കാന്‍ ശേഷിയുള്ള അത്യാധുനിക മിസൈല്‍ എന്‍ജിന്‍ പരീക്ഷിച്ച് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള സാന്നിധ്യത്തിലായിരുന്നു പരീക്ഷണമെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ അധിനിവേശത്തെയും 'ആഗോള ഭീകരവാദത്തെയും' രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പാര്‍ലമെന്റില്‍ കിം നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നീക്കം.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനിടെയാണ് പരീക്ഷണം. രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന പരീക്ഷണമെന്ന് കിം പ്രശംസിച്ചതായും കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയെയും സഖ്യകക്ഷികളെയും ലക്ഷ്യം വച്ചുള്ള കൂടുതല്‍ ചടുലവും കണ്ടെത്താന്‍ പ്രയാസമുള്ളതുമായ മിസൈലുകള്‍ സ്വന്തമാക്കുക എന്നത് കിമ്മിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.

കോമ്പോസിറ്റ് കാര്‍ബണ്‍ ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. സെപ്റ്റംബറില്‍ സമാനമായ ഒരു ഖര-ഇന്ധന എഞ്ചിന്‍ പരീക്ഷണം ഉത്തര കൊറിയ നടത്തിയിരുന്നു. സെപ്റ്റംബറിലെ പരീക്ഷണത്തെ ഖര ഇന്ധന എഞ്ചിന്റെ ഒമ്പതാമത്തെയും അവസാനത്തെയും ഗ്രൗണ്ട് പരീക്ഷണമായിട്ടാണ് ഉത്തര കൊറിയ വിശേഷിപ്പിച്ചത്. തന്ത്രപരമായ ആക്രമണ മാര്‍ഗങ്ങള്‍ നവീകരിക്കുന്നതിനായി രാജ്യത്തിന്റെ അഞ്ച് വര്‍ഷത്തെ ആയുധ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണം നടത്തിയതെന്ന് കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. പരിശോധന എപ്പോള്‍ എവിടെയാണ് നടന്നതെന്ന് കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എഞ്ചിന്റെ ആകെ ജ്വലന സമയം പോലുള്ള ചില പ്രധാന വിവരങ്ങള്‍ വെളിപ്പെടുത്താത്തതിനാല്‍, ഏറ്റവും പുതിയ പരീക്ഷണത്തെക്കുറിച്ചുള്ള ഉത്തര കൊറിയയുടെ അവകാശവാദം പൊള്ളയായിരിക്കാമെന്നാണ് ദക്ഷിണ കൊറിയയിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓണററി റിസര്‍ച്ച് ഫെലോ ആയ ലീ ചൂണ്‍ ഗ്യൂണ്‍ പറഞ്ഞത്. ഉത്തര കൊറിയയുടെ ഖര ഇന്ധന എഞ്ചിന്‍ വികസന പരിപാടിയില്‍ ചില കാലതാമസങ്ങള്‍ നേരിടുന്നുണ്ടാകാമെന്നും അല്ലെങ്കില്‍ റഷ്യയുടെ സാങ്കേതിക സഹായത്തോടെ മെച്ചപ്പെട്ട എഞ്ചിന്‍ വികസിപ്പിക്കാന്‍ രാജ്യം തീരുമാനിച്ചിരിക്കാമെന്നും ലീ വിലയിരുത്തി. യുക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധത്തെ പിന്തുണയ്ക്കുന്നതിനായി ഉത്തര കൊറിയ സൈന്യവും ആയുധങ്ങളും അയച്ചതോടെ സമീപ വര്‍ഷങ്ങളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമായിട്ടുണ്ട്.

സമീപ വര്‍ഷങ്ങളില്‍ യുഎസില്‍ എത്താന്‍ സാധ്യതയുള്ള ദൂരപരിധിയുള്ള വിവിധതരം ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാന ആയുധ പരീക്ഷണ വിക്ഷേപണങ്ങളെക്കുറിച്ചുള്ള ഉത്തര കൊറിയയുടെ ചില മുന്‍കാല അവകാശവാദങ്ങള്‍ സംശയാസ്പദമായിരുന്നു. 2024-ല്‍ മള്‍ട്ടിവാര്‍ഹെഡ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടു. എന്നാല്‍ പരീക്ഷണ പരാജയം മറച്ചുവെയ്ക്കാനായി തെറ്റായ അവകാശവാദം ഉന്നയിക്കുകയായിരുന്നു ഉത്തര കൊറിയ എന്നാണ് ദക്ഷിണ കൊറിയ ആരോപിച്ചത്.

അതേസമയം പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ റഷ്യ ഇറാന് കൈമാറിയതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുഎസ്-യുകെ സംയുക്ത സൈനിക കേന്ദ്രമായ ഡീഗോ ഗാര്‍സ്യയുടെ വിവരങ്ങള്‍ മാര്‍ച്ച് 24ന് റഷ്യ ഇറാന് കൈമാറിയതായി സെലന്‍സ്‌കി പറഞ്ഞു. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെയും വിവിധ രാജ്യങ്ങളുടെ എണ്ണപ്പാടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ചിത്രങ്ങളും പകര്‍ത്തി നല്‍കിയതായും സെലന്‍സ്‌കി ആരോപിച്ചു.

അമേരിക്കയുടെ പശ്ചിമേഷ്യന്‍ താല്പര്യങ്ങളെ തകര്‍ക്കാന്‍ ഇറാനും റഷ്യയും ഉത്തര കൊറിയയും ഒത്തുചേരുന്ന ഒരു പുതിയ 'അച്ചുതണ്ട്' രൂപപ്പെടുന്നു എന്ന ആശങ്കയിലാണ് രാജ്യാന്തര നിരീക്ഷകര്‍. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം ഈ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. ഇതിലൂടെ ഏഷ്യയിലും പശ്ചിമേഷ്യയിലും ഒരേസമയം പ്രതിരോധത്തിലാകുകയാണ് അമേരിക്ക.

Similar News