'സിപിഎമ്മിന് ഇത്തവണ വോട്ടില്ല; സിപിഎമ്മുകാര്‍ വോട്ടു ചോദിച്ച് വരേണ്ടതില്ല; ബ്രഹ്‌മഗിരി ഇരകള്‍'; വീടിന് മുന്നില്‍ പോസ്റ്റര്‍ പതിച്ച് ബ്രഹ്‌മഗിരിയില്‍ നിക്ഷേപം നടത്തി പണം നഷ്ടമായ കുടുംബം

Update: 2026-03-29 07:42 GMT

വയനാട്: കാലങ്ങളായി ചുവപ്പുകൊടിയെ നെഞ്ചേറ്റിയ ഒരു കുടുംബം ഒരു തെരഞ്ഞെടുപ്പ് കാലത്ത് അതേ പാര്‍ട്ടിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് വീടിന് മുമ്പില്‍ പോസ്റ്റര്‍ ഒട്ടിച്ചിച്ചിരിക്കുകയാണ് കുടുംബം. വയനാട് മേപ്പാടിയിലെ പരേതനായ ഇബ്രാഹിമിന്റെ കുടുംബമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് സ്വന്തം വീടിന് മുന്നില്‍ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പാണ് ഒരു പാര്‍ട്ടി കുടുംബത്തെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്.

ബ്രഹ്‌മഗിരിയില്‍ നിക്ഷേപം നടത്തിയ കുടുംബത്തിന് പണം നഷ്ടമായിരുന്നു. അതേസമയം സിപിഎം പാര്‍ട്ടി കുടുംബമാണെന്നും പാര്‍ട്ടിയെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്നും കുടുംബം പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് അസുഖബാധിതനായി മരിച്ചപ്പോള്‍ പോലും പണം കിട്ടിയില്ലെന്നും ഇബ്രാഹിമിന്റെ ഭാര്യ ആരോപിക്കുന്നു. ജനിച്ചപ്പോള്‍ മുതല്‍ തങ്ങള്‍ എല്ലാം സിപിഎം അനുഭാവികളാണ്. അതിനാല്‍ തന്നെ ആദ്യം ഇങ്ങനെ ചെയ്യാന്‍ വിഷമം ഉണ്ടായിരുന്നു. എന്നാല്‍ അത്രയും നിസ്സാഹായ അവസ്ഥയിലായതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പോസ്റ്റര്‍ ഒട്ടിക്കേണ്ടി വന്നതെന്നും കുടുംബം വ്യക്തമാക്കി. നിക്ഷേപിച്ച തുക നഷ്ടമായതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും അതുമൂലം പലതരം ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വന്നുവെന്നും കുടുംബം പറഞ്ഞു. അതേസമയം ബ്രഹ്‌മഗിരിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഇതുവരെ കൈക്കൊണ്ടിട്ടില്ല.

'ഞങ്ങള്‍ എന്നും പാര്‍ട്ടിക്കൊപ്പമായിരുന്നു. പക്ഷേ, എന്റെ ഭര്‍ത്താവ് അസുഖബാധിതനായി കിടപ്പിലായപ്പോഴും, ഒടുവില്‍ അദ്ദേഹം മരിച്ചപ്പോള്‍ പോലും ചികിത്സയ്‌ക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉള്ള പണം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല,' അവര്‍ കണ്ണീരോടെ പറയുന്നു. ആദ്യം ഇത്തരമൊരു നിലപാടെടുക്കാന്‍ വിഷമമുണ്ടായിരുന്നുവെന്നും എന്നാല്‍ അത്രമേല്‍ നിസ്സഹായരായതുകൊണ്ടാണ് ഇങ്ങനെയൊരു പ്രതിഷേധത്തിലേക്ക് കടന്നതെന്നും കുടുംബം വ്യക്തമാക്കുന്നു.

ബ്രഹ്‌മഗിരി സൊസൈറ്റിയുടെ ഭാഗത്തുനിന്നോ പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ ഭാഗത്തുനിന്നോ നിക്ഷേപം തിരികെ നല്‍കുന്ന കാര്യത്തില്‍ ഇതുവരെ അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വയനാട്ടിലെ ഉറച്ച പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുപോലും ഉയരുന്ന ഇത്തരം പ്രതിഷേധങ്ങള്‍ ഇടത് മുന്നണിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സ്വന്തം അണികള്‍ തന്നെ ചതിക്കപ്പെട്ടു എന്ന ബോധ്യത്തോടെ പരസ്യമായി രംഗത്തിറങ്ങുന്നത് തിരഞ്ഞെടുപ്പ് രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വോട്ട് ചോദിച്ചെത്തുന്ന നേതാക്കള്‍ക്ക് മുന്നില്‍ ഈ കുടുംബത്തിന്റെ കണ്ണീര്‍ വലിയൊരു ചോദ്യചിഹ്നമായി നില്‍ക്കുന്നു.

Similar News