ശ്രീലങ്കയ്ക്ക് വീണ്ടും 'കൈത്താങ്ങായി' ഇന്ത്യ; പശ്ചിമേഷ്യന്‍ യുദ്ധക്കനലില്‍ ഇരുട്ടിലായ ദ്വീപ് രാഷ്ട്രത്തിന് മോദിയുടെ ഇന്ധന സഹായം! 38,000 മെട്രിക് ടണ്‍ ഇന്ധനം കൊളംബോയിലെത്തി; അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Update: 2026-03-29 11:01 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് താങ്ങായി വീണ്ടും ഇന്ത്യ. യുദ്ധം കാരണം ഇന്ധന വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യ അടിയന്തരമായി എത്തിച്ചുനല്‍കിയ 38,000 മെട്രിക് ടണ്‍ ഇന്ധനം കൊളംബോയിലെത്തി. ഇന്ത്യയുടെ ഈ വേഗത്തിലുള്ള ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിനും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്കിലുണ്ടായ ഉപരോധമാണ് ശ്രീലങ്കയെ പ്രതിസന്ധിയിലാക്കിയത്. പശ്ചിമേഷ്യയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും ഇന്ധനം എത്തിച്ചിരുന്ന വിതരണക്കാര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ കപ്പലുകള്‍ അയക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ദ്വീപ് രാഷ്ട്രം വീണ്ടും ഇരുട്ടിലാകുമെന്ന അവസ്ഥയിലായി. ഈ ഘട്ടത്തിലാണ് പ്രസിഡന്റ് ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് സഹായം തേടിയത്.

ശ്രീലങ്കയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOCL) വഴിയാണ് അടിയന്തരമായി ഇന്ധനം എത്തിച്ചത്. 38,000 മെട്രിക് ടണ്‍ ഇന്ധനമാണ് എത്തിച്ചത്. ഇതില്‍ 20,000 ടണ്‍ ഡീസലും 18,000 ടണ്‍ പെട്രോളുമാണ്. 'ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നു,' എന്ന് അനുര കുമാര ദിസനായകെ എക്സില്‍ കുറിച്ചു.

അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം പ്രാദേശിക സുരക്ഷയെയും ഊര്‍ജ്ജ വിപണിയെയും എങ്ങനെ ബാധിക്കുന്നുവെന്ന് ഈ ആഴ്ച ആദ്യം നരേന്ദ്ര മോദി ലങ്കന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യ-ശ്രീലങ്ക ഊര്‍ജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ ഇത്തരം ആഗോള വെല്ലുവിളികളെ ഒന്നിച്ച് നേരിടാമെന്ന് ഇരുനേതാക്കളും ഉറപ്പിച്ചു. അയല്‍രാജ്യം എന്ന നിലയില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ശ്രീലങ്കയെ ചേര്‍ത്തുപിടിക്കുന്ന ഇന്ത്യയുടെ 'നെയ്ബര്‍ഹുഡ് ഫസ്റ്റ്' നയത്തിന്റെ ഭാഗമാണ് ഈ നീക്കം.

പശ്ചിമേഷ്യന്‍ സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ശ്രീലങ്കയ്ക്ക് കൂടുതല്‍ ഇന്ധന സഹായം നല്‍കുന്ന കാര്യവും ഇന്ത്യയുടെ പരിഗണനയിലുണ്ട്. മുന്‍പ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോഴും ഇന്ത്യ നല്‍കിയ കോടിക്കണക്കിന് ഡോളറിന്റെ സഹായമാണ് ശ്രീലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

Tags:    

Similar News