ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയെ അക്രമി ബൈക്കിലെത്തി വെടിവെച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ ലണ്ടന്‍ പൊലീസ്; മകളുടെ അവസ്ഥയില്‍ വിങ്ങിപ്പൊട്ടി അച്ഛനും അമ്മയും
ലണ്ടന്‍: ടര്‍ക്കിഷ് അധോലോക സംഘങ്ങളുടെ കുടിപ്പകയില്‍ ജീവിതം ദുരിതത്തിലായത് ഒന്‍പത് വയസ്സ് മാത്രമുള്ള ഒരു പാവം മലയാളി പെണ്‍കുട്ടിക്ക്. ലണ്ടന്‍, ഡാല്‍സ്റ്റണിലെ റെസ്റ്റോറന്റില്‍ നടന്ന വെടിവെപ്പിലായിരുന്നു ഉന്നംതെറ്റിയ വെടിയുണ്ടയേറ്റ് ഈ കുരുന്നിന് സാധാരണ ജീവിതം നഷ്ടമായത്. ഇപ്പോള്‍ ഈ വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. മോട്ടോര്‍ ബൈക്കിലെത്തിയ അക്രമി റെസ്റ്റോറന്റിലിരിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതും ഭയചകിതരായ ആളുകള്‍ ജീവന്‍ രക്ഷിക്കാനായി മേശകള്‍ക്കടിയിലും മറ്റും ഒളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വെടിയുതിര്‍ത്തതിനു ശേഷം അക്രമി മോഷ്ടിച്ച ഡുകാറ്റി മോണ്‍സ്റ്റര്‍ മോട്ടോര്‍ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.
സ്വന്തം കുടുംബത്തിനൊപ്പം ഐസ്‌ക്രീം കഴിക്കാന്‍ റെസ്റ്റോറന്റില്‍ വന്ന പെണ്‍കുട്ടിയുടെ ശിരസ്സിലേക്കായിരുന്നു കുടിപ്പകയുടെ വെടിയുണ്ടകളില്‍ ഒന്ന് വഴിതെറ്റി കയറിയത്. ബിര്‍മ്മിംഗ്ഹാമില്‍ താമസിക്കുന്ന മലയാളി കുടുംബം ലണ്ടന്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു, ജീവിതം തന്നെ മാറ്റിമറിച്ച ഈ ദുരന്തം നടന്നത്. വെടിയേറ്റ് കുഞ്ഞിന്റെ മസ്തിഷ്‌കത്തില്‍ തകരാറുകള്‍ ഉണ്ടായിട്ടുണ്ട്. വടക്കന്‍ ലണ്ടനിലെ രണ്ട് ടര്‍ക്കിഷ് അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ തുടര്‍ച്ചയായിരുന്നു ആസൂത്രിതമായി നടത്തിയ ഈ ആക്രമണം എന്നാണ് പോലീസ് പറയുന്നത്. ആറ് വെടിയുണ്ടകളായിരുന്നു അക്രമി തന്റെ എതിരാളികള്‍ക്ക് നേരെ ഉതിര്‍ത്തത്. അതിലൊന്ന് ഉന്നം തെറ്റി ഈ കുരുന്നിന്റെ ശിരസ്സിലേല്‍ക്കുകയായിരുന്നു.
സംഭവം നടന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അക്രമിയെ പിടികൂടാനായിട്ടില്ല എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്. അക്രമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് 15,000 പൗണ്ടിന്റെ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ജീവിതത്തിലെ പ്രതീക്ഷകളെ അപ്പാടെ തകര്‍ത്തു കളഞ്ഞ ഈ ആകസ്മിക ദുരന്തത്തെ കുറിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഐ ടിവിയോട് സംസാരിച്ചു. തങ്ങളുടെ ജീവിതം താറുമാറായി എന്നും അതിനി ഒരിക്കലും പഴയനിലയിലാക്കാന്‍ കഴിയില്ല എന്നുമായിരുന്നു കുട്ടിയുടെ പിതാവ് പറഞ്ഞത്.
ഒരിക്കല്‍ വളരെ ഊര്‍ജ്ജസ്വലയായിരുന്നു മകള്‍ ഒരുകാലത്ത് കോയര്‍, ജിംനാസ്റ്റിക്‌സ്, ഫെന്‍സിംഗ്, നീന്തല്‍ തുടങ്ങിയവയില്‍ സജീവമായിരുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍, ഇപ്പോള്‍ നടക്കുവാനോ സംസാരിക്കുവാനോ കഴിയാത്ത അവസ്ഥയിലാണ് ഈ കുരുന്നെന്നും അവര്‍ പറഞ്ഞു. പെട്ടെന്ന് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടെന്നും റെസ്റ്റോറന്റില്‍ ഉണ്ടായിരുന്നവര്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു എന്നും കുട്ടിയുടെ അമ്മ പറഞ്ഞു. തങ്ങളും ഒളിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു മകള്‍ക്ക് വെടിയേറ്റതെന്നും അവര്‍ പറഞ്ഞു.
ഈ കുടുംബം ഇരുന്നിരുന്ന മേശയുടെ തൊട്ടടുത്ത മേശയില്‍ ഇരുന്നിരുന്ന മൂന്ന് പേരായിരുന്നു ഇരയുടെ ലക്ഷ്യം എന്നാണ് കരുതപ്പെടുന്നത്. കുപ്രസിദ്ധമായ ഹാക്ക്‌നി ടര്‍ക്കിഷ് ഗ്യാംഗുമായി ബന്ധമുള്ളവരാണിവര്‍. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ഇവരെ റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഏറെ നാളുകളായി പെണ്‍കുട്ടിയും ഇന്റന്‍സീവ് കെയറില്‍ ചികിത്സയിലായിരുന്നു. ആക്രമത്തിന്റെ ആസൂത്രകരില്‍ ഒരാളും, ഒരു ഡ്രൈവറും ഇതുമായി ബന്ധപ്പെട്ട് പിടിയിലായെങ്കിലും വെടിയുതിര്‍ത്ത വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
